എല്‍പി സ്‌കൂളുകള്‍: അധ്യാപക നിയമനം സ്തംഭനത്തില്‍

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ അധ്യാപക നിയമനം സ്തംഭനത്തില്‍. സ്ഥിരം അധ്യാപകരില്ലാതെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിച്ചാണ് മിക്ക വിദ്യാലയങ്ങളിലും അധ്യയനം തുടരുന്നത്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താന്‍ സാമ്പത്തിക ബാധ്യത നോക്കാതെ നടപടിയുണ്ടാവുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം അകാരണമായി വൈകുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
റാങ്ക്‌ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ വൈകുന്നതിനെതിരേ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഈ തസ്തികയില്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍. സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുന്നുണ്ടെന്നാണ് ഉദ്യോഗാര്‍ഥികളുടെ പ്രധാന പരാതി.
നാലു വര്‍ഷം മുമ്പാണ് എല്‍പി-യുപി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. പിന്നീട് രണ്ടു വര്‍ഷം കഴിഞ്ഞാണ് പരീക്ഷ നടന്നത്. നീണ്ട കാത്തിരിപ്പിനു ശേഷം ഇക്കഴിഞ്ഞ ജനുവരിയില്‍ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.
6000 അധ്യാപകരെ ഈ വര്‍ഷം നിയമിക്കുമെന്ന പിഎസ്‌സി ചെയര്‍മാന്റെ പ്രഖ്യാപനത്തിനു ശേഷം 18 ബോര്‍ഡുകളെ വച്ച് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്ളവരുടെ കൂടിക്കാഴ്ച തിരുവനന്തപുരത്തു നടന്നിരുന്നു. ഇതില്‍ തുടര്‍നടപടികള്‍ പിന്നീടുണ്ടായില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളുള്ള മലപ്പുറം ജില്ലയില്‍ മാത്രം എല്‍പി സ്‌കൂളുകളില്‍ 500ല്‍പരം അധ്യാപക ഒഴിവുകളാണ് നികത്താനുള്ളത്. പ്രധാനാധ്യാപികയല്ലാതെ മറ്റുള്ള അധ്യാപകരെല്ലാം താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിദ്യാലയങ്ങളും കുറവല്ല.
നിയമന നടപടി വൈകുമ്പോള്‍ സര്‍ക്കാര്‍ ജോലിക്കായി പിന്നീട് അവസരമില്ലാത്ത ഉദ്യോഗാര്‍ഥികള്‍ അടക്കം കടുത്ത ആശങ്കയിലാണ്. നിലവില്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട പലര്‍ക്കും പ്രായം കഴിയുന്നതിനാല്‍ വീണ്ടും പരീക്ഷ എഴുതാനാവാത്ത അവസ്ഥയുമുണ്ട്. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിയാണ് സംസ്ഥാനവ്യാപകമായി ഉദ്യോഗാര്‍ഥികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
പൊതുമേഖലാ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ക്ക് ഈ അധ്യയന വര്‍ഷം മികച്ച ജനസ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്നു പൊതുവിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്കും ശ്രദ്ധേയമായിരുന്നു. എന്നാല്‍, പാഠ്യപ്രവര്‍ത്തനങ്ങളില്‍ സ്ഥിരം അധ്യാപകരുടെ അഭാവം വിവിധ വിദ്യാലയങ്ങളില്‍ രക്ഷിതാക്കള്‍ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. സ്ഥിരം അധ്യാപകര്‍ ഇല്ലാത്തത് കുട്ടികളുടെ തുടര്‍പഠനത്തെയും സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.

Next Story

RELATED STORIES

Share it