Flash News

ഏതു കേന്ദ്രത്തിലും ബിജെപിയെ തറപറ്റിക്കാമെന്നു തെളിഞ്ഞു: എ സഈദ്‌

ഏതു കേന്ദ്രത്തിലും ബിജെപിയെ തറപറ്റിക്കാമെന്നു തെളിഞ്ഞു: എ സഈദ്‌
X
ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പു ഫലത്തില്‍ ജനങ്ങള്‍ക്ക് ആഹ്ലാദിക്കാനോ ആശങ്കപ്പെടാനോ വകയില്ലെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എ സഈദ്.  ഗുജറാത്ത് ബിജെപിക്കു ആശ്വസിക്കാന്‍ വകനല്‍കിയെങ്കിലും കോണ്ഗ്രസ്സിനെ നിരാശപ്പെടുത്തിയില്ല. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുകയും ഹിമാചല്‍പ്രദേശ് പിടിച്ചെടുക്കുകയും ചെയ്ത ബിജെപിയുടെ വിജയം സാങ്കേതികം മാത്രമാണ്. കിണഞ്ഞു പരിശ്രമിച്ചിട്ടും മോദിയുടെ തട്ടകത്തിലെ വിജയം തിളക്കമുള്ളതാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നും സഈദ് പറഞ്ഞു.



മതവിരോധവും വെറുപ്പിന്റെ രാഷ്ട്രീയവും ജനങ്ങളിലുണ്ടാക്കുന്ന അരക്ഷിതാവസ്ഥയെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംബോധന ചെയ്തില്ല. മോദിസര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനത്തിലും ജനവിരുദ്ധ സാമ്പത്തിക പരിഷ്‌കരണങ്ങളിലും അടിസ്ഥാനമാറ്റം വാഗ്ദാനം ചെയ്യുന്ന നയപ്രഖ്യാപനം നടത്തുന്നതില്‍നിന്നും അവര്‍ വിട്ടുനിന്നു. ബിജെപിയുടെ അധികാരക്കസേരയ്ക്കു മുന്നില്‍ വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തെ തിരുത്താനുള്ള ഒരു സന്ദേശവും നല്‍കാന്‍ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതരശക്തി തയ്യാറായില്ലെന്നും എസ്ഡിപി ഐ അധ്യക്ഷന്‍ പറഞ്ഞു.വിരുദ്ധചേരികളുടെ വിചിത്രസംഗമമൊരുക്കുകയായിരുന്നു കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു സന്നാഹം. വ്യക്തമായ ധാരണയൊന്നുമില്ലെങ്കിലും മുസ്‌ലിംകളും കോണ്‍ഗ്രസ്സിനെ പിന്തുണച്ചു. മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും എന്നുമെന്നപോലെ ആശകളും ആശാഭംഗങ്ങളും തന്നെയാണ് ബാക്കിയായതെന്ന് ഡല്‍ഹിയില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ സഈദ് ചൂണ്ടിക്കാട്ടി. അധികാരത്തിലെത്താനും അതു നിലനിര്‍ത്താനും വെറുപ്പിന്റെ രാഷ്ട്രീയം തന്നെയാണ് ബിജെപിക്ക് ആയുധം. വളരെ ശക്തമായ അധികാര കേന്ദ്രീകരണമാണ് ബിജെപി ഉണ്ടാക്കിയെടുത്തിട്ടുള്ളത്.  പ്രധാനമന്ത്രി നരേന്ദ്രമോദി എന്നല്ലാത്ത മറ്റൊരു വാക്കോ ലക്ഷ്യമോ സന്ദേശമോ അവര്‍ക്ക് ഉയര്‍ത്തുവാനില്ല. ജനപിന്തുണ ഇല്ലെങ്കിലും കോര്‍പറേറ്റ് ഹിന്ദുത്വ സൈനിക പിന്തുണയോടെ വന്‍ശക്തിയായി മാറിയിരിക്കുകയാണ് ബിജെപി. ഒരു നൂറ്റാണ്ടോളം കാത്തിരുന്നുകിട്ടിയ അധികാരം പെട്ടെന്നൊന്നും കൈവിടാന്‍ അവര്‍ തയ്യാറാവില്ല. അധികാരത്തില്‍ നിലനില്‍ക്കുന്നതിന് എന്തുവഴിയും അവര്‍ സ്വീകരിച്ചുകൂടായ്കയില്ല. അങ്ങനെയൊരു സ്ഥിതിവിശേഷം നേരിടാനുള്ള കെല്‍പ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിനുണ്ടോ എന്നതാണ് നമ്മുടെ മുന്നിലുയരുന്ന ചോദ്യമെന്നും സഈദ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it