Flash News

ഒഎന്‍വിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്

ഒഎന്‍വിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്
X
ONV

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വി കുറുപ്പിന്റെ വേര്‍പാടിന് ഇന്ന് ഒരു വയസ്സ്. സാഹിത്യവും രാഷ്ട്രീയവും ഒപ്പത്തിനൊപ്പം കൊണ്ടുപോയ പ്രിയ കവിയുടെ ഈരടികള്‍ മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിക്കാത്ത ദിനങ്ങളില്ല. നികത്താനാവാത്തതാണ് ആ വേര്‍പാടെന്ന്് കവിതകളെയും പാട്ടിനെയും സ്‌നേഹിക്കുന്നവര്‍ അറിയാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. ചങ്ങമ്പുഴക്കും പി കുഞ്ഞിരാമന്‍ നായര്‍ക്കും ശേഷം മലയാണ്മയുടെ അനുഭവങ്ങളെ പാടിപ്പൊലിപ്പിച്ച പ്രിയ കവി 1931 മെയ് 27ന് കൊല്ലം ചവറയിലായിരുന്നു ജനിച്ചത്. കവി ഭാഷയുടെയും പ്രകൃതിയുടെയും സൗന്ദര്യാനുഭവത്തെ ആവാഹിച്ച കവിയെത്തേടി ജ്ഞാനപീഠം അടക്കമുള്ള സാഹിത്യ പുരസ്‌കാരങ്ങള്‍ എത്തി. പൊരുതുന്നവരുടെ ജീവിതപക്ഷത്ത് എന്നും നിലയുറപ്പിച്ചായിരുന്നു ഒഎന്‍വിയുടെ കവിതാ മുന്നേറ്റം. ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം അടക്കം 40ലേറെ കവിതാസമാഹാരങ്ങളും എണ്ണിയാല്‍തീരാത്ത ചലച്ചിത്രഗാനങ്ങളും അടക്കം മലയാളികള്‍ക്ക് നിരവധി കാവ്യ ഓര്‍മകള്‍ ബാക്കിവച്ച് കടന്നുപോയ ആ മഹാത്മാവിന് പ്രത്യേകമൊരു അനുസ്മരണം ഒരുക്കേണ്ട ആവശ്യമില്ല മലയാളിക്ക്. എന്നും അദ്ദേഹം നമ്മോടൊപ്പമുണ്ട്. വിവിധവും വിപുലവുമായ ആ അക്ഷര സപര്യക്ക് കിട്ടിയ പുരസ്‌കാരങ്ങളുമേറെയാണ്. ജ്ഞാനപീഠം എന്ന പരമപീഠ പുരസ്‌കാരത്തിനൊപ്പം കേന്ദ്രസര്‍ക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികളും ഒഎന്‍വിക്ക് ലഭിച്ചിട്ടുണ്ട്.ആറു പതിറ്റാണ്ടോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ കാവ്യജീവിതം ഏറെ സമ്പന്നമായിരുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ കവിതാരചന ആരംഭിച്ച ഒഎന്‍വി ആദ്യ കവിതയായ ‘മുന്നോട്ട്’ എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് പുറത്തിറങ്ങിയ ആദ്യ കവിതാസമാഹാരം. ഇന്ന് പ്രിയകവിയുടെ വേര്‍പാട് ദിനം ഓര്‍മിപ്പിച്ച് എസ്എന്‍സി സൗഹൃദവേദിയുടെ നേതൃത്വത്തിലും മാനവീയം തെരുവു പുസ്തകോല്‍സവത്തില്‍ നഗരസഭയുടെ നേതൃത്വത്തിലും അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it