എടിഎം തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: വെരിഫിക്കേഷനെന്നും മറ്റും പറഞ്ഞ് വിവിധ ബാങ്കുകളുടെ ഹെഡ് ഓഫിസുകളില്‍ നിന്നെന്ന വ്യാജേന ഫോണില്‍ വിളിച്ച് എടിഎം കാര്‍ഡ് നമ്പറും ഒടിപി വിവരങ്ങളും ചോദിച്ചറിഞ്ഞു പണം തട്ടുന്ന സംഘത്തിലെ സ്ത്രീയുള്‍പ്പെടെ രണ്ടു പേരെ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ജാംതാര ജില്ലയിലെ കര്‍മാതര്‍ സ്വദേശികളായ ആശാദേവി (45), ബദ്രി മണ്ടല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ നവംബറിലാണു കേസിനാസ്പദമായ സംഭവം. മഞ്ചേരി സ്വദേശിയായ യുവാവാണു പരാതിക്കാരന്‍. എടിഎം നമ്പര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് എടിഎം കാര്‍ഡ് ബ്ലോക്ക് ആയിട്ടുണ്ടെന്നും അത് അണ്‍ബ്ലോക്ക് ചെയ്യുന്നതിനായി ഇപ്പോള്‍ ഫോണിലേക്ക് വന്ന ഒടിപി പറഞ്ഞ് തരണമെന്നും പ്രതികള്‍ പരാതിക്കാരനെ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. ഇതു വിശ്വസിച്ച യുവാവ് ഒടിപി പറഞ്ഞുകൊടുത്തു. ഇതോടെ അക്കൗണ്ടിലെ ഒന്നര ലക്ഷം രൂപ നഷ്ടപ്പെടുകയുമായിരുന്നു.
കേസിന്റെ  അന്വേഷണത്തിനായി മഞ്ചേരി ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജു, എസ്‌ഐ റിയാസ് ചാക്കീരി, എന്‍ എം അബ്ദുല്ല ബാബു, എസ് എ മുഹമ്മദ് ഷാക്കിര്‍, കെ വി ഉണ്ണികൃഷ്ണന്‍, പി മുഹമ്മദ് സലീം, കെ ജിജി, പി നിഖില എന്നിവരടങ്ങുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചിരുന്നു. അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ജാംതാര ജില്ലയില്‍ നിന്നുള്ളവരാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പോലിസ് സംഘം ജാര്‍ഖണ്ഡിലെത്തി അന്വേഷണം നടത്തിയെങ്കിലും അന്നു പ്രതികള്‍ പോലിസ് സാന്നിധ്യം തിരിച്ചറിഞ്ഞ് കടന്നുകളഞ്ഞു.ദേവ്ഗഡ് ജില്ലയിലെ സാറത്ത് എന്ന സ്ഥലത്ത് റെയ്ഡ് നടത്തുന്നതിനിടെ ജനക്കൂട്ടം ആക്രമിക്കാന്‍ തുനിഞ്ഞതിനാല്‍ പോലിസ് നീക്കം തടസ്സപ്പെട്ടു. ആശാ ദേവി പിടിയിലായതോടെയാണു സംഘത്തിലെ അംഗമായ ബദ്രി മണ്ടലിനെ സംബന്ധിച്ച് സൂചന ലഭിച്ചത്. ഇയാളെ സമാനമായ കേസില്‍ ജാര്‍ഖണ്ഡ് പോലിസ്, ജാര്‍ഖണ്ഡ് ജയിലില്‍ റിമാന്‍ഡ് ചെയ്തിട്ടുള്ളതാണ്. ഇയാളെ വൈകാതെ കേരളത്തിലേക്ക് എത്തിക്കുന്നതിനു നടപടി പോലിസ് സ്വീകരിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു നടപടി സ്വീകരിച്ചുവരികയാണ്.
Next Story

RELATED STORIES

Share it