Articles

എസ്എഫ്‌ഐയും കാംപസ് ദൗത്യവും

എസ്എഫ്‌ഐയും കാംപസ് ദൗത്യവും
X


പി  എ  എം  ഹാരിസ്

ഹൈദരാബാദിലും ന്യൂഡല്‍ഹിയിലും മറ്റു സര്‍വകലാശാലാ കാംപസുകളില്‍ നിന്നും ഇന്ത്യയുടെ ഭാവിയെക്കുറിച്ച പ്രതീക്ഷ ജനിപ്പിക്കുന്ന പോരാട്ടങ്ങളുടെ, പ്രതികരണങ്ങളുടെ, തിരഞ്ഞെടുപ്പു വിജയങ്ങളുടെ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കേന്ദ്രത്തില്‍ ഫാഷിസ്റ്റ് ഭരണകൂടം അധികാരമേറിയശേഷം വിദ്യാര്‍ഥികള്‍ നിര്‍ഭയം നടത്തുന്ന രാഷ്ട്രീയബോധമുള്ള ചെറുത്തുനില്‍പ്പുകള്‍ മുതിര്‍ന്ന തലമുറയ്ക്കുപോലും ആവേശം പകരാന്‍ പര്യാപ്തമായവയാണ്. ജെഎന്‍യുവില്‍ കനയ്യ കുമാറും ഉമര്‍ ഖാലിദും ഹൈദരാബാദില്‍ രോഹിത് വെമുലയും മാത്രമല്ല, ജെഎന്‍യുവില്‍ ഷഹല റാഷിദ്, അലഹബാദ് യൂനിവേഴ്‌സിറ്റി യൂനിയന്‍ പ്രസിഡന്റായിരുന്ന റിച്ചാസിങ്, ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ഗുല്‍മേഹര്‍ കൗര്‍ തുടങ്ങിയ വിദ്യാര്‍ഥിനികളുടെയും വാക്കുകളും ചിന്തകളും പുതിയ തലമുറയെക്കുറിച്ച ഒട്ടേറെ തെറ്റിദ്ധാരണകള്‍ തിരുത്തുന്നു, മാറ്റിച്ചിന്തിപ്പിക്കുന്നു. കേരളത്തില്‍ പോലും കാംപസുകളില്‍ വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും നല്ല വായനയും ഉയര്‍ന്ന ചിന്തയുമായി സാമൂഹിക മാധ്യമങ്ങളിലും വേദികളിലും സമ്മേളനങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. ഇതിനിടെ കേരളത്തിലെ കാംപസുകളിലെ ഇടതുപക്ഷ വിദ്യാര്‍ഥിസംഘത്തിന് എന്തു പറ്റി? തലയില്‍ ഇത്തിരി ആള്‍ത്താമസമുണ്ടെന്ന് കഴിഞ്ഞകാല നിലപാടുകളിലൂടെ ജനം ധരിച്ചുവച്ച വിഭാഗമാണ് ഇടതുപക്ഷം. സ്വന്തം പക്ഷം അധികാരത്തിലേറുമ്പോള്‍ വിപ്ലവപതാക കക്ഷത്തിറുക്കുമെങ്കിലും ചിന്തയിലും പ്രവര്‍ത്തനങ്ങളിലും പോരാട്ടങ്ങളിലും എസ്എഫ്‌ഐ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ നാളുകള്‍ മറക്കാറായിട്ടില്ല.

