Flash News

എല്ലാം അബ്ബ കണ്ടുനില്‍പ്പുണ്ടായിരുന്നു

എല്ലാം അബ്ബ കണ്ടുനില്‍പ്പുണ്ടായിരുന്നു
X
കെ  എ സലിം

ദുര്‍ബലമായ ശബ്ദത്തില്‍ ഫിറോസ് പറഞ്ഞു കൊണ്ടിരുന്നു: അതിനു ശേഷം ഷാഹിദിനെ ഞാന്‍ കണ്ടിട്ടില്ല. സിറ്റിസണ്‍ നഗറിലെ മാലിന്യക്കൂമ്പാരത്തിലെ ഒറ്റമുറി വീട്ടില്‍ ഷാഹിദുണ്ടെന്നു പിന്നീടു ഞാനറിഞ്ഞു. അയാള്‍ ഇപ്പോഴും അവിടെയുണ്ട്. എന്നാല്‍ എന്നെ കാണാന്‍ വന്നില്ല. അയാള്‍ ആരോടും സംസാരിക്കാറില്ലായിരുന്നു. നരോദാപാട്യയെക്കുറിച്ചു ചോദിച്ചാല്‍ അയാള്‍ ദേഷ്യപ്പെടാന്‍ തുടങ്ങും. കൗസര്‍ ബാനുവിനെ രക്ഷിക്കാത്തതിന് അയാള്‍ എന്നെ കുറ്റപ്പെടുത്താറുണ്ടായിരുന്നു. എനിക്കതിനു കഴിയുമായിരുന്നില്ലെന്ന് അവനറിയാഞ്ഞിട്ടല്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യപ്പെടുന്ന സ്വഭാവമായി മാറി ഷാഹിദിന്റേത്. എല്ലാവരോടും പക.

[caption id="attachment_318980" align="aligncenter" width="560"] ആര്‍ഷ് കോളനി[/caption]

