palakkad local

എഴുപത് വയസ് കഴിഞ്ഞവര്‍ക്ക് ബാങ്ക് വായ്പ അനുവദിക്കാനാവില്ലെന്ന്

ആലത്തൂര്‍: എഴുപത് വയസ് കഴിഞ്ഞവര്‍ക്ക് ബാങ്ക് വായ്പ അനുവദിക്കാനാകില്ലെന്ന വ്യവസ്ഥ കാരണം ഒക്ടോബറില്‍ നെല്ലളന്ന 80 കാരിയായ കര്‍ഷകയ്ക് ദേശ സാത്കൃത ബാങ്കില്‍ നിന്ന് പണം കിട്ടിയില്ല.
കാവശ്ശേരി ശ്രീലക്ഷ്മിയില്‍ താമസിക്കുന്ന തരൂര്‍ കോണിക്കലെടം ലക്ഷ്മിക്കുട്ടി നേത്യാര്‍ക്കാണ് ദുരനുഭവം. ഒക്ടോബര്‍ 15ന് 1,135 കിലോ നെല്ല് അളന്ന ഇവര്‍ക്ക് കിട്ടാനുള്ളത് 26,445 രൂപയാണ്. പ്രായാധിക്യം വകവെക്കാതെ കാവശ്ശേരി ലിഫ്റ്റ് പാടശേഖരത്തില്‍ പാരമ്പര്യമായുള്ള കൃഷി നോക്കി നടത്തുകയാണിവര്‍. ആലത്തൂരിലെ ദേശസാത്കൃത ബാങ്കിലാണ്  അക്കൗണ്ട്. നെല്ലളന്നതിന് സപ്ലൈകോ നല്‍കിയ പിആര്‍എസ് (പാഡി റെസീറ്റ് ഷീറ്റ്)മായി നവംബര്‍ ആദ്യം ബാങ്കില്‍ എത്തിയപ്പോള്‍ പണംഎത്തിയിട്ടില്ല, നടപടിക്രമം പൂര്‍ത്തിയാക്കാനുണ്ട്, പട്ടിക എത്തിയിട്ടില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് മടക്കിയതായി  ലക്ഷ്മിക്കുട്ടി നേത്യാര്‍ പറഞ്ഞു. എഴുപത് വയസ് കഴിഞ്ഞ പ്രശ്‌നം അന്നു പറഞ്ഞില്ല. രോഗബാധിതയായതിനാല്‍ പിന്നീട് പോകാന്‍ കഴിഞ്ഞില്ല. ജനുവരി 12ന് വീണ്ടും ബാങ്കിലെത്തിയപ്പോഴാണ്.’പ്രായം പ്രശനമായത്. സപ്ലൈകോ തരാനുള്ള നെല്ലുവില വായ്പയായാണ് ബാങ്ക് കര്‍ഷകന് നല്‍കുന്നത്.70 വയസു വരെയേ കാര്‍ഷിക വായ്പ അനുവദിക്കുകയുള്ളൂ.
പ്രായപരിധി കഴിഞ്ഞതിനാല്‍ പിന്തുടര്‍ച്ചാവകാശികളായ ആരെങ്കിലും വായ്പ തുകയുടെ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കണം. അതിനായി മക്കളില്‍ ആരുടെയെങ്കിലും പേരില്‍ ബാങ്കില്‍ അക്കൗണ്ട് വേണം. പിന്തുടര്‍ച്ചാവകാശിയുടെ ആധാര്‍, തിരിച്ചറിയല്‍കാര്‍ഡുകള്‍, ഫോട്ടോ എന്നിവ വേണം.
മാതൃപുത്ര ബന്ധം സാക്ഷ്യപ്പെടുത്താന്‍ രണ്ട് സാക്ഷികളെയും ഹാജരാക്കണം.
ഇത്രയും കേട്ടതോടെ അവര്‍ തിരികെപ്പോന്നു. മഴയും വെള്ളവും കീടവും കളയും ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് കൃഷി കൊയ്‌തെടുത്തതിനേക്കാള്‍ പ്രയാസമാണല്ലോ നെല്ല് സപ്ലൈകോയ്ക് നല്‍കിയതിന്റെ വില കിട്ടാന്‍ എന്ന സങ്കടമാണ് ലക്ഷ്മിക്കുട്ടി നേത്യാര്‍ക്ക്.
ബാങ്കില്‍ നിന്നു കാര്‍ഷിക വായ്പയായാണ് നെല്ലിന്റെ വില അക്കൗണ്ടിലേക്ക് നല്‍കുന്നതെന്നും, നിലവില്‍ കാര്‍ഷിക വായ്പ അനുവദിക്കുന്നത് സംബന്ധിച്ചുള്ള ചട്ടം പാലിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് ബാങ്ക് അധികാരികള്‍ നല്‍കിയ വിശദീകരണം. കര്‍ഷകര്‍ക്ക് ബാങ്ക് നല്‍കുന്ന തുകയുടെ പലിശ സഹിതമുള്ള ബാധ്യത സര്‍ക്കാരും സപ്ലൈകോയും ഏറ്റെടുത്തിട്ടുണ്ടെന്നിരിക്കെ ഇത്തരം നിബന്ധനകള്‍ പറഞ്ഞ് ദ്രോഹിക്കുന്നത് കര്‍ഷകരുടെയും കൃഷിയുടെ ഉന്മൂല നാശത്തിലേ കലാശിക്കൂ എന്ന് കേരള ഐക്യ കര്‍ഷക പക്ഷം സംസ്ഥാന കണ്‍വീനര്‍ ജോബ് ജെ നെടുങ്കാടന്‍ പറഞ്ഞു. വയസ്സായവര്‍ കൃഷിയൊന്നും ചെയ്യേണ്ടെന്നാണോ സര്‍ക്കാരും ബാങ്കുകളും പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it