Idukki local

എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കി ; അന്തര്‍ സംസ്ഥാനസംഘം വിതരണം ചെയ്തത് രണ്ടുകോടിയുടെ കള്ളനോട്ട്



തൊടുപുഴ: വണ്ടിപ്പെരിയാര്‍ പോലിസ് പിടികൂടിയ അന്തര്‍ സംസ്ഥാന കള്ളനോട്ടു സംഘം കഴിഞ്ഞ ഏഴു മാസത്തിനിടയില്‍ അച്ചടിച്ചു വിതരണം ചെയ്തതു രണ്ടു കോടി രൂപയുടെ അഞ്ഞൂറു രൂപ നോട്ടുകള്‍.  കേസില്‍ 20പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും 200 കോടി രൂപ അച്ചടിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഇടുക്കി എസ്പി പി ജി വേണുഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പിടിയിലാകാനുള്ളവരില്‍ ഇവരുടെ സഹായികളായ യുവതികളുമുണ്ട്.പത്തു വര്‍ഷമായി ഇവര്‍ കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതായി പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം പോലിസിന്റെ പിടിയിലായ നാലു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി  നടത്തിയ തെളിവെടുപ്പില്‍  പോലിസ് ഇവരുടെ ബാംഗ്ലൂര്‍ ഹൊസൂറിലെ രഹസ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ അത്യാധുനിക കള്ളനോട്ടു നിര്‍മാണ സാമഗ്രികള്‍ പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 16ന് ചാവക്കാടു സ്വദേശി അഫ്‌സറിനെ അറസ്റ്റു ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ അറസ്റ്റു ചെയ്ത പ്രതികളുടെ എണ്ണം പത്തായി. ഇവരില്‍ നിന്നും 42 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഇതു വരെ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം പിടിയിലായ തമിഴ്‌നാട് മധുര ജില്ലയില്‍ ശ്രീറാം നഗര്‍ സ്ട്രീറ്റില്‍ ഡോര്‍ നമ്പര്‍ 35/23ല്‍ അന്‍പ് സെല്‍വം (രാജു ഭായ്-48), നെടുങ്കണ്ടം മൈനര്‍ സിറ്റി കിഴക്കേതില്‍ വീട്ടില്‍  സുനില്‍ കുമാര്‍ (രമേശ് -39), അണക്കര പുറ്റടി അച്ചന്‍കാനം കടിയന്‍കുന്നില്‍ രവീന്ദ്രന്‍ (കുഞ്ഞൂഞ്ഞ്), ചാവക്കാട് പുന്നയൂര്‍ അകലാട് പടിഞ്ഞാറേയില്‍ ഷിഹാബുദ്ദീന്‍ (ഫൈസു-43), കരുനാഗപ്പള്ളി ആദിനാട് അമ്പാടിയില്‍  കൃഷ്ണകുമാര്‍ (44) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ താമസിച്ചിരുന്ന  ഹൊസൂരിലുള്ള ഫഌറ്റില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും വ്യാജ നോട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള കംപ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍, ലാമിനേഷന്‍, മെഷീന്‍, ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത ഡിജിറ്റല്‍ ഗോള്‍ഡ് ഫോയില്‍ പ്രിന്റര്‍, മഷി, 33 ഇഞ്ച് ജിഎസ്എം ഓഫ് വൈറ്റ് പ്രിന്റിങ് പേപ്പര്‍ തുടങ്ങി 