എവിടെ സര്‍, ഗോമൂത്ര ആണവനിലയം?

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍
പേരുകേട്ട പത്രപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്ത ഈയിടെ ഒരു ചോദ്യം ഉന്നയിച്ചു. മോദി മന്ത്രിസഭയിലെ എത്ര പേരുടെ നാമധേയം നിങ്ങള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയും? തങ്ങളുടെ വകുപ്പില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് എന്തെങ്കിലും നാലു വാക്ക്?
നിരീക്ഷകന്‍ പത്രപ്രവര്‍ത്തനം തുടങ്ങിയിട്ടു കാലമേറെയായി. അതിനിടയില്‍ നാട്ടില്‍ മന്ത്രിസഭകള്‍ പലതും വരുകയും പോവുകയും ചെയ്തു. അക്കാലത്ത് പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതലക്കാര്‍ ആരെന്ന് സര്‍ക്കാര്‍ ഡയറി നോക്കി കണ്ടുപിടിക്കേണ്ട ആവശ്യം അങ്ങനെ കാര്യമായി അനുഭവപ്പെട്ടിട്ടില്ല. മന്ത്രിമാര്‍ പലരും പല തരക്കാരാണ്. പക്ഷേ, പൊതുവില്‍ തങ്ങളുടെ ജോലി വേണ്ടപോലെ നിര്‍വഹിക്കുന്നവര്‍. അതിനാല്‍, അവര്‍ ആരൊക്കെയെന്ന ചോദ്യം ചോദിക്കേണ്ട ആവശ്യവും ഉയരാറില്ല.
അതല്ല മോദി മന്ത്രിസഭയുടെ അവസ്ഥ. ആരാണ് വിദേശകാര്യമന്ത്രി എന്നു ചോദിച്ചാല്‍ സുഷമാജിയുടെ മുഖം ഓര്‍ത്തെടുക്കാന്‍ സമയമെടുക്കും. കാരണം, ആ രംഗത്ത് എന്തെങ്കിലും കാര്യമായി പ്രവര്‍ത്തിക്കാന്‍ അവരെ പ്രധാനമന്ത്രിയുടെ ഓഫിസ് സമ്മതിച്ചിട്ടു വേണ്ടേ? ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വലിയ ആഘോഷവും ചെണ്ടകൊട്ടുമില്ലാതെ പ്രവര്‍ത്തിക്കുന്നയാളാണ്. വേറൊരാള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ്. പിന്നെ സുരേഷ് പ്രഭുവും പിയൂഷ് ഗോയലുമൊക്കെ ഓര്‍മയില്‍ വരും.
ഈ കൂട്ടര്‍ പൊതുവില്‍ മന്ത്രിസഭയില്‍ അല്‍പസ്വല്‍പം വെളിവോടെ കാര്യങ്ങള്‍ ചെയ്യുന്ന കൂട്ടരാണെന്ന് വിശ്വാസം. അതില്‍ അരുണ്‍ ജയ്റ്റ്‌ലിയുടെ കാര്യം ഇപ്പോള്‍ കട്ടപ്പൊകയാണ്. കാരണം, കക്ഷിയുടെ ധനമന്ത്രാലയ നിയന്ത്രണം കെട്ടുപൊട്ടിയ പട്ടം കണക്കെയാണ്. രൂപയുടെ മൂല്യം ഡോളറൊന്നിന് നൂറു രൂപ എന്ന മട്ടിലേക്ക് മൂക്കുകുത്തി വീഴുകയാണ്. ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്ത തകര്‍ച്ചയാണ് രൂപ നേരിടുന്നത്. ഫലം, ഇറക്കുമതി സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. അതില്‍ പ്രധാനം എണ്ണയാണ്. അഞ്ചു വര്‍ഷം മുമ്പ് ജയ്റ്റ്‌ലി ചാര്‍ജെടുക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഏതാണ്ട് 106 ഡോളര്‍ ആയിരുന്നു. പിന്നെ കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ വീണ്ടും കയറി 70 ഡോളര്‍ വരെ എത്തിയിട്ടുണ്ട്.
