എത്തിക്‌സ് കമ്മിറ്റിയുടെ ധര്‍മസങ്കടങ്ങള്‍

മധ്യമാര്‍ഗം -  പരമു

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണ് നിയമസഭകളെ വിശേഷിപ്പിക്കാറുള്ളത്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ അവരുടെ അന്തസ്സ് കളഞ്ഞുകുളിക്കുന്നവിധം പെരുമാറുകയും അവര്‍ക്കു നേരെ പരാതികള്‍ ഉയരുകയും ചെയ്താല്‍ അതു പരിശോധിച്ച് നടപടികള്‍ക്കു ശുപാര്‍ശ ചെയ്യാനും സഭയ്ക്കു സംവിധാനമുണ്ട്. അതാണ് നിയമസഭാ എത്തിക്‌സ്-പ്രിവിലേജസ് കമ്മിറ്റി. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായ ഒരു കമ്മിറ്റിയാണു നിലവിലുള്ളത്. ഈ കമ്മിറ്റിയില്‍ പി സി ജോര്‍ജ് എംഎല്‍എ അംഗമാണ്. അദ്ദേഹം എന്തു മാനദണ്ഡമനുസരിച്ചാണ് ഈ കമ്മിറ്റിയില്‍ അംഗമായതെന്നു വ്യക്തമല്ല.
യാതൊരു കാരണവശാലും ഈ കമ്മിറ്റിയില്‍ അംഗമാവാന്‍ യോഗ്യതയില്ലാത്ത സാമാജികനാണ് അദ്ദേഹം. കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായ കഴിഞ്ഞ നിയമസഭയിലെ എത്തിക്‌സ്-പ്രിവിലേജസ് കമ്മിറ്റി പി സി ജോര്‍ജിനെ താക്കീത് ചെയ്യണമെന്നു ശുപാര്‍ശ ചെയ്തിരുന്നു. അതു കണക്കിലെടുത്ത് അന്നത്തെ സ്പീക്കര്‍ എന്‍ ശക്തന്‍ പി സി ജോര്‍ജിനെ ശാസിക്കുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന പ്രമേയം അന്നു സ്പീക്കര്‍ സഭയില്‍ വായിച്ചു. നടപടി വിനയത്തോടെ അനുസരിക്കുന്നുവെന്നായിരുന്നു സഭയ്ക്കകത്ത് പി സി ജോര്‍ജ് പറഞ്ഞത്. അങ്ങനെയുള്ള ജോര്‍ജ് ആണ് നിലവിലുള്ള എത്തിക്‌സ് കമ്മിറ്റിയില്‍ അംഗമായതെന്ന് ഓര്‍ക്കണം. നിയമസഭയുടെ സുപ്രധാനമായ ഈ കമ്മിറ്റിയില്‍ കടന്നുകൂടിയത് പി സി ജോര്‍ജിനു തന്നെ വിനയായിരിക്കുന്നു. ബിഷപ് പീഡിപ്പിച്ച കന്യാസ്ത്രീയെക്കുറിച്ച് വളരെ മോശമായ പരാമര്‍ശം നടത്തിയ പരാതി കമ്മിറ്റിയുടെ പരിഗണനയിലാണ്. കമ്മിറ്റി ഈ വിഷയം പരിഗണിക്കുമ്പോള്‍ അതില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെ എന്നാണ് സ്പീക്കര്‍ പറഞ്ഞത്.
എന്നാല്‍, താന്‍ എന്തിനാ പങ്കെടുക്കാതിരിക്കുന്നതെന്ന വിചിത്രമായ ചോദ്യമാണ് ആരോപണവിധേയനായ പി സി ജോര്‍ജിന്റെ വകയായി പുറത്തുവന്നത്. ആരോപണവിധേയനോടൊപ്പമിരുന്ന് ഈ വിഷയം പരിഗണിക്കണോ വേണ്ടയോ എന്നു മറ്റംഗങ്ങളാണു തീരുമാനിക്കേണ്ടത്.
എന്താണു സംഭവിക്കുകയെന്നത് അടുത്ത ദിവസം അറിയാം. പി സി ജോര്‍ജിനെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ വരെ സമിതിക്കു നല്‍കാം. അത്രയ്ക്കു ഗൗരവമുള്ളതാണ് കന്യാസ്ത്രീയുടെ പരാതി. ഇക്കാര്യത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ പി സി ജോര്‍ജിനെതിരേ കേസെടുക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടൊന്നും പി സി ജോര്‍ജ് എംഎല്‍എ കുലുങ്ങുമെന്നു വിചാരിക്കേണ്ട. കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ സഭയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. അന്നും അദ്ദേഹത്തിന് ഒരു കുലുക്കവുമുണ്ടായിട്ടില്ല. നടപടികളും ആരോപണങ്ങളും വിവാദങ്ങളും തനിക്ക് രാഷ്ട്രീയനേട്ടങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. നെഗറ്റീവ് പബ്ലിസിറ്റി തനിക്കു ശരിയായ വലിയ പബ്ലിസിറ്റി ഉണ്ടാക്കിത്തരുന്നു എന്ന കണക്കുകൂട്ടലുകളാണ് അദ്ദേഹത്തിനുള്ളതത്രേ!
കേരളത്തിന്റെ വികസനകാര്യങ്ങളിലോ നിയമനിര്‍മാണങ്ങളിലോ യാതൊരു ശ്രദ്ധയും ചെലുത്താതെ തിന്‍മയുടെ ഭാഗത്ത് നിലയുറപ്പിക്കുകയെന്നതാണ് എംഎല്‍എയുടെ ഇപ്പോഴത്തെ ജനസേവനം. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതിക്കു വേണ്ടി അദ്ദേഹം വാദിച്ചു. ഇങ്ങനെ എത്രയോ സംഭവങ്ങള്‍. ജോര്‍ജിന്റെ ശത്രു അദ്ദേഹത്തിന്റെ നാക്കാണെന്നു പലരും പറയാറുണ്ട്. ഓരോ പ്രശ്‌നത്തിലും മുന്‍പിന്‍ നോക്കാതെ അഭിപ്രായപ്രകടനം നടത്തി കുടുങ്ങുന്നു എന്ന വിധത്തിലാണ് പലരും പറയുന്നത്. എന്നാല്‍, സത്യം ഇതല്ല. ജോര്‍ജ് ശരിയായ ബോധത്തില്‍ തന്നെയാണ് പക്ഷംപിടിക്കുന്നതും വാദിക്കുന്നതും. വലിയ നേട്ടങ്ങള്‍ ഇത്തരം നാടകംകളികളിലൂടെ എംഎല്‍എക്ക് ലഭിക്കുന്നുവെന്നാണ് ആക്ഷേപം. രാഷ്ട്രീയനേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും ഇതൊക്കെ അറിയാം. ജോര്‍ജിന്റെ നാവിനെ പേടിച്ച് അവരില്‍ പലരും മിണ്ടുന്നില്ല. പതുക്കെയാണെങ്കിലും സ്വന്തം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് ഇദ്ദേഹം വെറുക്കപ്പെട്ടവനായി മാറിയിരിക്കുന്നു. മലയാളികള്‍ക്ക് അപമാനമായ ഒരു എംഎല്‍എക്കു ലഭിക്കാവുന്ന വലിയ ശിക്ഷ ഇതുതന്നെയാണ്. ി
Next Story

RELATED STORIES

Share it