Flash News

ഒടുവില്‍ ബിജെപി; സംസ്ഥാനം കുതിരക്കച്ചവടത്തിലേക്ക്

പി  സി  അബ്ദുല്ല
ബംഗളൂരു: കേവലഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്-ജെഡിയു സഖ്യത്തെ അവഗണിച്ച് കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചു. ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള  മന്ത്രിസഭ ഇന്നു രാവിലെ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേല്‍ക്കും. എന്നാല്‍, രാത്രി വൈകിയും ഇതുസംബന്ധിച്ച രാജ്ഭവന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നില്ല. യെദ്യൂരപ്പ രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വിറ്റര്‍ സന്ദേശം രാത്രി പത്തുമണിയോടെ ബിജെപി വക്താവ് പിന്‍വലിച്ചതും നാടകീയതയ്ക്ക് ആക്കം കൂട്ടി.
മുന്‍ ആര്‍എസ്എസുകാരനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അനുമതി നല്‍കിയ വാര്‍ത്ത രാത്രി ഒമ്പതോടെയാണ് പുറത്തുവന്നത്. 15 ദിവസത്തിനകം സിദ്ധരാമയ്യ ഭൂരിപക്ഷം തെളിയിക്കണം. നിലവില്‍ 222 അംഗ സഭയില്‍ ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ ബിജെപിക്ക് 105 പേരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം തികയ്ക്കാന്‍ ഇനിയും 7 പേര്‍ കൂടി വേണം.
അതേസമയം, ഗവര്‍ണറുടെ നടപടി രാജ്യത്ത് വലിയ വിവാദത്തിനു തിരികൊളുത്തും. നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്  സുപ്രിംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി രാത്രി തന്നെ ചീഫ് ജസ്റ്റിസിനെ നേരിട്ടുകണ്ട് ഗവര്‍ണറുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.
ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിച്ചത്. ഗോവയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഉത്തരവിനും കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമായാണ് ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. 100 കോടി രൂപ ബിജെപി കോഴയായി വാഗ്ദാനം ചെയ്തുവെന്ന് അമരഗൗഡ  എംഎല്‍എ പരസ്യമായി ആരോപിച്ച സാഹചര്യത്തില്‍ ബിജെപിയുടെ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്ന ആക്ഷേപവും ശക്തമാണ്.
104 അംഗങ്ങള്‍ മാത്രമുള്ള ബിജെപിക്കു വേണ്ടി യെദ്യൂരപ്പ രാവിലെ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ആവര്‍ത്തിച്ചതോടെ കര്‍ണാടക രാഷ്ട്രീയം കുതിരക്കച്ചവടത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ നേര്‍ചിത്രങ്ങള്‍ പുറത്തുവന്നു. ജെഡിഎസ് എംഎല്‍എമാര്‍ക്ക് ബിജെപി 100 കോടിയും ഉന്നത പദവികളും വാഗ്ദാനം ചെയ്തതായ ആരോപണങ്ങളും പിന്നാലെ  വന്നു. ഇതിനിടെ, ചൊവ്വാഴ്ച കോണ്‍ഗ്രസ്സിനൊപ്പം നിന്ന ഒരു സ്വതന്ത്രന്‍ ഇന്നലെ രാവിലെ ബിജെപി പാളയത്തിലെത്തിയതും നാലു കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാവിലെ കെപിസിസി ആസ്ഥാനത്ത് യോഗത്തിനെത്താതിരുന്നതും ബിജെപിയുടെ കുതിരക്കച്ചവടത്തിന്റെ തെളിവുകളായി ചര്‍ച്ച ചെയ്യപ്പെട്ടു.
117 അംഗങ്ങളുടെ പിന്തുണ രേഖാമൂലം അറിയിച്ചാണ് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. ആവശ്യമെങ്കില്‍ 117 പേരെയും രാജ്ഭവനിലെത്തിക്കാമെന്ന് അറിയിച്ചെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. എംഎല്‍എമാരെ രാജ്ഭവനില്‍ കടക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധവും ഉയര്‍ന്നു. കോണ്‍ഗ്രസ് എംഎല്‍എമാരെ രാത്രിയോടെ നഗരത്തിന് പുറത്തെ റിസോര്‍ട്ടിലേക്ക് മാറ്റി. അതേസമയം, കോടികളെറിഞ്ഞ് എംഎല്‍എമാരെ വശത്താക്കാനുള്ള ബിജെപി നീക്കം പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസും ജെഡിഎസും മികവുകാട്ടി.
Next Story

RELATED STORIES

Share it