malappuram local

എടശ്ശേരിക്കടവില്‍ സ്വകാര്യ കമ്പനിയുടെ അനധികൃത കിണര്‍ നിര്‍മാണം

അരീക്കോട്:  ചാലിയാര്‍ പുഴയോരത്ത് അനധികൃത കിണര്‍ നിര്‍മാണം നടക്കുന്നതായി പരാതി. വ്യാവസായികടിസ്ഥാനത്തില്‍ കുപ്പി വെള്ളം തയ്യാറാക്കി വില്‍ക്കപ്പെടുന്ന സംഘമാണ് ഇവിടെ കിണര്‍ കുഴിച്ച് വെള്ളം ശേഖരിക്കാന്‍ ശ്രമം നടത്തുന്നത്.
പ്രതിദിനം 10 ലക്ഷത്തിലേറെ ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ ആവശ്യമായ കിണറാണ് ഇവര്‍ നിര്‍മിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ ജല ലഭ്യത കുറയുമെന്ന ആശങ്കയുണ്ട്. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടും വില്ലേജ് ഓഫിസറോ കീഴുപറമ്പ് പഞ്ചായത്ത് സെക്രട്ടറിയോ ആവശ്യമായ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലന്ന് നാട്ടുകാര്‍ പരാതിപെട്ടു.  പുഴയോരങ്ങളില്‍ കിണര്‍ കുഴിക്കാന്‍ ജില്ലാ പുഴ സംരക്ഷണ സമിതിയുടെ അനുമതി വേണമെന്ന നിയമം നിലനില്‍ക്കേ വ്യവസ്ഥ ലംഘിച്ചാണ് കിണര്‍ നിര്‍മാണം നടത്തുന്നത്.
കീഴുപറമ്പ് മുറിഞ്ഞമാടില്‍ നേരത്തെ രണ്ട് കിണര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് പുറമെയാണ് എടശേരി കടവില്‍ പാലത്തിന് സമീപം മറ്റൊരു കുടിവെള്ള കിണര്‍ സ്വകാര്യ കമ്പനിക്ക് വേണ്ടി നിര്‍മാണം ആരംഭിച്ചത്.
ഈ പദ്ധതിക്കായി പുഴയോര പുറമ്പോക്ക് ഭൂമിയിലെ തേക്ക് മുറിച്ച് മാറ്റിയതിന് കേസ് നിലവിലുണ്ട്. കമ്പനിക്കെതിരെ കീഴുപറമ്പിലെ പരിസരവാസികള്‍ പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കി. വന്‍ തോതില്‍ ജലമൂറ്റാന്‍ കിണര്‍ നിര്‍മിക്കുന്നതിനെതിരെ പരിസരവാസികള്‍ പ്രതിഷേധത്തിലാണ്. നിര്‍മാണം നിര്‍ത്തിവെക്കാന്‍ നടപടി സ്വീകരിക്കാത്ത പക്ഷം ജനകീയ സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it