Flash News

എസ്.എന്‍.ഡി.പിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു; പേര് ഭാരത് ധര്‍മ്മ ജനസേന

എസ്.എന്‍.ഡി.പിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി  പ്രഖ്യാപിച്ചു; പേര് ഭാരത് ധര്‍മ്മ ജനസേന
X
samthwa-munnetta-yatra-vell
[related]
തിരുവനന്തപുരം:എസ്.എന്‍.ഡി.പിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഭാരത് ധര്‍മ്മ ജനസേന എന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം വെള്ളാപ്പള്ളി നടേശനാണ് നടത്തിയത്. തലസ്ഥാന നഗരിയില്‍ സമത്വമുന്നേറ്റ യാത്രയുടെ സമാപന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. ഹിന്ദു രാഷ്ട്രമല്ല പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ  ലക്ഷ്യമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടിയുടെ ചിഹ്നം കൂപ്പുകൈയാണ്.


അതേസമയം വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്രയുടെ സമാപനം ജലസമാധിയിലേക്കായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പരിഹസിച്ചു. അദേഹത്തിന്റെ പുതിയ പാര്‍ട്ടി ആര്‍എസ്എസിന്റെ പോഷക സംഘടനയായിരിക്കുമെന്നും വിഎസ് അഭിപ്രായപ്പെട്ടു.

ബിജെപിയുമായി സഖ്യമുണ്ടാക്കി നമ്പൂതിരി മുതല്‍ നായാടി വരെയുള്ള സമുദായങ്ങളെ ഏകീകരിക്കാന്‍ ലക്ഷ്യമിട്ട ജാഥ പൊതുസമൂഹത്തിന്റെയും ഇടതുവലതു മുന്നണികളുടെയും നിശിതമായ വിമര്‍ശനത്തിനും ഹിന്ദു ഏകീകരണമെന്ന ലക്ഷ്യം നേടാനാവാതെയുമാണ് സമാപിക്കുന്നത്.

ഹിന്ദു സാമുദായിക സംഘടനകളുടെ സഹകരണം നേടാന്‍ സമത്വ മുന്നേറ്റ യാത്രക്കായില്ല. കഴിഞ്ഞ കാലങ്ങളില്‍ ഇടതുവലതു മുന്നണികളോട് ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഭൂരിഭാഗം ഹിന്ദു സമുദായ സംഘടനകള്‍ യാത്രയോട് കരുതലോടെയാണ് പ്രതികരിച്ചത്. യാത്രയെ പിന്തുണച്ച ചില സംഘടനകളില്‍ കടുത്ത അഭിപ്രായഭിന്നതകളുമുണ്ടായി. വെള്ളാപ്പള്ളി ചെയര്‍മാനായ ഹിന്ദു പാര്‍ലമെന്റ് യാത്രയുടെ പേരില്‍ സംഘടനയില്‍നിന്നും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.

യാത്രയിലുടനീളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സാന്നിധ്യം പ്രകടമായിരുന്നു. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് കണ്ണൂരില്‍ ആര്‍എസ്എസ് സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമത്വ മുന്നേറ്റ യാത്രയെ പിന്തുണയ്ക്കാനുള്ള തീരുമാനം സംഘപരിവാരം കൈക്കൊള്ളുന്നത്.

സമത്വ മുന്നേറ്റ യാത്രയുടെ സമാപനത്തില്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയും ബിജെപിയും ചേര്‍ന്നു രൂപീകരിക്കുന്ന മൂന്നാം മുന്നണിയിലൂടെ കേരളത്തില്‍ ഹൈന്ദവ രാഷ്ട്രീയം ശക്തിപ്പെടുത്താനാണ് ആര്‍എസ്എസ് പദ്ധതിയിട്ടത്. അദ്വാനിയുടെ രഥയാത്രയെ ഓര്‍മപ്പെടുത്തുന്ന വര്‍ഗീയസ്വഭാവമാണ് യാത്രയിലുടനീളം പ്രകടമായത്.

മുസ്‌ലിം, കൃസ്ത്യന്‍ സമുദായ വിദ്വേഷപ്രചാരണത്തില്‍ മാത്രം ശ്രദ്ധിച്ച വെള്ളാപ്പള്ളിയുടെ ജാഥാസ്വീകരണയോഗങ്ങള്‍ക്ക് വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനുമായില്ല. യാത്ര കാസര്‍കോട്ടുനിന്ന് ശംഖുമുഖത്ത് എത്തുമ്പോഴേക്കും ജലസമാധിയാവുമെന്നും ആറ്റിങ്ങലിലെത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം ആര്‍എസ്എസ്സിന്റെ നിക്കറും വെള്ളഷര്‍ട്ടുമാവുമെന്നുമുള്ള പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പരിഹാസത്തെ ശരിവയ്ക്കുകയാണ് യാത്രയുടെ ഒടുക്കം.

വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പ്രസംഗം നടത്തിയതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ കേസെടുത്തതും യാത്രയുടെ ശോഭ കെടുത്തി. ഇന്നു യാത്ര അവസാനിക്കുമ്പോള്‍ വിമര്‍ശനങ്ങളെ മറികടക്കാന്‍ വലിയ സന്നാഹങ്ങളാണ് അനുയായികള്‍ ഒരുക്കിയിരിക്കുന്നത്. യാത്ര ഉച്ചകഴിഞ്ഞ് രണ്ടോടെ കിഴക്കേകോട്ടയിലെത്തും. പത്മനാഭസ്വാമി ക്ഷേത്രം വലംവച്ച് പഴവങ്ങാടി ഗണപതിക്ഷേത്രത്തിലെത്തിച്ചേരുമ്പോള്‍, നാളികേരമുടച്ച് യാത്രയ്ക്കു സമാപനം കുറിക്കും. വൈകീട്ട് ശംഖുമുഖത്താണ് പൊതുസമ്മേളനം.
Next Story

RELATED STORIES

Share it