എന്നാല്‍ കൗസറിന്റെ പിതാവ് നൂര്‍ മുഹമ്മദ് കര്‍ണാടകയിലേക്കു തിരിച്ചുപോയതു തന്നെ തകര്‍ത്തുവെന്നു ഫിറോസ് പറഞ്ഞു. നിറവയറുള്ള മകള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുന്നതും വയറു കീറി കുഞ്ഞിനെ പുറത്തെടുക്കുന്നതും കൊല്ലുന്നതും കണ്ടുനില്‍ക്കേണ്ടി വന്ന ഹതഭാഗ്യനായ മനുഷ്യനായിരുന്നു അയാള്‍. അതിന്റെ ഭാരം താങ്ങാന്‍ അയാള്‍ അശക്തനായിരുന്നു. എന്നിട്ടും അബ്ബ കുറേക്കാലം പിന്തുണ നല്‍കി എനിക്കൊപ്പം നിന്നു.
കേസിലെ പ്രധാന സാക്ഷി കൂടിയായിരുന്നു അദ്ദേഹം. മൊഴി മാറ്റണമെന്ന ഹിന്ദുത്വരുടെ ഭീഷണിയായിരുന്നു പിന്നീട്. പൊതുസമൂഹവും സമുദായവും നല്‍കിയ പിന്തുണയില്‍ അര്‍ഷ് കോളനിയിലെ വീട്ടില്‍ ആദ്യമെല്ലാം അബ്ബ ഉറച്ചുനിന്നു. എന്നാല്‍ അദ്ദേഹം തനിച്ചൊരു വീട്ടിലായിരുന്നു താമസം. അധികമാരോടും സംസാരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സമ്മര്‍ദം കണ്ടു തിരിച്ചുപോവാന്‍ ഞാന്‍ തന്നെയാണ് ഉപദേശിക്കുന്നത്.
എല്ലാവരും തങ്ങള്‍ക്കെതിരായിരുന്നു. ഹിനയെ ആരും ബലാല്‍സംഗം ചെയ്തിട്ടില്ലെന്നു ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വിധിയെഴുതി. നുണയായിരുന്നു അത്. എല്ലാം അബ്ബ കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. ഹിനയുടെ മൃതദേഹം ആശുപത്രിയിലെടുക്കുമ്പോള്‍ വയറു പിളര്‍ന്നിരുന്നു. കുഞ്ഞിനെ കാണാനുണ്ടായിരുന്നില്ല. പോലിസ് സഹായിച്ചില്ല. കോടതിയില്‍ മൊഴികള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നതു പൊള്ളുന്ന അനുഭവമായിരുന്നു. മറന്നു തുടങ്ങിയതെല്ലാം ഓര്‍മകളെ വീണ്ടും വേട്ടയാടാന്‍ തുടങ്ങി. താന്‍ മാത്രമല്ല, അബ്ബയും ഷാഹിദുമെല്ലാം ഇത്തരത്തില്‍ സമ്മര്‍ദങ്ങളുടെ സങ്കീര്‍ണതകളിലായിരുന്നു. ഓരോരുത്തരെയും അതു വീണ്ടും വീണ്ടും തകര്‍ത്തു.
ഭാര്യയെയും കുഞ്ഞിനെയും ബന്ധുക്കളെയും മാത്രമല്ല, വംശഹത്യ തന്റെ ജീവിതം തന്നെ നഷ്ടപ്പെടുത്തിയെന്നു ഫിറോസ് പറയുന്നു. ഫാക്ടറിയിലെ ജോലി നഷ്ടമായി. ചെറുതെങ്കിലും കുടുംബം പുലര്‍ത്താന്‍ അതു ധാരാളമായിരുന്നു. വീടു നഷ്ടപ്പെട്ടു. കുറേക്കാലം മനോരോഗിയെ പോലെ അലഞ്ഞു. ഇപ്പോള്‍ ഓട്ടോറിക്ഷയോടിച്ചാണു ജീവിക്കുന്നത്. നിത്യച്ചെലവിനു പോലും കടംവാങ്ങേണ്ടി വരുന്ന സാഹചര്യം.
വര്‍ഷങ്ങള്‍ക്കു ശേഷം ഷാഹിദാ ബീഗത്തെ വിവാഹം കഴിച്ചു. മൂന്നു മക്കളുണ്ടായി. ഫിറോസിന്റെ ജീവിതകഥ ഷാഹിദയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ഹിനയെക്കുറിച്ചോ, വംശഹത്യയെക്കുറിച്ചോ അയാള്‍ ഒന്നും സംസാരിച്ചിരുന്നില്ല. എല്ലാം മറക്കാനാണു ഉപദേശിച്ചത്. പക്ഷേ ഫിറോസ് ഒന്നും മറന്നില്ല. വംശഹത്യയുടെ ഓര്‍മകളുടെ ഭാരം എപ്പോഴും അയാളുടെ കൂടെ ഉണ്ടായിരുന്നു. ഉറക്കത്തിലും ഉണര്‍വിലും അത് അയാളെ വേട്ടയാടി.
ഫിറോസിന്റെ വീട്ടില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ രാത്രി വൈകിയിരുന്നു. അര്‍ഷ് കോളനിയിലെ ഇടുങ്ങിയ വീടുകള്‍ ഇരുട്ടില്‍ നിശ്ശബ്ദമായി നിന്നു. 50ലധികം കുടുംബങ്ങളുണ്ട് അര്‍ഷ് കോളനിയില്‍. എല്ലാവരും വംശഹത്യയുടെ ഇരകള്‍. ഓരോ വീട്ടുകാര്‍ക്കും പറയാന്‍ നെഞ്ചു നെടുകെ പിളര്‍ക്കുന്ന കഥയുണ്ട്. സലിം ശെയ്ഖിന്റെ വീട്ടില്‍ അപ്പോഴും ആഘോഷം നിലച്ചിരുന്നില്ല.

മൂന്നാം ഭാഗം: പര്‍സാനിയക്കഥയെ തോല്‍പ്പിച്ച് മുസഫറിന്റെ ജീവിതം
Next Story

RELATED STORIES

Share it