കേരളത്തിലെ കാംപസുകളില്‍ ആധിപത്യം വാണ കെഎസ്‌യുവിനെ എഴുപതുകളിലും എണ്‍പതുകളിലും എസ്എഫ്‌ഐ അട്ടിമറിച്ചത് കൈക്കരുത്തിലൂടെയല്ല; ചിട്ടയായ, ആകര്‍ഷകമായ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. അന്നു സി ഭാസ്‌കരനും സി പി ജോണും മറ്റും നയിച്ച വിദ്യാര്‍ഥി സംഘടനയുടെ ഓരോ നീക്കവും നിലവാരം പുലര്‍ത്തുന്നതായിരുന്നു. അവരുടെ യൂനിയനുകളില്‍ വിദ്യാര്‍ഥി എഡിറ്റര്‍മാര്‍ പുറത്തിറക്കിയ മാഗസിനുകള്‍ നാലാളുടെ മുമ്പില്‍ തലയെടുപ്പോടെ അവതരിപ്പിക്കാമായിരുന്നു. 47 തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ന് എന്താണവസ്ഥ?കേരളത്തിലെ കാംപസുകളില്‍ ഇപ്പോള്‍ എസ്എഫ്‌ഐ ആധിപത്യമാണ്. ഈ ആധിപത്യം നിലനില്‍ക്കുന്നത് ജനാധിപത്യപരമായ മൂല്യങ്ങള്‍ മാനിച്ചല്ല എന്നത് ഇന്നു രഹസ്യമല്ല. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും കൊച്ചി മഹാരാജാസിലും കോഴിക്കോട് മലബാര്‍ ക്രിസ്ത്യനിലും വടകര മടപ്പള്ളിയിലും മറ്റുമെല്ലാം അതിന്റെ അലയൊലി ഇടയ്ക്കു മുഴങ്ങുന്നുണ്ട്. ഈയിടെ മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഫഌഷ് മോബ് കളിച്ച മൂന്നു പെണ്‍കുട്ടികള്‍ക്ക് നേരെ ചില കേന്ദ്രങ്ങളില്‍ നിന്നു വിമര്‍ശനമുണ്ടായി.

താരതമ്യേന വളരെ കുറഞ്ഞ പ്രതികരണം മാത്രമാണുണ്ടായത്. അതിന്റെ മറപിടിച്ച് കേരളത്തിലെ കാംപസുകളില്‍ മഫ്ത ധരിച്ച കുട്ടികളുടെ ഫഌഷ് മോബുമായാണ് എസ്എഫ്‌ഐ രംഗത്തുവന്നത്. മുസ്‌ലിം കുട്ടികളെ ലഭിക്കാതിരുന്നതിനാല്‍ മറ്റു കുട്ടികളെ വേഷം ധരിപ്പിച്ച ഈ പരിപാടി പാളി. മഫ്ത ധരിച്ചു പരീക്ഷയെഴുതുന്നതിനെതിരേ വന്ന തിട്ടൂരങ്ങളും അതിനെതിരായ പോരാട്ടങ്ങളും നടക്കുന്ന വേളയില്‍ നേരിയ മുഴക്കം അറിയാതെ പോലും ഉയര്‍ത്താതിരുന്ന നിലപാടും ചോദ്യം ചെയ്യപ്പെട്ടു. പാര്‍ട്ടിയെയും എസ്എഫ്‌ഐയെയും നെഞ്ചേറ്റിയ സമൂഹം തന്നെ അതിനെതിരേ പ്രതികരിച്ചു. എന്നിട്ടും തങ്ങള്‍ ആവിഷ്‌കരിച്ചത് വന്‍ വിപ്ലവ പരിപാടിയായിരുന്നുവെന്ന അവകാശവാദത്തില്‍ നിന്ന് എസ്എഫ്‌ഐ നേതൃത്വം ഒട്ടും പിറകോട്ടുപോയിട്ടില്ല.തലശ്ശേരി ബ്രണ്ണന്‍ കോളജിലെ എസ്എഫ്‌ഐ യൂനിയന്‍ പ്രസിദ്ധീകരിച്ച മാഗസിന്‍ കോടതിയിലാണ്. ഭോഗത്തിന്റെയും മനുഷ്യ ജനനേന്ദ്രിയങ്ങളുടെയും ചിത്രം വരച്ചുവച്ച മാഗസിന്‍ പുറത്തിറക്കിയവര്‍ അവകാശപ്പെട്ടത് ഫാഷിസത്തിനെതിരേ പ്രതികരിക്കുകയായിരുന്നുവെന്നാണ്.

