എല്ലാ മെഡിക്കല്‍ കോളജിലും ഓങ്കോളജി ഡിപാര്‍ട്ട്‌മെന്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി ഡിപാര്‍ട്ട്‌മെന്റുകള്‍ ആരംഭിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. ഇതിനോടൊപ്പം മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയില്‍ പുതിയൊരു കാന്‍സര്‍ സെന്റര്‍ ആരംഭിക്കുന്നതിനും ബജറ്റില്‍ പരാമര്‍ശമുണ്ട്. പൊതു ആരോഗ്യ സര്‍വീസിന് 1685.70 കോടി രൂപ.  പ്രധാന ആശുപത്രികളില്‍ കാത്ത് ലാബുകള്‍, ഐസിയു, ഡയാലിസിസ് യൂനിറ്റ്, ബ്ലഡ്ബാങ്ക്, ഡെന്റല്‍ യൂനിറ്റ്, എമര്‍ജന്‍സി കെയര്‍ സെന്ററുകള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍, മെറ്റേണിറ്റി യൂനിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിനു 69 കോടി. മാനസികാരോഗ്യ പരിപാലനത്തിനു 17 കോടിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബക്ഷേമ ആശുപത്രികളാക്കി ഉയര്‍ത്തുന്നതിന് 23 കോടി രൂപയും ആശുപത്രികള്‍ രോഗീസൗഹൃദമാക്കുന്നതിന് 15 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.സ്വകാര്യ ടാക്‌സി സംവിധാനമായ യൂബര്‍ പോലെ സംസ്ഥാന വ്യാപകമായി ഒരു ആംബുലന്‍സ് സര്‍വീസ് നെറ്റുവര്‍ക് ശൃംഖലയ്ക്ക് രൂപംനല്‍കും. സ്വകാര്യ ആശുപത്രികളടക്കം സൗജന്യ അടിയന്തര ചികില്‍സ ലഭ്യമാക്കേണ്ടതാണ്. ഇന്‍ഷുറന്‍സ് വഴി അവര്‍ക്ക് പിന്നീട് പണം ലഭ്യമാക്കും.  എല്ലാ ജില്ലാ ജനറല്‍ ആശുപത്രികളിലും എമര്‍ജന്‍സി മെഡിസിന്‍ ഡിപാര്‍ട്ട്‌മെന്റുകളും താലൂക്ക് ആശുപത്രികളില്‍ ട്രോമ കെയര്‍ സെന്ററുകളും ആരംഭിക്കും. സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിക്കുള്ള ധനസമാഹരണം കേരള ഭാഗ്യക്കുറി വഴിയായിരിക്കും.
Next Story

RELATED STORIES

Share it