malappuram local

ഒടുവില്‍ കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്പീക്കറെത്തി

പൊന്നാനി: ഒടുവില്‍ കടലാക്രമണ ബാധിതരുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ സ്പീക്കറെത്തി. രാവിലെയാണ് പൊന്നാനി എംഎല്‍എയായ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കടലോരമേഖലയില്‍ സന്ദര്‍ശനം നടത്തിയത്. സ്പീക്കര്‍ സ്ഥലം സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വരികയും സ്പീക്കറുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ നാശനഷ്ടമുണ്ടായ പൊന്നാനിയിലെ തീരദേശ മേഖലയിലാണ് സ്പീക്കര്‍ സന്ദര്‍ശനം നടത്തിയത്. കടലാക്രമണം രൂക്ഷമായ പൊന്നാനി അഴീക്കല്‍, മുറിഞ്ഞഴി, എംഇഎസിന് പിറകുവശം എന്നിവിടങ്ങളില്‍ സ്പീക്കര്‍ സന്ദര്‍ശിച്ചു. രാവിലെ ഏഴരയോടെ തീരദേശത്തെത്തിയ അദ്ദേഹം കടലോര വാസികളുടെ ദുരിതം കേട്ടറിഞ്ഞു. അപ്രതീക്ഷിതമായുണ്ടായ കടലാക്രമണത്തില്‍ ഭവന രഹിതരായവര്‍ സ്പീക്കര്‍ക്ക് മുന്നില്‍ തങ്ങളുടെ ദുരിതങ്ങളുടെ കെട്ടഴിച്ചു. സ്ഥിരം പുനരധിവാസ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതായി സ്പീക്കര്‍ പറഞ്ഞു. കടല്‍ഭിത്തിയുടെ അപര്യാപ്തയെ കുറിച്ചും തീരദേശവാസികള്‍ സ്പീക്കറോട് വിശദീകരിച്ചു. കോയമ്പത്തൂരില്‍ ചികില്‍സയിലായതിനാലാണ് മണ്ഡലത്തിലെ ദുരിതബാധിത പ്രദേശങ്ങളില്‍ എത്താന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വൈകിയത്. എന്നാല്‍, നവ മാധ്യമങ്ങള്‍ വഴി സ്പീക്കര്‍ കടലാക്രമണ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ലെന്ന ആരോപണത്തിന് ജനങ്ങള്‍ ഇക്കാര്യം മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് സ്പീക്കര്‍ ഉത്തരം നല്‍കിയത്. സ്പീക്കറോടൊപ്പം പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ്കുഞ്ഞി, മല്‍സ്യത്തൊഴിലാളി നേതാക്കളായ കെ എ റഹീം, ബാബു പൂളക്കല്‍, യു കെ അബൂബക്കര്‍ എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it