ദേശീയഗാനം സംബന്ധിച്ച സുപ്രിംകോടതി വിധിക്കെതിരേ തങ്ങള്‍ ചെയ്തത് ശരിയാണെന്ന വിശദീകരണമാണ് തനിക്കു ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. മാഗസിനെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ന്യായീകരിച്ചു. ഒരു സാംസ്‌കാരിക പ്രസിദ്ധീകരണത്തില്‍ ഭോഗത്തിന്റെയും ലൈംഗികാവയവങ്ങളുടെയും ചിത്രം വരച്ചുവേണമോ ഫാഷിസത്തിനെതിരേ പ്രതികരിക്കാന്‍ എന്നു ചോദിക്കാന്‍ ആരുമുണ്ടായില്ല. ദേശീയഗാനം ആലപിക്കാന്‍ സുപ്രിംകോടതിയാണ് വിധിച്ചത്. അതേ കോടതി തന്നെ പിന്നീട് നേരെ എതിരായ നിലപാട് സ്വീകരിച്ചു. വെള്ളിത്തിരയില്‍ ദേശീയപതാക പാറുകയും ദേശീയഗാനം മുഴങ്ങുകയും ചെയ്യുമ്പോള്‍ സംഭോഗത്തില്‍ ഏര്‍പ്പെടുന്നതല്ല ഫാഷിസത്തിനെതിരായ പ്രതിരോധം. അത്തരമൊരു ചിത്രം ആത്മാവിഷ്‌കാരമാണെന്ന വാദം ഒരു രാഷ്ട്രത്തിനും നിതീകരിക്കാനാവില്ല.

ദേശീയപതാകയും ദേശീയഗാനവും ആദരിക്കുകയെന്നത് ചോദ്യംചെയ്യേണ്ട ഒന്നല്ല. പക്ഷേ, ഈ മാഗസിന്‍ നല്‍കിയ സന്ദേശമെന്താണ്? പൊന്നാനി എംഇഎസ് കോളജില്‍ എസ്എഫ്‌ഐ യൂനിയന്‍ പുറത്തിറക്കിയ മാഗസിന്റെ മുഖ്യവിഷയം മുല മുറിക്കപ്പെട്ടവരാണ്. കോട്ടയം മാന്നാനം കോളജില്‍ വനിതാദിനത്തോട് അനുബന്ധിച്ച് എസ്എഫ്‌ഐ പതിച്ച പോസ്റ്ററുകള്‍ വിവാദമായിരുന്നു. സ്ത്രീശരീരത്തിലെ മൂന്ന് അവയവങ്ങളാണ് പുരോഗമന സംഘക്കാര്‍ പരിചയപ്പെടുത്തിയത്. ലിംഗവും യോനിയും മുലയും അവയുടെ അവസ്ഥാന്തരങ്ങളും വിശകലനം ചെയ്യാന്‍ കോളജ് മാഗസിനുകള്‍ ഉപയോഗപ്പെടുത്താമെന്ന വിപ്ലവചിന്തയ്ക്കു നമോവാകം (യോനി എന്നത് മാന്യമായി പ്രയോഗിച്ചതാണ്. എസ്എഫ്‌ഐക്കാരന്‍ എഴുതിപ്പിടിപ്പിച്ചത് അതല്ല. ആ പദം ശ്രീകണ്‌ഠേശ്വരം ശബ്ദതാരാവലിയില്‍ അസഭ്യം എന്നു വ്യക്തമായി രേഖപ്പെടുത്തിയതാണ്).

