kasaragod local

എന്‍ഡോസള്‍ഫാന്‍ പുനരധിവാസം: നിര്‍മാണ പ്രവൃത്തിക്ക് തുടക്കം

കാസര്‍കോട്്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ചികില്‍സക്കും വിദ്യാഭ്യാസത്തിനും സ്വയംതൊഴിലിനും പദ്ധതിയാവുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ദുരിതബാധിതരുടെ പുനരധിവാസത്തിന് ബോവിക്കാനം മുതലപ്പാറയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കാസര്‍കോട് എസ്‌റ്റേറ്റിന് സമീപത്തെ 25 ഏക്കര്‍ സ്ഥലം അനുവദിച്ചിരുന്നു. 11 ഏക്കറിന്റെയും 14 ഏക്കറിന്റെയും രണ്ട് പ്ലോട്ടുകളാണ് പുനരധിവാസത്തിനായി അനുവദിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ അഞ്ച് ലക്ഷം രൂപ ഇതിന് വേണ്ടി നീക്കിവച്ചിരുന്നു. 25 കോടി രൂപയുടെ പുനരധിവാസ പാക്കേജ് നടപ്പിലാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ഡോ. മുഹമ്മദ് അഷീലിന്റെ നേതൃത്വത്തില്‍ സമഗ്ര പ്രൊജക്ട് തയ്യാറാക്കാന്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സെല്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തികച്ചും പരിസ്ഥിതി സൗഹൃദ രൂപരേഖ കഴിഞ്ഞമാസം 14ന് ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സെല്‍ യോഗം അംഗീകരിച്ചിരുന്നു. നിലവിലുള്ള സ്ഥലം നിരപ്പാക്കി മണ്ണിട്ട് കെട്ടിടങ്ങളും കുടിവെള്ള സൗകര്യവും പഠന സൗകര്യവും ദുരിതബാധിതരെ സ്വയംപര്യാപ്തരാക്കുന്നതിന്റെ ഭാഗമായി സ്വയം തൊഴില്‍ പരിശീലനവും നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഈമാസം 15ന് ചേരുന്ന ഡിപിആര്‍ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നാണറിയുന്നത്. ദേശീയ-അന്തര്‍ദേശീയമായ പുനരധിവാസ കേന്ദ്രങ്ങളെ മാതൃകയാക്കിയാണ് മുളിയാറിലെ പുനരധിവാസ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. 25 ഏക്കറിലുള്ള പദ്ധതി പ്രദേശം രണ്ടുഭാഗമായാണ് സ്ഥിതി ചെയ്യുന്നത്. ഇടയില്‍ ഒരു റോഡ് കടന്നുപോകുന്നതിനാലാണ് സ്ഥലം രണ്ടു പ്ലോട്ടുകളായി തിരിച്ചത്. ആകെ സ്ഥലത്തിന്റെ 40 ശതമാനം സ്ഥലമാണ് കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്നതെങ്കിലും 90 ശതമാനം പ്രദേശവും പച്ചപ്പ് നിലനിര്‍ത്തി പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പുനരധിവാസ കേന്ദ്രത്തിന്റെ രൂപരേഖ. പദ്ധതി പ്രദേശത്തുനിന്നു തന്നെ ലഭിക്കുന്ന ചെങ്കല്ല് ഉപയോഗിച്ചാകും കെട്ടിട നിര്‍മാണം. ക്ലിനിക്കോ ആശുപത്രിയോ പോലെ തോന്നാത്ത രീതിയില്‍ ഒരു പാര്‍ക്കിന്റെ അന്തരീക്ഷമാകും ഇവിടെ അനുഭവപ്പെടുക.
പുനരധിവാസ കേന്ദ്രത്തെ അഞ്ച് കാറ്റഗറികളായി തിരിച്ചാകും ദുരിതബാധിതരെ പരിചരിച്ചു താമസിപ്പിക്കുന്നത്. ആദ്യകാറ്റഗറിയില്‍ 18 വയസിന് താഴെയുള്ള കുട്ടികളെ സ്വയം പര്യാപ്തമാക്കുന്ന തരത്തിലുള്ള ഫോസ്റ്ററിങ് യുനിറ്റാകും. രണ്ടാമത്തേത് 18 വയസിന് മുകളിലുള്ള ദുരിതബാധിതരായ ഭിന്നശേഷിക്കാരായിട്ടുള്ളവര്‍ക്കുള്ള അസിസ്റ്റന്റ് ലിവിങ് സെന്ററുകളാണ്. നാലോ അഞ്ചോ പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് അസിസ്റ്റന്റ് ലിവിങ് സെന്ററുകള്‍ ഒരുക്കുന്നത്. അസിസ്റ്റന്റ് ലിവിങ്് സെന്ററുകളില്‍ താമസിക്കുവാന്‍ പര്യാപ്തമാക്കുന്നതിനുള്ള ഹാഫ് വേ ഹോം ആണ് മൂന്നാമതായി വരുന്നത്. പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്ക് വേണ്ടിയുള്ള ഹൈ ഡിപെന്‍ഡന്‍സി സെന്ററുകളാണ് അടുത്തത്. അവസാന കാറ്റഗറിയാണ് ഷോര്‍ട്ട് സ്‌റ്റേ സെന്ററുകള്‍. കിടപ്പിലായവരെ പരിചരിക്കുന്നവര്‍ക്ക് അടിയന്തരമായ പുറത്തുപോകണമെങ്കില്‍ കിടപ്പിലായവരെ പരിചരിക്കുന്ന കേന്ദ്രമാണ് ഷോര്‍ട്ട് സ്‌റ്റേ സെന്റര്‍.
പൂന്തോട്ടവും കൃഷിയിടങ്ങളും നിര്‍മാണ യുനിറ്റുകളും റിസര്‍ച്ച് സെന്റുകളും ഉള്‍പ്പെടുന്നതാവും മുളിയാറിലെ പുനരധിവാസ കേന്ദ്രം. പദ്ധതി നിര്‍മാണം ഊരാളുങ്കാല്‍ സൊസൈറ്റിയെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ഇന്നലെ അധികൃതരുടെ സാന്നിധ്യത്തില്‍ പുനരധിവാസത്തിന് അനുവദിച്ച സ്ഥലത്തെ കാടുകള്‍ വെട്ടിത്തെളിച്ച് നിര്‍മാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചു.

Next Story

RELATED STORIES

Share it