Azhchavattam

ഏകാകിയുടെ പ്രവചനങ്ങള്‍

ഏകാകിയുടെ പ്രവചനങ്ങള്‍
X
Svetlana-Alexievich-

വായന/ ഡോ. മുഞ്ഞിനാട്  പത്മകുമാര്‍
'ഞാന്‍ ചരിത്രത്തെ നോക്കിയല്ല എഴുതുന്നത്. ചരിത്രം വഞ്ചിച്ച മനുഷ്യരെക്കുറിച്ചാണ്'- സ്വെത്‌ലാന.

അഡോണിസിന്റെ പേര് ഇക്കുറിയും നൊബേല്‍ പട്ടികയില്‍ ഉണ്ടാവുകയും ലോകത്തെമ്പാടുമുള്ള വായനക്കാര്‍ അതുറപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചതുപോലെ കടുത്ത നിരാശയിലേക്ക് വായനക്കാരുടെ പ്രവചനം കൂപ്പുകുത്തുകയാണ് ചെയ്തത്. നൊബേല്‍ പൊളിറ്റിക്‌സിന്റെ അട്ടിമറി അതാണ് കാട്ടിത്തരുന്നത്. ഒരു കാര്യത്തില്‍ വായനക്കാര്‍ക്ക് ആശ്വസിക്കാം. ഇക്കുറി നൊബേല്‍ സമ്മാനം ലഭിച്ച സ്വെത്‌ലാന അലക്‌സിവിച്ച് അഡോണിസിനെ പോലെ വായനസമൂഹത്തിന് അത്രയൊന്നും പരിചയമില്ലെങ്കിലും സ്വെത്‌ലാനയുടെ എഴുത്തുജീവിതവും അന്വേഷണാത്മക പത്രപ്രവര്‍ത്തനങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്രപരമായ സാംസ്‌കാരിക ദൗത്യം വിലമതിക്കപ്പെട്ടതു തന്നെയാണ്.

ബഹുസ്വരതയാര്‍ന്ന രചനകളാണ് സ്വെത്‌ലാന അലക്‌സിവിച്ചിന്റേത്. സോവിയറ്റ് കാലത്തെ റഷ്യന്‍ സാമൂഹിക          ജീവിതത്തിന്റെ ദുരന്താനുഭവങ്ങള്‍ അ       വതരിപ്പിക്കുന്നതിനോടൊപ്പം തികച്ചും വ്യക്തിപരം എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള രചനകളും സ്വെത്‌ലാനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. റഷ്യന്‍ ഭരണാധികാരികള്‍ പലപ്പോഴായി ചരിത്രത്തില്‍നിന്ന് ഒളിച്ചുകടത്തിയ സത്യങ്ങള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി വെളിപ്പെടുത്തിക്കൊണ്ട് വന്നതിന് സ്വെത്‌ലാനയ്ക്ക് ആദ്യം ലഭിച്ച ബഹുമതി ഭരണകൂടത്തിന്റെ കടുത്ത എതിര്‍പ്പും ബലാറൂസിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ പീഡനവുമായിരുന്നു. വളരെ കാലം സ്വെത്‌ലാനയ്ക്ക് പൊതുസദസ്സുകളില്‍ പ്രവേശനമില്ലായിരുന്നു. പുസ്തകങ്ങള്‍ക്ക് ജന്മനാട്ടിലും റഷ്യയിലും വിലക്കുണ്ടായതോടെ, 2000ത്തില്‍ ഏകാധിപതിയായ പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂഷാ ഷെങ്കോയുമായുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ബലാറൂസ് വിട്ട് ജര്‍മനിയിലേക്കും പിന്നീട് ഇറ്റലിയിലേക്കും ഫ്രാന്‍സിലേക്കും സ്വെത്‌ലാനയ്ക്കു പോവേണ്ടി വന്നു. പ്രവാസജീവിതത്തിനിടയിലും സ്വെത്‌ലാന എഴുതിക്കൊണ്ടേയിരുന്നു. 'ഒരര്‍ഥത്തില്‍ പ്രവാസം അലച്ചില്‍ തന്നെയെങ്കിലും ഉണങ്ങാത്ത മുറിവുകളുമായുള്ള യാത്രകള്‍ ആനന്ദകരമായിരുന്നു.' എന്നാണ് 'ഓള്‍വേയ്‌സ് എ വുമണ്‍' എന്ന കൃതിയില്‍ സ്വെത്‌ലാന പില്‍ക്കാലത്ത് എഴുതിയത്.

