Flash News

എസ്ബിഐ വിവാദ സര്‍ക്കുലര്‍ : വ്യാപക പ്രതിഷേധം; ബാങ്കുകള്‍ക്ക് പോലിസ് സംരക്ഷണം



തിരുവനന്തപുരം: സൗജന്യ എടിഎം ഇടപാടുകള്‍ നിര്‍ത്താനുള്ള എസ്ബിഐയുടെ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ എസ്ബിഐ ബ്രാഞ്ച് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ സമരങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് ബാങ്കുകള്‍ക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം ഹൗസിങ് ബോര്‍ഡ് ജങ്ഷനിലെ എസ്ബിഐ ശാഖയിലേ—ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഓഫിസിനുള്ളിലേ—ക്ക് തള്ളിക്കയറാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പോലിസ് തടഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. എസ്ബിഐയുടെ നിലപാട് ജനദ്രോഹപരമാണെന്നും എത്രയും വേഗം റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് ചെന്നിത്തല കത്തയച്ചു. എസ്ബിഐ നീക്കം പകല്‍ക്കൊള്ളയാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കാഷ്‌ലസ് ഇക്കോണമിയുടെ പേരില്‍ പാവപ്പെട്ടവരുടെ പോക്കറ്റടിച്ച് കോര്‍പറേറ്റുകളുടെ ആസ്തി വര്‍ധിപ്പിക്കുന്നതിനുള്ള ഏജന്‍സിപ്പണിയാണ് മോദി സ്വീകരിക്കുന്നതെന്നും പന്ന്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നടപടി സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ നശിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ഗൂഢനീക്കമാണ് ഇതിന്റെ പിന്നില്‍. സിപിഐയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ഇതിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കാനം ആഹ്വാനം ചെയ്തു. നടപടി ദ്രോഹപരവും ജനങ്ങളെ കൊള്ളയടിക്കുന്നതുമാണെന്ന് കെ എം മാണി അഭിപ്രായപ്പെട്ടു. എസ്ബിഐ നടപടി പകല്‍ക്കൊള്ളയാണെന്ന് വി എം സുധീരന്‍ പറഞ്ഞു. എസ്ബിഐ തിരുത്ത് ഭാഗികം മാത്രമാണ്. സര്‍വീസ് ചാര്‍ജുകള്‍ പൂര്‍ണമായും പിന്‍വലിച്ചേ മതിയാവൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it