എന്നാല്‍, എണ്ണവില കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ പോലും കാര്യമായി കുറഞ്ഞില്ല. പകരം വില കുത്തനെ കൂട്ടി. ഇപ്പോള്‍ ഒരു ഡോളറിന് ഒരു ലിറ്റര്‍ എന്ന മട്ടിലേക്ക് നീങ്ങുകയാണ് സ്ഥിതിഗതികള്‍. അതായത് 100 രൂപയുണ്ടെങ്കില്‍ ഒന്നുകില്‍ ഒരു ഡോളര്‍ കിട്ടും, അല്ലെങ്കില്‍ ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടും!
ഇതെന്തു മറിമായം എന്ന് ആരും ചോദിക്കും. അന്താരാഷ്ട്ര വിപണിയില്‍ വില കൂടുമ്പോള്‍ ഇറക്കുമതി സാധനത്തിന് ഇന്ത്യയിലും വില കൂടുന്നത് ന്യായം. എന്നാല്‍, വില കുറയുമ്പോള്‍ നാട്ടില്‍ കുറയാത്തതിന്റെ ഗുട്ടന്‍സ് എന്ത്? അതാണ് ജയ്റ്റ്‌ലിയുടെ അതിബുദ്ധി. ആ പണമെല്ലാം സര്‍ക്കാര്‍ ഭണ്ഡാരത്തിലേക്ക് എക്‌സൈസ് നികുതിയായി പിടിച്ചെടുത്തു. ഏതാണ്ട് 15 ലക്ഷം കോടി രൂപ ഈയിനത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരന്റെ കീശയില്‍ നിന്നു തട്ടിയിട്ടുണ്ടെന്നാണ് കണക്ക്.
ഇപ്പോള്‍ എല്ലാം കൂടി ഇടിഞ്ഞുപൊളിഞ്ഞു വീഴുകയാണ്. എണ്ണവില കൂടുന്നു; രൂപയുടെ വില താഴുന്നു. ഓഹരിവിപണി തവിടുപൊടിയാകുന്നു. വിദേശ നിക്ഷേപകര്‍ മുങ്ങുന്ന കപ്പലില്‍ നിന്ന് എലിയെന്നവണ്ണം പുറത്തേക്കു ചാടുകയാണ്.
സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല ഒരു തര്‍ക്കവും. വികസനത്തിന്റെ ഗുണം മുഴുവന്‍ കീശയിലാക്കിയത് വന്‍ കോടീശ്വരന്‍മാര്‍. സാധാരണക്കാര്‍ക്കു കിട്ടിയത് ഇരുട്ടടി മാത്രം. ഇപ്പോള്‍ രാജ്യമെങ്ങും പ്രതിഷേധം കൊണ്ടു പുകയുകയാണെന്ന് സര്‍ക്കാരും തിരിച്ചറിയുന്നുണ്ട്. അതിനാല്‍ രണ്ടര രൂപ നികുതി കുറച്ചു. അതിന്റെ പത്തിരട്ടി കൂട്ടിയ ശേഷമാണ് ഇപ്പോഴത്തെ സൗജന്യം. ഉള്ളിയുടെ വില കൂടിയാല്‍ ഏതു സര്‍ക്കാരും തെറിക്കും എന്നതാണ് ഇന്ത്യയിലെ ചരിത്രം. ഇപ്പോള്‍ ഉള്ളിയുടെ മാത്രമല്ല, സകല ചരക്കിന്റെയും വില വാണം കണക്കെ കൂടുകയാണ്.
പോട്ടെ, ബാക്കി മന്ത്രിമാരുടെ സ്ഥിതിയെന്താണ്? ഒരു മന്ത്രി അധികാരമേറ്റ നാള്‍ ചാണകത്തിലും ഗോമൂത്രത്തിലും ഗവേഷണം തുടങ്ങിയതാണ്. രണ്ടും ഉപയോഗിച്ച് ആണവശേഷി കൈവരിക്കും എന്നായിരുന്നു പ്രഖ്യാപനം. കൊല്ലം അഞ്ചു കഴിയാറായി. എന്തായി ഗോമൂത്ര ആണവനിലയത്തിന്റെ അവസ്ഥ എന്ന് നാട്ടുകാരോടു പറയേണ്ടേ?
അങ്ങനെ, വെളിവില്ലാത്ത കുറേ ഗോസായികളാണ് രാജ്യം ഭരിക്കുന്നത്. മോദിയാകട്ടെ, തന്റെ സ്വര്‍ണക്കുപ്പായവും 56 ഇഞ്ച് നെഞ്ചും നാല്‍പതു മുഴം നാക്കും കൊണ്ട് ഭരിക്കാമെന്നു കരുതി. സംഗതി പന്തിയല്ല എന്ന തോന്നല്‍ മൊത്തത്തില്‍ ഉണ്ടായിവരുന്നു എന്നു തീര്‍ച്ച. ി

Next Story

RELATED STORIES

Share it