സോവിയറ്റ് യൂനിയന്റെ പതനത്തില്‍ നിന്നാണ് സ്വെത്‌ലാനയുടെ മിക്ക കൃതികളും സമാരംഭിക്കുന്നത്. മുഖ്യപ്രമേയമായി ഇത്തരമൊരു ചരിത്രപ്രതിസന്ധി അവതരിപ്പിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്. സ്വെത്‌ലാനയുടെ മിക്ക രചനകളിലും ഒരു ജനക്കൂട്ടമുണ്ടാവും. അവരാവട്ടെ, ഒരു രാജ്യം നേരിട്ട മഹാപതനത്തില്‍നിന്ന് രക്ഷപ്പെടാനാവാത്ത വിധം കുടുങ്ങിപ്പോയ ജനക്കൂട്ടമാണ്. അവരുടെ പ്രതീതിയാണ് സ്വെത്‌ലാന. യുദ്ധവും അതിനെത്തുടര്‍ന്നുണ്ടാവുന്ന ദുരന്താനുഭവങ്ങളും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ജനക്കൂട്ടത്തിന് നടുവില്‍ നിന്നുകൊണ്ട് എഴുത്തുകാരി ചില സത്യങ്ങള്‍ തുറന്നുപറയുന്നു. അവരുടെ ശബ്ദം വളരെ വ്യക്തമായി നമുക്ക് കേള്‍ക്കാം.

അവര്‍ ആക്രോശിക്കുകയാണ്. സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി കലഹിക്കുകയാണ്. പ്രതിഷേധത്തിന്റെ ഈ സ്വരത്തെ മാനിക്കുന്നുവെന്നാണ് സ്വെത്‌ലാനയ്ക്ക് നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി പറഞ്ഞത്. 1985ലാണ് സ്വെത്‌ലാനയുടെ ആദ്യ കൃതി 'വാര്‍സ് അണ്‍വുമണ്‍ലി ഫേസ്' പ്രസിദ്ധീകരിക്കുന്നത്. രണ്ടാംലോക യുദ്ധത്തില്‍ പങ്കെടുത്ത വനിതാ സൈനികരുടെയും ഡോക്ടര്‍മാരുടെയും ദുരനുഭവങ്ങളുടെ നേര്‍ ചിത്രമാണ് സ്വെത്‌ലാന അതില്‍ പകര്‍ത്തിവച്ചത്. പീഡനത്തിനും സഹനത്തിനുമിടയില്‍ ഒറ്റപ്പെട്ടു പോയ സ്ത്രീത്വത്തിന്റെ ഭിന്നമുഖങ്ങള്‍ ഈ കൃതിയില്‍ സ്വെത്‌ലാന അവതരിപ്പിക്കുന്നു. സ്വെത്‌ലാനയുടെ തുറന്നെഴുത്ത് ആദ്യം മുതലെ ഭരണകൂടത്തെ വെറളി പിടിപ്പിച്ചിരുന്നു. ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങളെ അവര്‍ ഒറ്റയ്ക്കാണ് നേരിട്ടത്. ബലാറൂസില്‍ ആദ്യം അത് നിരോധിക്കപ്പെട്ടു. 1985ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പരിഷ്‌കരണം വന്ന കാലത്താണ് അത് പ്രസിദ്ധീകരിച്ചത്. 1993ല്‍ പ്രസിദ്ധീകരിച്ച 'എന്‍ ചാന്റഡ് വിത്ത് ഡെത്ത്' വായനസമൂഹത്തിലെത്തിയതോടെ സ്വെത്‌ലാനയ്ക്കു നേരെയുള്ള എതിര്‍പ്പ് രൂക്ഷമായി. സോവിയറ്റ് യൂനിയന്റെ പതനത്തോടെ പ്രതീക്ഷയും അഭയവും വഴിയും നഷ്ടപ്പെട്ടവരുടെ കൂട്ട ആത്മഹത്യയാണ് കൃതിയിലെ മുഖ്യ പ്രമേയം. 'ചില ചരിത്ര സത്യങ്ങള്‍ ചോര്‍ന്നുപോവാതെ അതേ ശബ്ദത്തില്‍ അതേ വേദനയില്‍ പകര്‍ത്തിവയ്ക്കുന്നു.' എന്നാണ് ഭരണകൂടത്തിനു നേരെ നിന്നുകൊണ്ട് സ്വെത്‌ലാന വിളിച്ചുപറഞ്ഞത്.

ചെര്‍ണോബില്‍ നിന്നുള്ള ശബ്ദങ്ങള്‍2005ല്‍ പ്രസിദ്ധീകരിച്ച 'വോയ്‌സ് ഫ്രം ചെര്‍ണോബില്‍' എന്ന കൃതിയാണ് സ്വെത്‌ലാനയെ ആഗോള പ്രശസ്തയാക്കിയത്. 1986 ഏപ്രില്‍ 26ന് മാനവരാശിയെ നടുക്കിയ ചെര്‍ണോബ് ആണവദുരന്തമാണ് കൃതിയുടെ പശ്ചാത്തലം. ദുരന്തത്തിന്  ഇരയായവരെയും രക്ഷാപ്രവര്‍ത്തനം     ന ടത്തിയ അഗ്നിശമനസേനാംഗങ്ങളേയും നേരിട്ടുകണ്ട് പത്തു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ രചനയാണിത്. ഇരയും വേട്ടക്കാരും നേര്‍ക്കുനേര്‍ കണ്ടുമുട്ടുന്ന അനവധി സന്ദര്‍ഭങ്ങള്‍ ഈ കൃതിയിലുടനീളമുണ്ട്. അതുകൊണ്ടു തന്നെ പുടിന്‍ ഉള്‍പ്പെടെയുള്ള അധികാരവര്‍ഗത്തിന്റെ നോട്ടപ്പുള്ളിയായി സ്വെത്‌ലാന മാറി. പക്ഷേ, അതൊന്നും സ്വെത്‌ലാനയെ തളര്‍ത്തിയില്ല. അവര്‍ അന്വേഷണങ്ങളുമായി മുന്നോട്ടു പോയി. അതോടെ രാജ്യത്തിന്നകത്തും പുറത്തും നിന്ന് വിവാദങ്ങള്‍ ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങി. 1986ല്‍ അടച്ചുവച്ച അസത്യങ്ങളുടെ പുസ്തകം സ്വെത്‌ലാനയുടെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് വീണ്ടും തുറക്കപ്പെട്ടു. അത് ചരിത്രത്തിലെ പുതിയ ഒരധ്യായത്തിന്റെ പിറവികൂടിയായിരുന്നു.

