palakkad local

എന്തിനു വെറുതേ ഇ-ടോയ്‌ലറ്റ്

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ബസ്സ്റ്റാന്റില്‍ സ്ത്രീകളുടെ ഇരിപ്പിടത്തിനു സമീപം ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ഇ-ടോയിലറ്റ് അടച്ചിട്ടു. സ്ത്രീകള്‍ക്കുവേണ്ടി നിര്‍മിച്ച ടോയ്‌ലറ്റ് പ്രവര്‍ത്തന രഹിതമായിട്ട് വര്‍ഷങ്ങളായി. ചുരുങ്ങിയ ദിവസം മാത്രമാണ് ഇതു പ്രവര്‍ത്തിച്ചത്.
ഇതില്‍തന്നെ പകുതി ദിവസങ്ങളിലും വെള്ളമില്ലാതെയും. ഷൊര്‍ണൂര്‍ നഗരസഭ 2014-15 വാര്‍ഷിക പദ്ധതി പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ഇ-ടോയിലറ്റ് സ്ഥാപിച്ചത്. ഇറാം സൈന്റിഫിക് കമ്പനിയാണ് ടോയ്‌ലറ്റ് സ്ഥാപിക്കുകയും മെയിന്റനന്‍സ് ഏറ്റെടുക്കുകയും ചെയ്തത്. എന്നാല്‍, നഗരസഭ സര്‍വീസ്തുക നല്‍കാത്തതിനെ തുടര്‍ന്നാണ് ഇ-ടോയ്‌ലറ്റ് പ്രവര്‍ത്തനം നിലച്ചത്.
2017 സപ്തംബര്‍ വരെ കമ്പനിക്ക് യാതൊരു തുകയും കിട്ടാതെ തന്നെ സൗജന്യ സര്‍വീസ് നല്‍കിയതായി കമ്പനി അധികൃതര്‍ പറയുന്നു. ആവശ്യപ്പെട്ട സര്‍വീസ് ഫീസ് നഗരസഭ അനുവദിക്കാത്തതിനാല്‍ ഇ-ടോയ്‌ലറ്റ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു എന്ന് കാണിച്ച് സ്റ്റിക്കര്‍ പതിച്ചിരിക്കുകയാണ്.
ഇ-ടോയ്‌ലറ്റ് പ്രവര്‍ത്തനരഹിതമായതോടെ സ്റ്റാ ന്റില്‍ എത്തുന്ന സ്ത്രീകള്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുകയാണ്. നഗരസഭയുടെ തന്നെ മറ്റൊരു ടോയ്‌ലറ്റ് സംവിധാനമുണ്ടെങ്കിലും പലരും അവിടെ പോകാന്‍ മടിക്കുകയാണ്.
മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറിയതിനാലാണ് സ്ത്രീകളും നഗരസഭ ശൗചാലയത്തെ ഉപയോഗപ്പെടുത്താന്‍ പേടിക്കുന്നത്. പലരും ഹോട്ടലുകളിലെ ടോയിലറ്റുകളെയാണ് ആശ്രയിക്കുന്നത്. പ്രവര്‍ത്തനരഹിതമായ ഇ-ടോയ്‌ലറില്‍ നിന്നും ദുര്‍ഗന്ധം പരക്കുന്നതു കാരണം സ്ത്രീകളുടെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ പോലും കഴിയുന്നില്ല.

Next Story

RELATED STORIES

Share it