kozhikode local

എ ബാലറാം അസമത്വങ്ങള്‍ക്കെതിരേ പോരാടി വളര്‍ന്ന നേതാവ്‌

കോഴിക്കോട്: തൊട്ടുകൂടായ്മയും ജന്‍മിത്തവും ശക്തമായിരുന്ന കാലത്ത് ഉച്ചനീചത്വങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരേ പോരാടി പൊതുപ്രവര്‍ത്തനരംഗത്തെത്തുകയും സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റിയുടെ നിര്‍വാഹക സമിതി അംഗമാവുകയും ചെയ്ത നേതാവായിരുന്നു ഇന്നലെ അന്തരിച്ച എ ബാലറാം.
കുന്ദമംഗലത്തിനടുത്ത പതിമംഗലം സ്വദേശിയായ അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ജാതി അവഗണനകള്‍ക്കെതിരേ പ്രാദേശിക കൂട്ടായ്മകള്‍ സംഘടിപ്പിച്ച് കുട്ടിക്കാലത്ത് തന്നെ ശ്രദ്ധേയനായി. 1963ല്‍ വയനാട് ജില്ലയിലെ ചുള്ളിയോട് ഗവ. വെല്‍ഫയര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ബാലറാം അധ്യാപകര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം ഇല്ലാത്ത കാലത്ത് പൊതുവേദിയില്‍ പ്രസംഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ജോലി രാജിവയ്ക്കുകയായിരുന്നു. 1957ലെ വിമോചന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ചു.
1976ല്‍ കോഴിക്കോട് ഡിസിസി നിര്‍വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഡിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നിരവധി ഐഎന്‍ടിയുസി യൂനിയനുകളുടെ ഭാരവാഹിയായിരുന്നു. 2000ല്‍ കുന്നമംഗലം ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1981 ലും 1991ലും കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചു.
2011 ല്‍ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടി. 1990ല്‍ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. കുന്ദമംഗലം പഞ്ചായത്ത് അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആര്‍ടിഎ മെംബര്‍, എസ്‌സി, എസ്ടി വികസന കോര്‍പറേഷന്‍ അംഗം, ടെലഫോണ്‍ അഡൈ്വസറി കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ ബാലാജി എന്നാണ് അദ്ദേഹത്തെ വിളിച്ചത്.
ബാലറാമിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി, കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, എം കെ രാഘവന്‍ എംപി, ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം സുരേഷ്ബാബു, കെ പി അനില്‍കുമാര്‍, എന്‍ സുബ്രഹ്മണ്യന്‍  തുടങ്ങിയവര്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it