wayanad local

എഴുതിത്തള്ളിയ വായ്പയിന്‍മേല്‍ ആദിവാസികള്‍ക്ക് ജപ്തി നോട്ടീസ്‌

കല്‍പ്പറ്റ: പട്ടികജാതി-വര്‍ഗ കോര്‍പറേഷന്‍ എഴുതിത്തള്ളിയ വായ്പയിന്മേല്‍ ജില്ലയിലെ അഞ്ഞൂറോളം ആദിവാസികള്‍ക്ക് ബാങ്കുകളുടെ ജപ്തി നോട്ടീസ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെയാണ് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ അതാതു വില്ലേജ് ഓഫിസുകള്‍ മുഖാന്തരം വനവാസികള്‍ക്ക് ജപ്തി നോട്ടീസ് നല്‍കിയത്. 2014 മാര്‍ച്ച് 31 വരെ വനവാസികളുടെ കുടിശ്ശികയായ ഒരുലക്ഷം രൂപ വരെയുള്ള തുക എഴുതിത്തള്ളുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പയ്യംപള്ളി ചാലിഗദ്ദ കോളനിയിലെ ഊരുമൂപ്പന്‍ സുകുമാരന് 15,610 രൂപ അടയ്ക്കണമെന്നും അല്ലാത്തപക്ഷം ജപ്തി നടപടികള്‍ നേരിടണമെന്നും കാണിച്ച് പയ്യംപള്ളി വില്ലേജ് ഓഫിസര്‍ നോട്ടീസ് നല്‍കി. പയ്യംപള്ളി കനറാ ബാങ്കിന് കീഴില്‍ മാത്രം ഇത്തരത്തില്‍ നിരവധി നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. ഇതോടെ വനവാസികള്‍ പ്രതിസന്ധിയിലായി. 2014നു മുമ്പ് കുടിശ്ശികയായ വായ്പകള്‍ക്കാണ് ജപ്തി നോട്ടീസ് വന്നുകൊണ്ടിരിക്കുന്നത്. വനവാസികള്‍ക്ക് നിയമാനുസൃതമായ വായ്പാ ആനുകൂല്യം ലഭിക്കുമെന്നും ഇത്തരത്തില്‍ നോട്ടീസ് അയക്കുന്നതു സംബന്ധിച്ച് അറിയില്ലെന്നും ഐടിഡിപി ജില്ലാ ഓഫിസര്‍ പി വാണിദാസ് പറഞ്ഞു. വിതരണം ചെയ്ത ജപ്തി നോട്ടീസുകള്‍ നടപടിക്രമത്തിന്റെ ഭാഗം മാത്രമാണെന്നും ജപ്തി എന്ന നിലയ്ക്ക് അല്ലെന്നും പയ്യംപള്ളി വില്ലേജ് ഓഫിസര്‍ പറഞ്ഞു. നോട്ടീസ് കിട്ടി ബാങ്കുമായി ബന്ധപ്പെട്ട പലരുടെയും വായ്പകള്‍ എഴുതിത്തള്ളിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it