ദുരന്തത്തിന് ഇരയായവരും അവരുടെ ബന്ധുമിത്രാദികളും തുറന്നുപറയാന്‍ മടി കാണിച്ചവരും ആരെയൊക്കെയോ ഭയപ്പെടുന്നു എന്നും സ്വെത്‌ലാന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഭയാശങ്കകള്‍ വിട്ട് പുറത്തു വരാന്‍ ഇനിയും സമയമെടുക്കും. അതുവരെ ചരിത്രത്തിനും കാലത്തിനും ഈ തെരുവില്‍ കാത്തുനില്‍ക്കേണ്ടി വരും എന്നാണ് രചനയുടെ നാള്‍ വഴികളെക്കുറിച്ച് സ്വെത്‌ലാന പറഞ്ഞത്. ഇതിനനുബന്ധമായി വായിക്കേണ്ട പുസ്തകമാണ് സ്വെത്‌ലാനയുടെ 'സിങ്കി ബോയ്‌സ.്' റഷ്യന്‍ സൈന്യത്തിന് അഫ്ഗാനിസ്താനില്‍ നേരിടേണ്ടി വന്ന പരാജയവും പിന്‍വാങ്ങലുമാണ് പ്രസ്തുത കൃതിയുടെ മുഖ്യ പ്രമേയം. ആരുടെയും കരളലിയിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ അവതരണം. ഈ രചന സ്വെത്‌ലാന നേരിട്ടുപോയി സംസാരിച്ചു തയ്യാറാക്കിയ പുസ്തകമാണ്. പ്രധാനമായും അമ്മമാരുടെ ശബ്ദമാണ് ഇതില്‍ മുഴങ്ങുന്നത്. യുദ്ധത്തെത്തുടര്‍ന്ന് ദിവസം അനവധി ശവപ്പെട്ടികള്‍ റഷ്യയിലേക്ക് വരുന്നു. ഓരോ ശവപ്പെട്ടിയും തുറന്നുനോക്കി മക്കളെ തിരയുന്ന അമ്മമാരുടെ ദാരുണ ചിത്രമാണ് കൃതിയിലുടനീളം. മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ നിലവിളിയില്‍ നിന്നാണ് 'സിങ്കി ബോയ്‌സ്' വരുന്നത്. ഇതും ചരിത്രത്തില്‍ ഇല്ലാതെ പോയ ഒരധ്യായമാണെന്നു കൂടി സ്വെത്‌ലാന കൂട്ടിച്ചേര്‍ക്കുമ്പോള്‍ നമുക്ക് ലജ്ജിച്ച് തലതാഴ്‌ത്തേണ്ടിവരുന്നു.

പുതിയ രചന'സെക്കന്‍ഡ് ഹാന്റ് ടൈം' എന്ന സ്വെത്‌ലാനയുടെ പുതിയ രചന പ്രസിദ്ധീകരണത്തിന് തയ്യാറാവുന്നതേയുള്ളൂ. അതിനിടയിലാണ് നൊബേല്‍ പുരസ്‌കാരവാര്‍ത്ത സ്വെത്‌ലാനയെ തേടിയെത്തുന്നത്. സ്വെത്‌ലാനയുടെ മുന്‍കാല രചനകളുടെ മുഖ്യപ്രമേയങ്ങളിലൊന്നായ സോവിയറ്റ് യൂനിയന്റെ പതനവും അനുബന്ധ വിഷയങ്ങളുമാണ് പ്രസ്തുത രചനയുടെ മുഖ്യ പ്രമേയം. വരുംനാളുകള്‍ കൂടുതല്‍ അസ്വസ്ഥമായിരിക്കുമെന്നും ചരിത്രത്തിന് ഇനി ഒളിച്ചിരിക്കാനാവില്ലെന്നും വിളിച്ചുപറയുന്ന സ്വെത്‌ലാനയുടെ നിലപാടുകള്‍ കാലത്തിന്റെ കെടാത്ത ജാഗ്രത കൂടിയാണ്. ി
Next Story

RELATED STORIES

Share it