Flash News

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിഐഎ ഇടപെടലില്ല: സെന്‍കുമാര്‍

കൊല്ലം: തിരുവനന്തപുരം ഡിസിപി ആയിരുന്ന ഋഷിരാജ് സിങിനു തിരുവനന്തപുരത്ത് താമസിക്കാന്‍ നല്ലൊരു വീടോ ക്വാര്‍ട്ടേഴ്‌സോ നല്‍കിയിരുന്നെങ്കില്‍ ഐഎസ്ആര്‍ഒ ചാരക്കേസ് ഉണ്ടാകുമായിരുന്നില്ലെന്ന് മുന്‍ സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍. കൊല്ലം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന പി കെ തമ്പി അനുസ്മരണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അന്നു തിരുവനന്തപുരത്തെ നല്ല വീടുകളെല്ലാം മാലി സ്വദേശികള്‍ വാടകയ്ക്ക് എടുത്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഋഷിരാജ് സിങ് സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐ വിജയനെ ചുമതലപ്പെടുത്തി. വിജയന്റെ അന്വേഷണത്തിലാണ് മാലി സ്വദേശിയായ മറിയം റഷീദയുടെ പാസ്‌പോര്‍ട്ട് നിയമലംഘനം കണ്ടെത്തിയത്. ഇതേക്കുറിച്ചാണ് 1994ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇവരുടെ ഫോണ്‍നമ്പറുകള്‍ ശേഖരിച്ച് അന്വേഷിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അല്ലാതെ ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ സിഐഎ ഇടപെടലും ക്രയോജനിക് എന്‍ജിന്‍ വിഷയങ്ങളുമൊന്നുമില്ല. 1994ല്‍ ക്രയോജനിക്കിനെ കുറിച്ച് അറിയുന്ന ശാസ്ത്രജ്ഞര്‍ ഐഎസ്ആര്‍ഒയില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ തന്നോട് പറഞ്ഞത്. ഐഎസ്ആര്‍ഒ ചാരക്കേസ് എങ്ങനെയുണ്ടായെന്ന് ഇതുവരെ മാധ്യമങ്ങളും അന്വേഷിച്ചില്ല. കൂടുതല്‍ വിവരങ്ങള്‍ പുസ്തകം എഴുതുമ്പോള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it