ഏകജാലക സംവിധാനത്തിന് ഉന്നതതല സമിതി ശുപാര്‍ശ

ന്യൂഡല്‍ഹി: ഇരുരാജ്യങ്ങളിലുള്ള ദമ്പതികളുടെ കുട്ടികളുമായി ബന്ധപ്പെട്ട അവകാശത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഏകജാലക മാതൃകാ നിയമനിര്‍മാണത്തിനു ശുപാര്‍ശ. മാതാപിതാക്കളുടെയും കുട്ടികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഒരു മാതൃകാ നിയമനിര്‍മാണത്തിനാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജി രാജേഷ് ബിന്ദല്‍ അധ്യക്ഷനായ ഉന്നതതല സമിതി സര്‍ക്കാരിനു മുന്നില്‍ നിര്‍ദേശംവച്ചിരിക്കുന്നത്. ഇത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ആദ്യഘട്ടമെന്ന നിലയില്‍ മധ്യസ്ഥശ്രമങ്ങള്‍ക്കാണ് കമ്മിറ്റി ഊന്നല്‍ നല്‍കുന്നത്.
കൂടാതെ, സര്‍ക്കാര്‍ ഇന്റര്‍ കണ്‍ട്രി പാരന്റല്‍ ചൈല്‍ഡ് റിമൂവല്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ അതോറിറ്റി സ്ഥാപിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. ഈ അതോറിറ്റി ഭാവിയില്‍ ഒരു ഏകജാലക പരിഹാരമായി വിഭാവനം ചെയ്യാവുന്നതാണ്. ദി സിവില്‍ ആസ്‌പെക്റ്റ് ഓഫ് ഇന്റര്‍നാഷനല്‍ ചൈല്‍ഡ് അബ്ഡക്ഷന്‍ ബില്ല് 2016, ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ (ഇന്റര്‍ കണ്‍ട്രി റിമൂവല്‍ ആന്റ് റിറ്റെന്‍ഷന്‍) ബില്ല് 2016 എന്നിവയും ഉന്നതതലസമിതി കേന്ദ്രസര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
2017 മെയ് 18നാണ് ഉന്നതതല സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കിയത്. കുട്ടികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് യാന്ത്രികമായ ഒരു പ്രക്രിയയല്ല. മറിച്ച് കേസിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കി തീരുമാനമെടുക്കണം. നിര്‍ദിഷ്ട അതോറിറ്റി ഇന്ത്യക്കാരായ പ്രവാസികളുടെ മേല്‍വിലാസം, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡികള്‍ അടക്കമുള്ള വിവരങ്ങള്‍ സൂക്ഷിക്കണം.
വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ വിവാഹം, ജനനം, ദത്തെടുക്കല്‍ എന്നിവയുടെ എല്ലാ അധിക വിവരങ്ങളും അതത് സമയങ്ങളില്‍ ലഭ്യമാക്കണം. വിദേശരാജ്യങ്ങളിലുള്ള ഇന്ത്യന്‍ എംബസികള്‍ തങ്ങളുടെ പ്രവാസികള്‍ക്കിടയില്‍ ഇത്തരം വിഷയങ്ങളില്‍ വിദ്യാഭ്യാസം നല്‍കണം. കുട്ടികളുടെ അവകാശത്തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ എംബസികളും കോണ്‍സുലേറ്റുകളും തങ്ങളുടെ പൗരന്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണം.  അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളില്‍ ദമ്പതികള്‍ക്കിടയില്‍ മധ്യസ്ഥശ്രമങ്ങളാണ് ആദ്യഘട്ടത്തില്‍ നടത്തേണ്ടത്.
നിര്‍ദിഷ്ട അതോറിറ്റി ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുട്ടികളെ ഒരു വ്യാപാരചരക്കായി ചുരുക്കരുതെന്നും സത്യം മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നുമാണ് ഉന്നതതല സമിതി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍. അതോറിറ്റി നിയമസഹായം ലഭ്യമാക്കണം. കുട്ടികള്‍ക്കും അപേക്ഷകര്‍ക്കും സ്വഭാവ ഉപദേശങ്ങളും മറ്റു സഹായങ്ങളും അതോറിറ്റി ലഭ്യമാക്കണം. കുട്ടിയെ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോവുന്നതിനു മുമ്പ്, ആ രാജ്യത്തെ ശിശുക്ഷേമപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതാണെന്ന് നയതന്ത്രപരമായ മാര്‍ഗത്തിലൂടെയോ മറ്റോ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം നിര്‍ദിഷ്ട അതോറിറ്റിക്കായിരിക്കും. നിര്‍ദിഷ്ട അതോറിറ്റിയുടെ അധ്യക്ഷന്‍ സിറ്റിങ്, അല്ലെങ്കില്‍ വിരമിച്ച സുപ്രിംകോടതി, ഹൈക്കോടതി ജഡ്ജിയായിരിക്കണം തുടങ്ങിയ ശുപാര്‍ശകളാണ് ഉന്നതതല സമിതി  മന്ത്രാലയത്തിനു നല്‍കിയ റിപോര്‍ട്ടിലുള്ളത്.
Next Story

RELATED STORIES

Share it