ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്നു പരാതി; പോലിസ് നടപടികള്‍ അറിയിക്കണം

കൊച്ചി: നിര്‍ബന്ധിച്ചു മതം മാറ്റി വിദേശത്തേക്കു കടത്തി, രാജ്യാന്തര ഭീകര സംഘടനയാ യ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിക്കുന്ന യുവതിയുടെ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നു പോലിസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ബംഗളൂരുവില്‍ വിദ്യാഭ്യാസ കാലത്തു പരിചയപ്പെട്ട മാഹി സ്വദേശിയായ മുസ്‌ലിം യുവാവ്—നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയെന്നു ചൂണ്ടിക്കാട്ടി ഗുജറാത്തില്‍ സ്ഥിര താമസക്കാരിയായ മലയാളി യുവതി നല്‍കിയ ഹരജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. പത്തനംതിട്ട പോലിസില്‍ പരാതി നല്‍കിയെന്നും മൊഴിയെടുത്തെന്നും യുവതിയുടെ അഭിഭാഷകന്‍ അറിയിച്ച പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച നടപടി ആവശ്യപ്പെട്ടത്. ഈ മാസം 29നകം റിപോര്‍ട്ട് നല്‍കാനാണു നിര്‍ദേശം. ബംഗളൂരുവില്‍ വച്ച് മുഹമ്മദ് റിയാസ് എന്ന യുവാവുമായി അടുപ്പത്തിലായ ശേഷം അയാളുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായും ഹരജിയില്‍ പറയുന്നു. ലൈംഗികപീഡനം ചിത്രീകരിച്ച ശേഷം ഇത് കാട്ടി പിന്നീടും പല തവണ പീഡിപ്പിച്ചു. പേരു മാറ്റി വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി കര്‍ണാടക ഹെബ്ബലിലെ മാരേജ് ഓഫിസറുടെ ഒത്താശയോടെ വിവാഹം നടത്തി. ഇതിനു ശേഷം മദ്‌റസയില്‍ ചേര്‍ത്ത് മതം പരിശീലിപ്പിച്ചു. പിന്നീട് സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി തന്നെ അവിടെ ലൈംഗിക അടിമയാക്കാനും ശ്രമം നടത്തി. ഒക്‌ടോബര്‍ മൂന്നിന് സിറിയയിലേക്കു പോവാന്‍ റിയാസ് ഒരുക്കം നടത്തുന്നതിനിടെ വീട്ടുകാരുമായി ബന്ധപ്പെട്ടു രക്ഷപ്പെടുകയായിരുന്നുവെന്നാണു ഹരജിയില്‍ പറയുന്നത്.
Next Story

RELATED STORIES

Share it