എസ്‌ഐമാരെ മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചുവരുത്തും

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീവണ്ടികള്‍ താമസിച്ചപ്പോള്‍ കോഴിക്കോട്ടേക്കുള്ള യാത്ര മുടങ്ങിയ യുവതിയെയും അവരുടെ സുഹൃത്തായ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെയും മര്‍ദിച്ച നോര്‍ത്ത്, വനിതാ പോലിസ് സ്റ്റേഷനുകളിലെ എസ്‌ഐമാരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചുവരുത്തും. ജനുവരിയില്‍ കാക്കനാട് കലക്ടറേറ്റില്‍ നടക്കുന്ന സിറ്റിങില്‍ നേരിട്ട് ഹാജരാവാനാണ് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ ജഡ്ജി പി മോഹനദാസിന്റെ ഉത്തരവ്. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായ എറണാകുളം വാക്കാട് സ്വദേശി വി എം പ്രതീഷാണ് പരാതിക്കാരന്‍. സംഭവത്തെക്കുറിച്ച് ഉന്നത ഉദേ്യാഗസ്ഥന്‍ അനേ്വഷിച്ച് റിപോര്‍ട്ട് ഹാജരാക്കണമെന്നും എറണാകുളം ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതീഷിന്റെ വനിതാ സുഹൃത്തിനെ അര്‍ധരാത്രി റോഡില്‍ നിന്നു പിടികൂടിയെന്നു പറഞ്ഞാണ് നോര്‍ത്ത് പോലിസ് പ്രതീഷിനെ പുലര്‍ച്ചെ മാതൃഭൂമി ജങ്ഷനിലേക്കു വിളിച്ചുവരുത്തിയത്. മോശം പെരുമാറ്റം ചോദ്യംചെയ്തപ്പോള്‍ പോലിസുകാരനായ വിനോദ് കൃഷ്ണനും മറ്റുള്ളവരും ചേര്‍ന്ന് തന്നെ മര്‍ദിച്ചു. തടയാനെത്തിയ വനിതാ സുഹൃത്തിനെയും മര്‍ദിച്ചു. മാവോവാദിയാക്കി അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. എസ്‌ഐ വിപിന്‍ദാസ് ക്രിമിനല്‍ക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.  പ്രതീഷിന്റെ സുഹൃത്തായ ഛായാഗ്രാഹകയും പോലിസ് പീഡനത്തിനെതിരേ പരാതി നല്‍കി. എറണാകുളത്തു വച്ച് തന്നെ പുരുഷന്‍മാരായ പോലിസ് വളഞ്ഞിട്ട് ആക്രമിച്ചു. തീവണ്ടി താമസിച്ചതിനെ തുടര്‍ന്ന് അര്‍ധരാത്രി റോഡിലിറങ്ങിയതിനാണ് തന്നെ വളഞ്ഞുവച്ചതെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it