Flash News

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കരുത്; അഞ്ചു വര്‍ഷം സമയം അനുവദിക്കണം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കരുതെന്നും ചുരുങ്ങിയത് അഞ്ചു വര്‍ഷം സമയം അനുവദിക്കണമെന്നും പാര്‍ലമെന്ററി സമിതി. എയര്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കാനുള്ള സമയം ഇതല്ല. സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാന്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷത്തെ സമയം അനുവദിക്കണമെന്നും സമിതി വ്യക്തമാക്കി.
വിമാന കമ്പനിയുടെ കടം എഴുതിത്തള്ളണമെന്നും സമിതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഇന്ത്യയുടെ അഭിമാനമായ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിനു പകരം ബദല്‍ മാര്‍ഗം കണ്ടെത്തണം. ഗതാഗതം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയുടെ ചുമതലയുള്ള പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രകൃതിദുരന്തങ്ങളോ രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളോ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ എയര്‍ ഇന്ത്യ അവസരത്തിനൊത്തുയര്‍ന്നു പ്രവര്‍ത്തിക്കാറുണ്ട്. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം ലാഭത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല വിലയിരുത്തേണ്ടതെന്നും സമിതി വ്യക്തമാക്കി.
ഓഹരി വില്‍പനയിന്‍മേലുള്ള പുതുക്കിയ കരട് റിപോര്‍ട്ട് സമിതി പരിശോധിച്ചു. 2012 മുതല്‍ 2022 വരെയുള്ള പത്തു വര്‍ഷക്കാലത്തേക്കുള്ള ടേണ്‍ എറൗണ്ട് പ്ലാനും സാമ്പത്തിക പുനസ്സംഘടനാ പ്ലാനും വിലയിരുത്തിയപ്പോള്‍ എയര്‍ ഇന്ത്യ എല്ലാ കാര്യത്തിലും മുന്നേറ്റം കാണിക്കുന്നുണ്ട് എന്നു വ്യക്തമായി. ടേണ്‍ എറൗണ്ട് പ്ലാനിന്റെ കാലാവധി കഴിയുന്നതുവരെ വിമാന കമ്പനിയുടെ സാമ്പത്തിക നിലയും പ്രകടനവും സര്‍ക്കാരിനു വിലയിരുത്താമെന്നും അതുപ്രകാരം ഉചിതമായ തീരുമാനമെടുക്കാമെന്നും സമിതി വ്യക്തമാക്കി.
എയര്‍ ഇന്ത്യ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ ആരംഭിച്ച ഈ ഘട്ടത്തില്‍ ഓഹരിവില്‍പനയുമായി മുന്നോട്ടുപോവുന്നത് ഉചിതമല്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് , എയര്‍ ഇന്ത്യ എസ്എടിഎസ് എയര്‍പോര്‍ട്ട് സര്‍വീസസ് തുടങ്ങിയ ഉപസ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അവ സ്വകാര്യവല്‍ക്കരിക്കരുതെന്നും സമിതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it