kasaragod local

എന്നും വിവാദത്തില്‍; പൊട്ടിനെച്ചൊല്ലി മന്ത്രിസ്ഥാന ത്യാഗം

കാസര്‍കോട്്: ചെര്‍ക്കളത്തിന്റെ ജീവിതം എന്നും വിവാദത്തിലായിരുന്നു. 2001ല്‍ മന്ത്രിയായി അധികാരമേറ്റ ശേഷം ഇദ്ദേഹത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ നിന്ന് സ്വീകരിച്ചാനയിച്ചിരുന്നു. ഘോഷയാത്ര ചെറുവത്തൂരിലെത്തിയപ്പോള്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ചെര്‍ക്കളത്തിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടായി.
ക്രമസമാധാന ഭംഗം സൃഷ്ടിച്ചുവെന്ന് ആരോപിച്ച് ചെര്‍ക്കളത്തിനെതിരേ അന്നത്തെ പ്രതിപക്ഷം രംഗത്തുവന്നെങ്കിലും പിന്നീടത് കെട്ടടങ്ങുകയായിരുന്നു. 2003ല്‍ മന്ത്രിയായിരിക്കെ സംസ്ഥാന സര്‍ക്കാറിന്റെ അതിഥിയായി കേരള സന്ദര്‍ശനത്തിനെത്തിയ ശൃംഗേരി മഠാധിപതിയെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ വച്ച് ഔദ്യോഗികമായി സ്വീകരിക്കാന്‍ ചെര്‍ക്കളത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. മഠാധിപതിയെ സ്വീകരിക്കാന്‍ നിരവധി പേരാണ് എത്തിയിരുന്നത്. ഇതില്‍ ചിലര്‍ ചെര്‍ക്കളത്തിന്റെ നെറ്റിയില്‍ പൊട്ടുചാര്‍ത്തി. ഇതിന്റെ ഫോട്ടോകള്‍ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ സുന്നീ സംഘടനകളും പാര്‍ട്ടിയിലെ ഒരു വിഭാഗവും ചെര്‍ക്കളത്തിനെതിരെ രംഗത്തുവന്നു.
അന്നത്തെ എസ്‌വൈഎസ് പ്രസിഡന്റായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ വീണ്ടും ശഹാദത്ത് കലിമ ചൊല്ലണമെന്ന് ആവശ്യപ്പെട്ടു. ഇത് വന്‍ കോളിളക്കത്തിന് കാരണമായി. തുടര്‍ന്ന് പാണക്കാട് കൊടപ്പനക്കല്‍ തറവാടില്‍ ചേര്‍ന്ന മുസ്്‌ലിംലീഗ് ഉന്നതതല യോഗത്തില്‍ ചെര്‍ക്കളം നിലപാടില്‍ ഉറച്ചുനിന്നു. എന്നാല്‍ ആന്റണി രാജിവച്ച് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വന്ന സര്‍ക്കാറില്‍ ചെര്‍ക്കളത്തെ ഒഴിവാക്കി കെ കുട്ടി അഹമ്മദ് കുട്ടിയെ പകരം മന്ത്രിയാക്കുകയായിരുന്നു. ഇതിന് ശേഷം പാര്‍ട്ടിയില്‍ സജീവമായി. കാസര്‍കോട് ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റായി 2017 വരെ തുടര്‍ന്നു. 2002ലാണ് ഇദ്ദേഹം പ്രസിഡന്റായത്. മൂന്ന് തവണ ഭാരവാഹികളായവരെ മാറ്റണമെന്ന ലീഗ് ഭരണ ഘടന പ്രകാരം ചെര്‍ക്കളം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെങ്കിലും നിലവിലുള്ള ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന് ജില്ലാ പ്രസിഡന്റ് സ്ഥാനം നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ എതിര്‍പ്പിന് കാരണമായിരുന്നു.
ചെര്‍ക്കളത്തിന് ഒരവസരം കൂടി നല്‍കണമെന്ന ആവശ്യം നേതൃത്വം പരിഗണിച്ചില്ല. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, പി കെ കുഞ്ഞാലിക്കുട്ടി എംപി എന്നിവര്‍ ചെര്‍ക്കളവുമായി ചര്‍ച്ച നടത്തി സംസ്ഥാന ഖജാഞ്ചി പദം വാഗ്്ദാനം ചെയ്തു. എന്നാല്‍ ഈ സ്ഥാനം കിട്ടാന്‍ ചെര്‍ക്കളത്തിന് മാസങ്ങള്‍ കാത്തിരിക്കേണ്ടിവന്നു.നിലവില്‍ സംസ്ഥാന ഖജാഞ്ചിയാണ്. ആദ്യ അങ്കത്തില്‍ സ്വന്തം പഞ്ചായത്തിലെ വാര്‍ഡില്‍ സിപിഎമ്മിലെ പി കെ മുഹമ്മദിനോട് പരാജയപ്പെട്ടു.
Next Story

RELATED STORIES

Share it