malappuram local

എല്‍ബിഎസ് ഐഐഎസ്ടി, അസാപ്പ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും

തിരൂരങ്ങാടി: പരപ്പനങ്ങാടിയിലെ എല്‍ബിഎസ് ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വെന്നിയൂരിലെ അസാപ് കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. പി കെ അബ്ദുറബ്ബ് എംഎല്‍എയുടെ ആവിശ്യപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ തിരുവന്തപുരത്ത് ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം.
പരപ്പനങ്ങാടിയിലെ എല്‍ബിഎസ് ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് വേണ്ടി അളന്നുതിട്ടപ്പെടുത്തി സര്‍വ്വേ കല്ല് പാകിയ 15.25 ഏക്കര്‍ സ്ഥലവും അനുബന്ധമായി പൂര്‍ത്തീകരിക്കേണ്ട കെട്ടിടത്തിനുമായി ഒന്നാം ഘട്ടത്തില്‍ 20 കോടി രൂപ ഈ പദ്ധതിക്ക് ലഭ്യമാക്കാന്‍ യോഗം തീരുമാനിച്ചു.
അത് പ്രകാരം ധനകാര്യ വകുപ്പിനോട് 20 കോടി ആവിശ്യപ്പെടും. നേരത്തെ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ വിദ്യാഭാസ മന്ത്രിയായിരിന്ന പി കെ അബ്ദുറബ്ബിന്റെ ശ്രമ ഫലമായി 50 കോടിയോളം രൂപ വകയിരുത്തിയിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിലും ഈ പദ്ധതി പരാമര്‍ശിച്ചിരുന്നു. എല്‍ബിഎസ് ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഭാഗമായ അപ്ലൈഡ് സയന്‍സ് കോളജും ഓഫിസും ഇപ്പോള്‍ പരപ്പനങ്ങാടി ചിറംഗലത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ വര്‍ഷത്തോടെ ഈ കോളജിലെ ആദ്യ ബാച്ച് മൂന്നു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങും. പുതിയ കെട്ടിടം യാഥാര്‍ത്യമാകുന്നതോടെ പോളിട്ടെക്‌നിക്കും എന്‍ജിനീയറിങ് കോളജും ആരംഭിക്കും. തിരൂരങ്ങാടി നഗരസഭയിലെ വെന്നിയൂര്‍ ജിയുപി സ്‌കൂളിലാണ് അസാപ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിക്കുന്നത്.
നേരത്തെ ഇതിന് 10 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ സാങ്കേതികാനുമതിയും, ടെണ്ടര്‍ നടപടികളും പൂര്‍ത്തീകരിച്ച് പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തി വെക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ നിലവിലുള്ള കരാറുകാരനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ വിളിക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍പി കെ അബ്ദുറബ്ബ് എംഎല്‍എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറി ഉഷ ടൈറ്റസ്, എല്‍ബിഎസ് ഡയരക്ടര്‍ ഷാജി സേനാതിപന്‍, എല്‍ബിഎസ് അസിസ്റ്റന്റ് ഡയരക്ടര്‍ ജയകുമാര്‍, അസാപ് അസിസ്റ്റന്റ്ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കം അഡീഷണല്‍ സെക്രട്ടറി റീത്താ എസ് പ്രഭ, അസാപ് പ്ലാനിങ് ഓഫീസര്‍ ശ്രീകണ്ടന്‍ നായര്‍, ടി കെ നാസര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it