മുലക്കരത്തിനെതിരേ പ്രതിഷേധിച്ച് സ്വന്തം മുലയരിഞ്ഞ് ജീവന്‍ ത്യജിച്ച നങ്ങേലിയെ ഓര്‍ക്കാം; അവരെക്കുറിച്ചു മറക്കാനും മറയ്ക്കാനുമാവില്ലെന്ന് ഉദ്‌ഘോഷിക്കാം. ആര്‍ത്തവം വരുംതലമുറയ്ക്ക് ജന്മം നല്‍കുന്നതിനുള്ള ജീവശാസ്ത്രപരമായ തയ്യാറെടുപ്പാണെന്ന് ബോധവല്‍ക്കരിക്കാം. രജസ്വലയായ വനിതയെ തൊട്ടുകൂടാത്തവളായി കാണുന്ന സാമൂഹിക കാഴ്ചപ്പാടിനെ വിമര്‍ശിക്കാം. പക്ഷേ, കാംപസിലൊന്നാകെ കൊച്ചുപുസ്തക സാഹിത്യം പോസ്റ്ററൊട്ടിക്കുന്നതാണോ ഒരു വിപ്ലവ വിദ്യാര്‍ഥി സംഘടനയുടെ സമീപനം. മഞ്ചേരി എന്‍എസ്എസ് കോളജിലും മാഗസിനില്‍ കുന്തീദേവിയെക്കുറിച്ച മോശം പരാമര്‍ശമടങ്ങുന്ന കവിതയാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതീകമായത്. തൃശൂര്‍ കേരളവര്‍മ കോളജിലും വിദ്യാര്‍ഥിസഖാക്കള്‍ അധ്യാപികമാരുമായി കൊമ്പുകോര്‍ത്തിരുന്നു. തീര്‍ത്തും അനാവശ്യമായി എം എഫ് ഹുസയ്‌ന്റെ പെയിന്റിങ് കോളജ് കവാടത്തിനു സമീപം പ്രദര്‍ശിപ്പിച്ച് ഫാഷിസ്റ്റുകള്‍ക്കു വഴിമരുന്നിട്ടതും അവിടെ തന്നെ. എറണാകുളം മഹാരാജാസില്‍ വനിതാ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചും പാലക്കാട്ട് വനിതാ പ്രിന്‍സിപ്പലിന്റെ ചരമോപചാരം തീര്‍ത്ത് യാത്രയയപ്പു നല്‍കിയും എസ്എഫ്‌ഐ നല്‍കിയ സന്ദേശമുണ്ടല്ലോ, അത് തീര്‍ത്തും പിന്തിരിപ്പനാണ്; വിദ്യാര്‍ഥി വിരുദ്ധമാണ്. വിക്ടോറിയയിലെ വിക്രിയയെ പ്രമുഖ നേതാവ് വിലയിരുത്തിയത് കലാപരമായ ആവിഷ്‌കാരമായാണ്. ഇപ്പോഴിതാ സിപിഎം സംസ്ഥാന സെക്രട്ടറിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ തന്നെ എസ്എഫ്‌ഐയുടെ പ്രവര്‍ത്തനശൈലിക്കും സമരരീതികള്‍ക്കുമെതിരേ പരസ്യമായി പ്രതികരിച്ചിരിക്കുന്നു. വൈകിയെങ്കിലും അദ്ദേഹം അതിനു തയ്യാറായത് നന്നായി. എകെജി സെന്ററില്‍ ഗവേഷണ പഠനകേന്ദ്രം ആരംഭിക്കുന്നതായി വാര്‍ത്ത കണ്ടിരുന്നു. ചെറുപ്പത്തില്‍ തന്നെ ആദ്യം പിടികൂടാം. എസ്എഫ്‌ഐയുടെ പുതിയ ദാര്‍ശനികര്‍ക്ക് സ്വന്തം ദൗത്യത്തെക്കുറിച്ച ബോധവല്‍ക്കരണം അനിവാര്യമാണെന്ന് കാംപസില്‍നിന്നുള്ള പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.                                ി
Next Story

RELATED STORIES

Share it