ernakulam local

ഏക്കര്‍ കണക്കിന് കൃഷി വെള്ളകെട്ട് മൂലം നശിക്കുന്നു

മൂവാറ്റുപുഴ: മാറാടി ഗ്രാമപ്പഞ്ചായത്തിലെ മറ്റപ്പാടത്ത് ഏക്കര്‍ കണക്കിന് കൃഷി വെള്ളകെട്ട് മൂലം നശിക്കുന്നു. കായനാട് മറ്റപ്പാടം ഭാഗം പണ്ടുകാലത്ത് പാടങ്ങള്‍ കൊണ്ട് നിറഞ്ഞ പ്രദേശമായിരുന്നു.
പില്‍കാലത്ത് നെല്‍കൃഷി മാറ്റി കര്‍ഷകര്‍ കപ്പ, കന്നാര, വാഴ കൃഷിയും, റബര്‍, തെങ്ങ്, ജാതി തുടങ്ങിയവയിലേക്കു മാറുകയായിരുന്നു. തോടുകള്‍ കൈയേറുകയും നികത്തി റോഡുകളാക്കുകയും ചെയ്തതോടെ വെള്ളം ഒഴുകിപ്പോവാന്‍ സ്ഥലമില്ലാതായി. ഇതുമൂലം വെള്ളക്കെട്ട് രൂപം കൊണ്ടു. ഇപ്പോള്‍ അമ്പതേക്കറോളം കൃഷിഭൂമി വെള്ളക്കെട്ടിലാണ്. ഇവിടെ നിന്നും വെള്ളം പുഴയിലേക്കൊഴുകിയ ഏകതോട് മണ്ണിടിഞ്ഞും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വന്നടിഞ്ഞ് നികന്നു പോയതാണ് വെള്ളമൊഴുക്കിന് തടസ്സമായി.
ഇതുമൂലം മുണ്ടിയേത്തില്‍ ബൈജു, പോത്തനാം കണ്ടത്തില്‍ ഹര്‍ഷാദ്, കുറ്റി തോട്ടത്തില്‍ ഏലിയാസ്, ജോഷി, എരണ്ടോളില്‍ സുരേന്ദ്രന്‍ നായര്‍, തുണ്ടത്തില്‍ സത്യവൃതന്‍, കോതേക്കല്‍ ജോര്‍ജ് തുടങ്ങി ഒട്ടേറെ കര്‍ഷകരുടെ സ്വപ്‌നങ്ങളാണ് ഈ വെള്ളക്കെട്ടുകൊണ്ട് ഇല്ലാതായത്. ആയിരക്കണക്ക് ഏത്തവാഴകളും, കപ്പ, ജാതി, റബര്‍ എന്നിവ വെള്ളത്തിനടിയിലാണ്. റബര്‍ വിലയിടിവിനെ മറികടക്കാന്‍ റബര്‍ കൃഷി മാറ്റി കോഴിഫാം തുടങ്ങിയവര്‍ക്ക് ഈ വെള്ളക്കെട്ട് തിരിച്ചടിയായിരിക്കുകയാണ്.
കര്‍ഷക ദുരിതം നേരില്‍ കാണുന്നതിനായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഒ സി ഏലിയാസ്, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും തൊഴിലുറപ്പുമായി ബന്ധപ്പെടുത്തിയും നാട്ടുകാരുടെ സഹകരണത്തോടെ തോട് ആഴം കൂട്ടി വെള്ളക്കെട്ട് പുഴയിലേക്കു ഒഴുക്കുവാനുമുള്ള ശ്രമത്തിലാണ്.
Next Story

RELATED STORIES

Share it