എറണാകുളം നഗരത്തില്‍ വന്‍ തീപ്പിടിത്തം; ഹോട്ടല്‍ കത്തിനശിച്ചു

കൊച്ചി: പാലാരിവട്ടത്ത് ഹോട്ടലില്‍ വന്‍ തീപ്പിടിത്തം. ഹോട്ടല്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങളിലേക്കു തീ പടര്‍ന്നെങ്കിലും അഗ്നിശമനസേന ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കിയതോടെ വന്‍ അപകടം ഒഴിവായി. ഹോട്ടലിലെ ജീവനക്കാരന്റെ കൈയില്‍ ചെറിയ പൊള്ളലേറ്റതൊഴിച്ചാല്‍ മറ്റ് ആളപായമില്ല.
ഇന്നലെ വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. പാലാരിവട്ടം പെട്രോള്‍ പമ്പിന് സമീപത്തെ കുന്നത്ത് ബില്‍ഡിങ്‌സിന്റെ ഇരുനില കെട്ടിടത്തില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ആര്യ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. കാലിയായ ഗ്യാസ് സിലിണ്ടര്‍ മാറ്റി പിടിപ്പിക്കുന്നതിനിടയില്‍ വാതകം ചോരുകയും അടുപ്പില്‍ നിന്ന് തീ ആളിപ്പടരുകയുമായിരുന്നു. തുടര്‍ന്ന് ജോലിക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും അതിവേഗം പുറത്തേക്ക് കടന്നതിന് പിന്നാലെ ഹോട്ടലിനുള്ളിലേക്ക് തീ വ്യാപിച്ചു. ഹോട്ടലുള്‍പ്പെടെ നാല് കടകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
സമീപത്തെ കടയില്‍ ഉപയോഗിച്ചിരുന്ന ജനറേറ്ററിലേക്ക് തീ പടര്‍ന്ന് പിടിച്ചതോടെ താഴത്തെ നിലയിലെ മറ്റ് കടകളിലേക്കും വ്യാപിക്കുകയായിരുന്നു.  പാചകാവശ്യങ്ങള്‍ക്കായി ആറ് ഗ്യാസ് സിലിണ്ടറുകള്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ മൂന്ന് സിലിണ്ടറുകളില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചു. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എസ് ഉണ്ണികൃഷ്്ണന്റെ നേതൃത്വത്തില്‍ രണ്ട് അഗ്നിശമനസേന യൂനിറ്റ് ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്.
Next Story

RELATED STORIES

Share it