എടക്കാട്ടെ കസ്റ്റഡിമരണം: ഉന്നതതല അന്വേഷണം തുടങ്ങി

തലശ്ശേരി: എടക്കാട്ട് പോലിസിന്റെ മര്‍ദനമേറ്റ് ഓട്ടോഡ്രൈവറായ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഉന്നതതല സംഘം അന്വേഷണം തുടങ്ങി. തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാറിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മരിച്ച അരച്ചങ്കില്‍ ഉനൈസി(32)ന്റെ വീട് ഇന്നലെ സന്ദര്‍ശിച്ച ഐജി, കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്തു. തുടര്‍ന്നാണ് അന്വേഷണച്ചുമതല ഡിവൈഎസ്പി മോഹനചന്ദ്രന് കൈമാറിയത്. പരേതന്റെ മാതാവ് സക്കീനയെയും സഹോദരന്‍ നവാസിനെയും മറ്റു ബന്ധുക്കളെയും അന്വേഷണസംഘം തലശ്ശേരി ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു.
സംഭവദിവസം എടക്കാട് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരില്‍ നിന്നും ഉനൈസിനെ ചികില്‍സിച്ച ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കും.
അന്വേഷണവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയും സംഘവും മൂന്നുദിവസം തലശ്ശേരി ഗസ്റ്റ് ഹൗസില്‍ ക്യാംപ് ചെയ്യുന്നുണ്ട്. പോലിസ് മര്‍ദനത്തിലാണോ ഉനൈസ് മരിച്ചതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് ഉനൈസിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ജില്ലാ പോലിസ് മേധാവി നേരിട്ടന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റ ഉനൈസ് ചികില്‍സയ്ക്കുശേഷം ഇക്കഴിഞ്ഞ രണ്ടിനാണ് മരണപ്പെട്ടത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ അന്നുതന്നെ പരാതി നല്‍കിയിരുന്നുവെങ്കിലും പോലിസ് മൊഴിയെടുക്കാന്‍ തയ്യാറായില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ്, മര്‍ദനത്തെ തുടര്‍ന്നുണ്ടായ ആന്തരികക്ഷതമാണ് മരണകാരണമെന്ന് മനസ്സിലായത്.
Next Story

RELATED STORIES

Share it