kasaragod local

എരിഞ്ഞടങ്ങാത്ത വിദ്വേഷം നൂറുമീറ്റിനുള്ളില്‍ രണ്ടു ചിതകളില്‍ കത്തിയമര്‍ന്നു

ബോവിക്കാനം: കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട ബിഎസ്എന്‍എല്‍ ഡിവിഷനല്‍ എന്‍ജിനിയര്‍ പി സുധാകര നായകിന്റെയും ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയ അയല്‍വാസി രാധാകൃഷ്ണന്റെയും മൃതദേങ്ങള്‍ ഇന്നലെ നൂറുമീറ്റിനുള്ളില്‍ രണ്ട് ചിതകളിലായി കത്തിതീരുമ്പോള്‍ വര്‍ഷങ്ങളായി വച്ചുപുലര്‍ത്തുന്ന രണ്ട് വ്യക്തികളുടെ ഒടുങ്ങാത്ത വിദ്വേഷമാണ് കൊലപാതകത്തിലൂടെ പരിസമാപ്തി കുറിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് രാധാകൃഷ്ണന്റെയും നാലേമുക്കാലിന് സുധാകര നായകിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. രാധാകൃഷ്ണന്റെ പിതാവ് സ്‌കൂള്‍ അധ്യാപകനായ ജയറാമിന്റെ കാലത്ത് തുടങ്ങിയതായിരുന്നു ഇരു കുടുംബങ്ങളും തമ്മിലുള്ള വൈരാഗ്യം. സ്വത്ത് തര്‍ക്കത്തിന്റെയും വഴിതര്‍ക്കത്തിന്റെയും പേരില്‍ നാട്ടുമധ്യസ്ഥതയിലും കോടതികളിലും തീര്‍പ്പാവാത്ത വൈരാഗ്യമാണ് കൊലപാകത്തില്‍ കലാശിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ വീട്ടിലേക്ക് പോകുമ്പോള്‍ സുധാകരയെ കാറിടിച്ച് വീഴ്ത്തി കൈമഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കാഴ്ച കണ്ട രാധാകൃഷ്ണന്റെ സഹോദരി കൊല്ലരുതെന്ന് നിലവിളിച്ച് വീട്ടിലേക്ക് ഓടുകയായിരുന്നു. കൊലപാതകം കഴിഞ്ഞ് വീട്ടിലെത്തി കാര്‍ ഉപേക്ഷിച്ച ശേഷം സ്‌കൂട്ടറെടുത്ത് വീട്ടില്‍ നിന്ന് പോകുന്നതിനിടയില്‍ ഞാന്‍ അവനെ കൊന്നു ഇനി തന്നെ അന്വേഷിക്കേണ്ടെന്ന് പറഞ്ഞാണ് ഇറങ്ങിയത്. പിന്നീട് സ്‌കൂട്ടറില്‍ കുമ്പളയിലെത്തി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. സാമാന്യം സാമ്പത്തിക ശേഷിയുള്ള രാധാകൃഷ്ണന്‍ നാട്ടിലെ എല്ലാ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുന്ന ആളും മികച്ച കര്‍ഷകനുമായിരുന്നു.
എട്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന്റെ പിതാവ് ജയറാം മരിക്കുന്നത്. ഇതിന് മുമ്പ് ജയറാമിനെ കാസര്‍കോട് വച്ച് ഒരു സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നില്‍ സുധാകരനാണെന്ന് രാധാകൃഷ്ണന്‍ വിശ്വസിച്ചിരുന്നു.
തനിക്ക് അവകാശപ്പെട്ട സ്വത്തുക്കള്‍ സുധാകര കൈയടക്കി വെച്ചിരിക്കുകയാണെന്ന് രാധാകൃഷ്ണന്‍ പലപ്പോഴും പറയാറുണ്ടായിരുന്നു. കുടുംബപരമായി ഉണ്ടായിരുന്ന വിരോധം മൂര്‍ച്ഛിച്ചതാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ മൂന്ന് ദിവസമായി രാധാകൃഷ്ണന്‍ അധികം ആരോടും സംസാരിക്കാത്ത മനോനിലയിലായിരുന്നുവെന്നും അടുത്തറിയുന്നവര്‍ പറയുന്നു.
Next Story

RELATED STORIES

Share it