kannur local

ഒപിയില്‍ ഡോക്ടര്‍ വൈകിയെത്തുന്നത് പതിവായി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ ബഹളംവച്ചു

തലശ്ശേരി: മലബാറിലെ ഏറ്റവും വലിയ ജനറല്‍ ആശുപത്രിയായ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് ഡോക്ടര്‍മാര്‍ ഒപിയില്‍ വൈകിയെത്തുന്നത് പതിവായി. ഇന്നലെ ടോക്കണ്‍ സ്വീകരിച്ച് ഏറെനേരം വരിയില്‍ നിന്ന രണ്ടു സ്ത്രീകള്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് ഒപി പരിസരത്ത് രോഗികള്‍ ബഹളംവയ്ക്കുകയും ജീവനക്കാരുമായി വാക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
അതിരാവിലെ തന്നെ വിദൂരസ്ഥലങ്ങളില്‍നിന്ന് നിരവധി പേരാണ് ചികില്‍സ തേടി ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. എട്ടോടെ ടോക്കണ്‍ വിതരണം ആരംഭിക്കും. 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് ഒപിയില്‍ ഡോക്ടര്‍മാരുടെ പരിശോധനാ സമയം. എന്നാല്‍, ഡോക്ടര്‍ കൃത്യസമയത്ത് എത്താതെ ഓഫിസിലിരുന്ന് നേരംപോക്കുകയാണ്. ജനറല്‍ മെഡിസിന്‍, എല്ലുരോഗം, ഇഎന്‍ടി, ഗൈനക്കോളജി, ശിശുരോഗം, നേത്രരോഗം. നെഞ്ചുരോഗം, സര്‍ജറി വിഭാഗങ്ങളിലായി അറുപതോളം ഡോക്ടര്‍മാരാണ് ജനറല്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നത്. വ്യത്യസ്ത മെഡിസിന്‍ വിഭാഗങ്ങളിലായി ശസ്ത്രക്രിയ നടക്കുന്ന ദിവസങ്ങളില്‍ ഒപിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. പരാതി ഉന്നയിച്ചാല്‍ ആശുപത്രി സൂപ്രണ്ടോ, വികസന സമിതിയോ വേണ്ടവിധം ഗൗനിക്കാറില്ല. കുറിച്ചുനല്‍കുന്ന മരുന്നുകള്‍ ആശുപത്രി ഫാര്‍മസിയില്‍ ലഭ്യമില്ല. ഡോക്ടര്‍മാര്‍ പറയുന്ന മെഡിക്കല്‍ സ്‌റ്റോറുകളില്‍ മാത്രമേ ലഭിക്കുകയുള്ളൂ.
Next Story

RELATED STORIES

Share it