Flash News

ഒന്നാമനായി റോജര്‍ ഫെഡറര്‍; റെക്കോഡ്

ഒന്നാമനായി റോജര്‍ ഫെഡറര്‍; റെക്കോഡ്
X


റോട്ടര്‍ഡാം: ഒട്ടനവധി പരിക്കുകള്‍ റോജര്‍ ഫെഡററെന്ന ലോക ഇതിഹാസ ടെന്നിസ് താരത്തെ കീഴടക്കിയെങ്കിലും തന്റെ കരിയറിനെ ആ പരിക്കിന് വിട്ടുകൊടുക്കാതെ മുന്നേറിയ ഈ സ്വിസ് താരത്തിന്റെ അക്കൗണ്ടില്‍ പ്രായംകൂടിയ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന താരമെന്ന റെക്കോഡ്. ലോക ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും ഗംഭീര തിരിച്ചുവരവ് നടത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ 36ാം വയസിലാണ് വീണ്ടും ഒന്നാംറാങ്കിലേക്കെത്തിയത്.  റോട്ടര്‍ഡാം ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നതോടെയാണ് ഫെഡറര്‍ ഒന്നാംറാങ്ക് തിരിച്ചുപിടിച്ചത്. ക്വാര്‍ട്ടറില്‍ ഹോളണ്ട് താരം റോബിന്‍ ഹാസെയോട് 4-6 ന് ആദ്യ സെറ്റ് പിന്നിട്ട് നിന്ന ശേഷം  6-1, 6-1എന്നീ സ്‌കോറുകള്‍ക്ക് രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റുകള്‍ സ്വന്തമാക്കി സെമിയിലേക്ക് കുതിച്ചതോടെയാണ് ഫെഡററിന് അവിശ്വസനീയമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. 2003 ല്‍ അമേരിക്കയുടെ ആന്ദ്രേ അഗാസ്സി 33ാം വയസ്സില്‍ സ്വന്തമാക്കിയ ഒന്നാം സ്ഥാന നേട്ടമാണ് ഫെഡറര്‍ പഴങ്കഥയാക്കിയത്. ദീര്‍ഘനാള്‍ പരിക്കിന്റെ പിടിയിലായ ഫെഡറര്‍ 13 മാസം കൊണ്ടാണ് പുരുഷ ടെന്നിസിന്റെ അമരത്തെത്തിയതെന്നത് ലോക ടെന്നിസ് ആരാധകരെപ്പോലും ആശ്ചര്യത്തിലാഴ്ത്തുന്നു. കരിയറിന്റെ അവസാനത്തിലേക്കു കടക്കുന്ന സ്വിസ് ഇതിഹാസം ലോക ഒന്നാം റാങ്കില്‍ തിരിച്ചെത്തുമെന്ന് കഴിഞ്ഞ 13 മാസം മുമ്പ് വരെ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഒന്നാമതെത്തണമെങ്കില്‍ മൂന്നു വീതം ഗ്രാന്റ്സ്ലാമുകളും മാസ്‌റ്റേഴ്‌സ് കിരീടങ്ങളും ഫെഡറര്‍ക്കു വേണമായിരുന്നു.പക്ഷെ അസാധ്യമായി ഒന്നുമില്ലെന്ന് അദ്ദേഹം തെളിയിച്ചു. ഇവയെല്ലാം സ്വന്തമാക്കി ടെന്നിസ് ലോകത്തെ വിസ്മയിപ്പിച്ചാണ് ഫെഡറര്‍ ഒരിക്കല്‍ക്കൂടി ഒന്നാം റാങ്കുകാരനായത്. ടെന്നിസ് കോര്‍ട്ടിലെ തന്റെ പ്രധാന എതിരാളിയും കളിക്കളത്തിനു പുറത്തെ അടുത്ത സുഹൃത്തുമായ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിനെ പിന്തള്ളിയാണ് ഫെഡറര്‍ ഒന്നാം സ്ഥാനത്തെത്തിയത്. മുമ്പ് 2012ലാണ് ഫെഡറര്‍ ഒന്നാമതെത്തിയത്. താന്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത നേട്ടമാണിതെന്ന് ലോക ഒന്നാംനമ്പര്‍ പദവിയെക്കുറിച്ചു ഫെഡറര്‍ പ്രതികരിച്ചു. കഠിനാധ്വാനത്തിന്റെ വിജയമാണിത്. പരിക്ക് ഭേദമായ ശേഷമാണ് ഈ നേട്ടമെന്നത് ആഹ്ലാദം വര്‍ധിപ്പിക്കുന്നു. മല്‍സരരംഗത്തേക്കു തിരിച്ചെത്തുമ്പോള്‍ ഒന്നാം റാങ്കിലെത്തുകയെന്ന ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം മനസ്സ് തുറന്നു. ഫെഡറര്‍ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ലോകത്തിലെ കായിക താരങ്ങള്‍ അദ്ദേഹത്തിന് അഭിനന്ദനപ്രവാഹങ്ങള്‍ ചൊരിഞ്ഞു. ആഴ്‌സനല്‍ സ്‌ട്രൈക്കര്‍ മെസ്യൂട്ട് ഓസിലും ഇതില്‍പ്പെടുന്നു.
Next Story

RELATED STORIES

Share it