Pathanamthitta local

ഏനാത്ത് പാലം-തൂണ്‍ പൊളിച്ചുമാറ്റി തുടങ്ങി



അടൂര്‍: ഏനാത്ത് പാലത്തിന്റെ ബലക്ഷയം സംഭവിച്ച രണ്ടാമത്തെ തൂണ്‍ പൊളിച്ച് മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു. തൂണിന്റെ താഴെയുള്ള ഫൗണ്ടേഷന്‍ കിണറിന്റെ ബലക്ഷയം മൂലമാണ് തൂണ്‍ പൊളിച്ച് മാറ്റേണ്ടതായി വന്നത്. ഡയമണ്ട് ചെയിന്‍ സോ കട്ടര്‍ ഉപയോഗിച്ചാണ് പൊളിച്ച് മാറ്റല്‍ നടത്തുന്നത്. തൂണ്‍ ഉറപ്പിച്ചിരുന്ന ഡക് സ്ലാബിന്റെയും ബീമുകളുടെയും ഭാരം താല്‍കാലികമായി ഉറപ്പിച്ച സ്റ്റീല്‍ തൂണ്‍ സപ്പോര്‍ട്ടിലാണ് മാറ്റിവച്ചിരിക്കുന്നത്.  ഡക്സ്ലാബിനും ബീമുകള്‍ക്കും കേടുപാടുകള്‍ വരാതേയും നിലം പതിക്കാതേയും തൂണ്‍ പൊളിച്ച് മാറ്റുന്ന പ്രവൃത്തി അതിസങ്കീര്‍ണമാണ്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സ്ഥലം സന്ദര്‍ശിച്ച മന്ത്രി ജി സുധാകരന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വളരെ ജാഗ്രതയോടെ സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എനാത്ത് പാലം തകരാന്‍ കാരണം നിര്‍മ്മാണത്തിലെ അപാകതയെന്നും പ്രതലം വേണ്ടത്ര ബലപ്പെടുത്താതെയാണ് തൂണുകള്‍ നിര്‍മിച്ചതെന്ന് പാലം നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളി വ്യക്തമാക്കിയിരുന്നു. ഉദ്ഘാടനം ചെയ്ത് പതിനെട്ട് വര്‍ഷം തികയുന്നതിനിടെയാണ് എംസി റോഡിലെ കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകര്‍ന്നത്. രണ്ടും മൂന്നും സ്പാനുകളെ താങ്ങിനിര്‍ത്തുന്ന തൂണിന്റെ ബലക്ഷയമാണ് പാലം തകരാന്‍ പ്രധാന കാരണം. പാലം തകര്‍ന്നതിനെ തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരെത്തി തൂണുകളുടെ വെള്ളത്തിനടിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീട് വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ഇവയ്്്ക്ക് ബലക്ഷയം സ്ഥിരീകരിച്ചു. തൂണിന്റെ അസ്ഥിവാരം മുതല്‍ ബലപ്പെടുത്തിയതിന് ശേഷമെ ഇനി ഗതാഗതം പുനര്‍സ്ഥാപിക്കാനാകൂ. ഇതിന് മാസങ്ങളെടുക്കുമെന്നുറപ്പ്. മഴക്കാലമെത്തുന്നതോടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനും ഏറെ സമയം എടുക്കേണ്ടി വരും.
Next Story

RELATED STORIES

Share it