Alappuzha local

എസി റോഡിന്റെ അറ്റകുറ്റപ്പണി മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും

ആലപ്പുഴ: പ്രളയം കനത്ത നാശം വിതക്കുകയും വെള്ളക്കെട്ടു തുടരുകയും ചെയ്യുന്ന ആലപ്പുഴ-ചങ്ങനാശേരി (എസി) റോഡിന്റെ ഓണ്‍ലൈന്‍ ടെന്‍ഡര്‍ നടപടികള്‍ ഇന്നു തുടങ്ങും. താഴ്ന്ന ഭാഗങ്ങളിലെ റോഡ് ഉയര്‍ത്തല്‍, കുഴികള്‍ നികത്തല്‍, ഭാഗികമായ ടാറിങ് എന്നിവ ചെയ്യാന്‍ 9.5 കോടി രൂപയാണു കണക്കാക്കുന്നത്. പൂര്‍ണമായ റീടാറിങ് ഈ ഘട്ടത്തില്‍ നടപ്പാക്കില്ല. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി മൂന്നു മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ഒരു മാസത്തോളമായി ഗതാഗതം നിലച്ചിരുന്ന എസി റോഡില്‍ കഴിഞ്ഞ ദിവസമാണ് ഭാഗിഗമായിട്ടെങ്കിലും ഗതാഗതം ആരംഭിക്കാനായത്. എന്നാല്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് ഒഴിവാകാത്തതിനാല്‍ അപകടങ്ങളും ഇവിടെ പതിവാണ്. കഴിഞ്ഞ ഇവിടെ രണ്ടു ലോറികള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ദുരിതാശ്വാസ ക്യാംപിലെക്കു കൊണ്ടുപോയ സാധനങ്ങള്‍ അടങ്ങിയ ലോറി മങ്കൊമ്പ് പാലത്തിനു സമീപത്തും പുളിങ്കുന്നിലുള്ള കമ്പനിയിലേക്കു ഗോതമ്പുമായി പോയ ലോറി നെടുമുടി നസ്രത്ത് ജങ്ഷനു സമീപത്തുമാണ് അപകടത്തില്‍ പെട്ടത്. ജീവനക്കാര്‍ക്കു പരുക്കില്ല. 300 ചാക്ക് ഗോതമ്പുമായി പോയ ലോറി പൂര്‍ണമായി ചെരിഞ്ഞെങ്കിലും ലോഡ് ഇറക്കി ഉയര്‍ത്തി. മങ്കൊമ്പില്‍ കനാലിലേക്കു മറിഞ്ഞ ലോറിയില്‍ അഞ്ചു ടണ്‍ സാധനങ്ങള്‍ ഉണ്ടായിരുന്നു. കെഎസ്ടിപി ഇപ്പോള്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ക്കു ശേഷം എസി റോഡിന്റെ സമഗ്രമായ പുനര്‍നിര്‍മാണം നടത്താനും തീരുമാനമായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഗവേഷണ വിഭാഗം പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിവരികയാണ്. പല ഭാഗങ്ങളും 50 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വരുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. വെള്ളക്കെട്ട് നീങ്ങിയാലേ അറ്റകുറ്റപ്പണി തുടങ്ങാനാകൂ. റോഡിലെ മാര്‍ക്കിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ഇതോടൊപ്പം ചെയ്യും. ഇതിനിടെ തുലാവര്‍ഷം വില്ലനാകുമോ എന്ന ആശങ്കയുണ്ട്. മങ്കൊമ്പ്, നെടുമുടി, മാമ്പുഴക്കരി, പൊങ്ങ തുടങ്ങിയ മേഖലകളില്‍ റോഡ് താഴ്ന്നിട്ടുണ്ട്. ഇവിടെ താല്‍ക്കാലികമായി റോഡ് ഉയര്‍ത്തേണ്ടതുണ്ട്. താഴേത്തട്ടില്‍ കളിമണ്ണായതിനാല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടി വരും. പാടശേഖരങ്ങളുടെ വിസ്തൃതി കൂടുതലായതിനാല്‍ പമ്പിങ് പൂര്‍ത്തിയാകാന്‍ ഏതാനും ദിവസം കൂടി വേണ്ടിവന്നേക്കും.

Next Story

RELATED STORIES

Share it