എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ വധം: രണ്ടു പേര്‍ക്ക് ജാമ്യം

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അനൂബ്, ഫസലു എന്നിവര്‍ക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, വീട് സ്ഥിതിചെയ്യുന്ന പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് പുറത്തുപോവരുത് എന്നിവയാണ് ഉപാധികള്‍. കൊലപാതകത്തില്‍ പങ്കെടുത്ത പ്രതികളെ സംഭവസ്ഥലത്ത് നിന്നു മാറാന്‍ സഹായിക്കുകയും ഒളിവില്‍ പാര്‍ക്കാന്‍ സഹായം ഒരുക്കുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. സമാന ആരോപണമുള്ള മറ്റു ചിലര്‍ക്ക് കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ ഇവര്‍ക്കു മാത്രം ജാമ്യം നിഷേധിക്കാനാവില്ല. ജാമ്യത്തിലിറങ്ങുന്ന പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്യുമെന്ന പ്രോസിക്യൂഷന്റെ ആശങ്ക കര്‍ശനമായ ഉപാധികള്‍ ഏര്‍പ്പെടുത്തി പരിഹരിക്കാമെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരേ മജിസ്‌ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സമര്‍പ്പിച്ച പോലിസ് റിപോര്‍ട്ടുകളില്‍ വലിയ മാറ്റങ്ങളുണ്ടെന്നും വാദം കേള്‍ക്കലിനിടെ കോടതി ചൂണ്ടിക്കാട്ടി. മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ക്കെതിരേ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ജില്ലാ കോടതിയില്‍ എത്തിയതോടെ ആരോപണത്തിന്റെ കനം കുറഞ്ഞു. ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ മുമ്പ് പറഞ്ഞത്ര ഗുരുതരമായ ആരോപണങ്ങള്‍ ഇല്ല. അന്വേഷണ ഏജന്‍സി തങ്ങളുടെ റിപോര്‍ട്ടില്‍ സ്ഥിരത പുലര്‍ത്തണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it