Flash News

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം : കേന്ദ്രമന്ത്രി സഭയുടെ അനുമതി



ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിന് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. സ്വകാര്യവല്‍ക്കരണം സ്ഥാപനത്തിന്റെ മുന്നോട്ടുപോക്കിനുള്ള പുതിയ സാധ്യതകളാണ് തുറക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഉപ സ്ഥാപനങ്ങള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കും. സ്ഥാപനത്തെ സംരക്ഷിക്കുന്നതിനുള്ള ചില സാധ്യതകള്‍ കണ്ടെത്തിയതായും ജെയ്റ്റ്‌ലി പറഞ്ഞു. 140 വിമാനങ്ങളുള്ള എയര്‍ ഇന്ത്യ 41 അന്താരാഷ്ട്ര റൂട്ടുകളിലും 72 ആഭ്യന്തര റൂട്ടുകളിലുമാണ് സര്‍വീസ് നടത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര റൂട്ടുകളില്‍ 17 ശതമാനവും ആഭ്യന്തര റൂട്ടുകളില്‍ 14.6 ശതമാനവും വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യയുടേതാണ്. കടക്കെണിയിലായ എയര്‍ ഇന്ത്യയെ കരകയറ്റാനാണ് സ്വകാര്യവല്‍ക്കരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.നേരത്തേ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിന് നീതി ആയോഗ് നിര്‍ദേശിച്ചിരുന്നു. സ്ഥാപനത്തിന്റെ 30,000 കോടി രൂപയോളം വായ്പ എഴുതിത്തള്ളാനും നീതി ആയോഗ് നിര്‍ദേശിച്ചിരുന്നു. 50,000 കോടിയോളമാണ് സ്ഥാപനത്തിന്റ ആകെ കടബാധ്യത. ഇതില്‍ 22000 കോടി പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനായി കടമെടുത്ത തുകയാണ്. 4,500 കോടിയാണു സ്ഥാപനം പ്രതിവര്‍ഷം പലിശയിനത്തില്‍ ചെലവഴിക്കുന്നത്. കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനായി ടാറ്റാ ഗ്രൂപ്പ് ശ്രമിക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it