Gulf

എന്‍ആര്‍ഐ സംവരണം സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കാന്‍ ഇടപെടും: കോടിയേരി ബാലകൃഷ്ണന്‍

എന്‍ആര്‍ഐ സംവരണം സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കാന്‍ ഇടപെടും: കോടിയേരി ബാലകൃഷ്ണന്‍
X


ദമ്മാം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റുകള്‍ക്ക് ഭീമമായ തുക ഫീസ് വാങ്ങുന്ന പ്രവണതക്ക് അറുതി വരുത്തി സാധാരണക്കാരായ പ്രവാസികളുടെ മക്കള്‍ക്കും ഗുണകരമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദാറുസ്സിഹ ഓഡിറ്റോറിയത്തില്‍ ഇറാം ഗ്രൂപ്പ് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ മാനേജുമെന്റുകള്‍ വിദ്യാഭ്യാസ മേഖലയെ വാണിജ്യവല്‍ക്കരിച്ച് കൊള്ളലാഭം കൊയ്യുന്നതിനാണ് എന്‍ആര്‍ഐ സീറ്റുകള്‍ ഉപയോഗിക്കുന്നത്. ഈ പ്രവണത നിര്‍ത്തലാക്കണമെന്നാണ് ഇടതു സര്‍ക്കാരിന്റെ നിലപാട്. പൊതുമേഖലയിലുള്ള ആതുരാലയങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള ആര്‍ദ്രം പദ്ധതിയില്‍ പ്രവാസികളുടെ സഹകരണവും സഹായവും കോടിയേരി അഭ്യര്‍ഥിച്ചു. ഇറാം ഗ്രൂപ്പ് സിഎംഡി ഡോ. സിദ്ദീഖ് അഹമ്മദ് ആമുഖ പ്രഭാഷണത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ആര്‍ഐ ക്വാട്ട എന്ന പേരില്‍ വിദ്യാഭ്യാസ മേഖല പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. പ്രവാസികളുടെ നിര്‍ബന്ധിത തിരിച്ചുപോക്കിന്റെ സാഹചര്യത്തില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് സഹായകമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടാകണം. നാട്ടിലെ മെഡിക്കല്‍ കോളജുകളില്‍ പ്രവാസികള്‍ക്ക് അര്‍ഹമായ ചികില്‍സകള്‍ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാറുസ്സിഹ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഖാലിദ് തുവൈജിരി, ഫഹദ് അല്‍ തുവൈജിരി, എന്‍ജിനീയര്‍ നാസര്‍ അല്‍ഷിഹ എന്നിവര്‍ സൗദിയുടെ പാരമ്പര്യ വസ്ത്രമായ 'മിസ്ല' ധരിപ്പിച്ച് കോടിയേരിയെ ആദരിച്ചു. ഇറാം ഗ്രൂപ്പ് സിഇഒ അബ്ദുല്‍ റസാഖ്, ഓപറേഷന്‍ മാനേജര്‍ മുഹമ്മദ് അഫ്നാസ് ബൊക്കെ നല്‍കി സ്വീകരിച്ചു. സാജിദ് ആറാട്ടുപുഴ സ്വാഗതവും നാസര്‍ ഖാദര്‍ നന്ദിയും പറഞ്ഞു. സോഫിയ ഷാജഹാന്‍ അവതാരകയായിരുന്നു.
Next Story

RELATED STORIES

Share it