ഐഡിബിഐ ബാങ്കില്‍ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 51 ശതമാനമാക്കും

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കില്‍ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 51 ശതമാനമാക്കി ഉയര്‍ത്താന്‍ ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റിയുടെ (ഐആര്‍ഡിഎ) അനുമതി. ഇന്നലെ ഹൈദരാബാദില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയതായി ഐആര്‍ഡിഎ അറിയിച്ചു. ഏഴു വര്‍ഷത്തിനുള്ളില്‍ ഓഹരി പങ്കാളിത്തം 15 ശതമാനമായി കുറച്ചുകൊണ്ടുവരണമെന്ന വ്യവസ്ഥയോടെയാണ് എല്‍ഐസിക്കു പൊതുമേഖലാ ബാങ്കായ ഐഡിബിഐയില്‍ ഓഹരി വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. നിലവിലെ നിയമപ്രകാരം ഇന്‍ഷുറന്‍സ് കമ്പനിക്ക് മറ്റൊരു കമ്പനിയില്‍ 15 ശതമാനത്തില്‍ കൂടുതല്‍ പങ്കാളിത്തം നേടാനാവില്ല. ഇതില്‍നിന്ന് എല്‍ഐസിക്ക് ഇളവു നല്‍കാനായാണ് ഐആര്‍ഡിഎ പ്രത്യേക ബോര്‍ഡ് യോഗം ചേര്‍ന്നത്. കിട്ടാക്കടം രൂക്ഷമായതിനെത്തുടര്‍ന്ന് ബാങ്ക് പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിലെ ബാങ്കിന്റെ നഷ്ടം 5663 കോടി രൂപയാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി 27.95 ശതമാനത്തിലെത്തി. ഈ വര്‍ഷം തുടക്കത്തില്‍ 10,610 കോടി രൂപയുടെ മൂലധനം സര്‍ക്കാരില്‍ നിന്ന് ബാങ്കിനു ലഭിച്ചിരുന്നു. നിലവില്‍, 10.82 ശതമാനം ഓഹരി പങ്കാളിത്തമാണ് എല്‍ഐസിക്ക് ഐഡിബിഐ ബാങ്കിലുള്ളത്. ബാങ്കിനെ പ്രതിസന്ധിയില്‍നിന്നു കരകയറ്റുന്നതിന്റെ ഭാഗമായാണ് എല്‍ഐസിയെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. നിലവില്‍ കേന്ദ്രസര്‍ക്കാരിന് ബാങ്കില്‍ 80.96 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇടപാട് പൂര്‍ത്തിയാവുന്നതോടെ ഇത് 49 ശതമാനത്തിനു താഴെയാവും.
Next Story

RELATED STORIES

Share it