38 ഇനം നിര്‍മാണ സാമഗ്രികളാണ് പിടിച്ചെടുത്തത്. കൂടാതെ 500 രൂപയുടെ പകുതി പ്രിന്റു ചെയ്ത പേപ്പറുകള്‍, ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് അയണുകള്‍ എന്നിവയും പിടിച്ചെടുത്തു. നിലവില്‍ പിടിച്ചെടുത്ത പേപ്പറും മഷിയും ഉപയോഗിച്ച് അഞ്ചു കോടി രൂപയുടെ നോട്ടുകള്‍ നിര്‍മിക്കാനാകും. നോട്ടു നിര്‍മിക്കാന്‍ പേപ്പര്‍ സെക്കന്തരാബാദില്‍ നിന്നാണ് വാങ്ങിയത്. ഇവ എ ഫോര്‍ സൈസില്‍ ആക്കി മൂന്നു നോട്ടുകള്‍ വീതം അച്ചടിക്കുകയായിരുന്നു പതിവ്. രണ്ടു പേപ്പറുകള്‍ക്കു നടുവില്‍ പ്ലാസിറ്റിക് ഷീറ്റ് വച്ച് ഇലക്ട്രിക് അയണ്‍ ഉപയോഗിച്ച് ചൂടാക്കിയാണ് പ്രിന്റ് എടുത്തിരുന്നത്. ഗാന്ധിജിയുടെ ചിത്രവും വാട്ടര്‍ മാര്‍ക്കും അതി വിദഗ്ധമായി ഇതില്‍ ചേര്‍ക്കും. കള്ളനോട്ടുകള്‍ തിരിച്ചറിയുന്ന യുവി ലൈറ്റില്‍ അല്ലാതെ ഈ വ്യാജ നോട്ടുകള്‍ കണ്ടു പിടിക്കുക ബുദ്ധിമുട്ടാണെന്നും പോലിസ് പറഞ്ഞു. നാലു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിക്കുന്നതിന് സംഘത്തിന് 10000 രൂപയില്‍ താഴെ മാത്രമാണ് ചെലവായത്. നെടുങ്കണ്ടം മൈനര്‍ സിറ്റി സ്വദേശി സുനില്‍കുമാറാണ് കേസിലെ മുഖ്യ സൂത്രധാരന്‍. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആര്‍ട്ടിസ്റ്റായ ഇയാളാണ് കള്ളനോട്ടു വിദഗ്ധന്‍.  നെടുങ്കണ്ടം തുണ്ടിയില്‍ ജോജോ ജോസഫ് (30) ഭാര്യ അനുപമ (23) എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് ആദ്യം വണ്ടിപ്പെരിയാറില്‍ അറസ്റ്റിലായത്.കുട്ടിക്കാനത്തെ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ചതിനു ശേഷം കള്ളനോട്ടു നല്‍കി കാര്‍ നിര്‍ത്താതെ പോയ ഇവരെ വണ്ടിപ്പെരിയാര്‍ ടൗണില്‍ വാഹനം തടഞ്ഞാണ് പിടികൂടിയത്. പിന്നീട് ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മധുര ഉശലംപെട്ടി കുറവക്കുടി വീരപാണ്ടി കിഴക്ക് തെരുവില്‍ താമസക്കാരനായ അയ്യര്‍ (40), മധുര കണ്ണദാസന്‍ തെരുവില്‍ എസ്എസ് കോളനിയില്‍ താമസക്കാരനായ ഷണ്‍മുഖ സുന്ദരം (54) എന്നിവരെ അസ്റ്റു ചെയ്തു. ഇനി പിടിയിലാകാനുള്ളവരില്‍ മൂന്നു പേര്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനാല്‍ ഒളിവിലാണ്. കേസിനു രാജ്യാന്തര ബന്ധമുണ്ടോയെന്ന സംശയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ഡിവൈഎസ്പി എന്‍.സി. രാജ്‌മോഹന്‍, സിഐ റെജി എം കുന്നിപ്പറമ്പന്‍, എസ്‌ഐമാരായ ജോബി തോമസ്, എസ്‌ഐ ബജിത് ലാല്‍, എഎസ്‌ഐ സജിമോന്‍ ജോസഫ്, എസ്‌സിപിഒമാരായ തങ്കച്ചന്‍ മാളിയേക്കല്‍, സതീഷ്‌കുമാര്‍, എസ് സുബൈര്‍, ബെസില്‍ പി ഐസക്ക്, സിപിഒ സലില്‍ രവി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it