എസ്‌സി, എസ്ടി നിയമം ദുര്‍ബലമാക്കുന്നതിനെതിരേ ബിജെപിയിലെ ദലിത് എംപിമാര്‍, കേന്ദ്രം പുനപ്പരിശോധനാ ഹരജി നല്‍കും

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുന്‍കൂര്‍ അനുമതി തേടാതെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രിംകോടതി മാര്‍ഗനിര്‍ദേശത്തിനെതിരേ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിഷയത്തില്‍ വിവിധ ദലിത് സംഘടനകളും പ്രതിപക്ഷ കക്ഷികളും ശക്തമായ നിലപാടെടുത്തിട്ടും അനങ്ങാപ്പാറ നയം തുടര്‍ന്ന മോദി സര്‍ക്കാരിന്റെ നിലപാടിനെതിരേ ബിജെപിയിലെ ദലിത് നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. ഇതോടെയാണ് നിലപാട് മാറ്റാന്‍ കേന്ദ്ര നിയമമന്ത്രാലയം നിര്‍ബന്ധിതമായത്.
കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് വിഷയത്തില്‍ ഉടന്‍ പുനപ്പരിശോധനാ ഹരജി നല്‍കുമെന്ന് മാധ്യമങ്ങളെ അറിയിച്ചത്. കേസില്‍ ഹരജി തയ്യാറാക്കാന്‍ മന്ത്രാലയത്തിന് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച പുനപ്പരിശോധനാ ഹരജി നല്‍കുമെന്ന് നിയമമന്ത്രാലയ വൃത്തങ്ങളും വ്യക്തമാക്കി. എസ്‌സി/എസ്ടി (അതിക്രമം തടയല്‍) നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ്, ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിനു താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് മാര്‍ച്ച് 20ലെ സുപ്രിംകോടതി ഉത്തരവ്.
യുപിയില്‍ നിന്നുള്ള ബിജെപി എംപിയും പാര്‍ട്ടിയിലെ ദലിത് നേതാവുമായ സാധ്വി സാവിത്രിബായ് ഫുലേ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്കു കത്തെഴുതുകയും ദേശീയ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെതിരേ ശക്തമായി രംഗത്തുവരുകയും ചെയ്തിരുന്നു. ഭരണഘടന സംരക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി ലഖ്‌നോവില്‍ ഞായറാഴ്ച ദലിതുകളുടെ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സാവിത്രി ഫുലെ വ്യക്തമാക്കിയിരുന്നു.
മോദി സര്‍ക്കാരിനു കീഴില്‍ പിന്നാക്കവിഭാഗങ്ങള്‍ക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്ന് സാവിത്രിബായ് ഫുലെ പറഞ്ഞു. സംവരണത്തെ അനുകൂലിക്കുന്ന എല്ലാ വിഭാഗക്കാരെയും അവരുടെ രാഷ്ട്രീയനിറം നോക്കാതെ അണിനിരത്തും. പാര്‍ലമെന്റിലും തെരുവിലും ഒരുപോലെ സംവരണ വിഷയം ഉന്നയിക്കും. ചിലപ്പോള്‍ സര്‍ക്കാര്‍ പറയും, തങ്ങള്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ പോവുകയാണെന്ന്; ചിലപ്പോള്‍ സംവരണം നിര്‍ത്തുമെന്നും. അംബേദ്കര്‍ എഴുതിയ ഭരണഘടന അത്ര സുരക്ഷിതമല്ലെന്നാണ് അവര്‍ പറയുന്നതെന്നും സാവിത്രി ഫുലെ പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി നല്‍കാത്തതില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ-എ) നേതാവും കേന്ദ്ര സഹമന്ത്രിയുമായ രാംദാസ് അത്താവലെയും ശക്തമായ അതൃപ്തി അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്കു കത്തയക്കുകയും ചെയ്തു. എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാനും ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സുപ്രിംകോടതി ഉത്തരവിനെതിരേ എല്‍ജെപി നേരത്തേ തന്നെ പുനപ്പരിശോധനാ ഹരജി നല്‍കിയിട്ടുണ്ട്. പുനപ്പരിശോധനാ ഹരജി നല്‍കണമെന്ന് ബിജെപി എംപി ഉദിത് രാജും ആവശ്യപ്പെട്ടിരുന്നു.
ദലിത് സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ അവരുടെ സംരക്ഷണത്തിന് കൊണ്ടുവന്ന നിയമം ദുര്‍ബലമാവുകയാണെന്നും ഈ സാഹചര്യത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെയും കണ്ടിരുന്നു.
Next Story

RELATED STORIES

Share it