malappuram local

എടക്കരയില്‍ മല്‍സ്യ, മാംസ മാര്‍ക്കറ്റുകള്‍ നിബന്ധനകള്‍ പാലിക്കുന്നില്ല : ലൈസന്‍സ് പുതുക്കിനല്‍കാന്‍ ഗ്രാമപ്പഞ്ചായത്ത് തീരുമാനം



എടക്കര: നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന മല്‍സ്യ, മാംസ മാര്‍ക്കറ്റിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഗ്രാമപ്പഞ്ചായത്ത് തീരുമാനം. എടക്കര ഗ്രാമപ്പഞ്ചായത്തില്‍ പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന മല്‍സ്യ മാംസ മാര്‍ക്കറ്റിനാണ് ലൈസന്‍സ് പുതുക്കി നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. എടക്കരയിലെ ജനറല്‍ ഹോസ്പിറ്റല്‍ ഉടമ ഡോ. കെ ഹംസ നല്‍കിയ പരാതിയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് ട്രൈബ്യൂണല്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. മാര്‍ക്കറ്റും സ്ഥാപനങ്ങളും തമ്മില്‍ 32 മീറ്റര്‍ അകലമുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറെ തെറ്റിദ്ധരിപ്പിച്ചാണ് തുടക്കത്തില്‍ മാര്‍ക്കറ്റിന് കെട്ടിട ഉടമ അനുമതി നേടിയെടുത്തത്.  പൊതുസ്ഥാപനങ്ങള്‍, വീട്, എന്നിവയില്‍ നിന്നും മുപ്പത് മീറ്റര്‍ അകലമെങ്കിലും പാലിച്ച് വേണം മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാന്‍. ട്രിബ്യൂണല്‍ നിശ്ചയിച്ച കമ്മീഷന്‍ നേരിട്ടെത്തി നടത്തിയ അനേ്വഷണത്തില്‍ പരാതിക്കാരന്റെ വീടും മാര്‍ക്കറ്റും തമ്മിലുള്ള അകലം 2.8 മീറ്റര്‍ മുതല്‍ 5.8 മീറ്റര്‍ മാത്രമാണ്. പരാതിക്കാരന്റെ ആശുപത്രി ബ്‌ളോക്കും മാര്‍ക്കറ്റും തമ്മിലുള്ള അകലം 14.3 മീറ്റര്‍ മുതല്‍ 21 മീറ്റര്‍ വരെയാണ്. തൊട്ടടുത്തുള്ള ജുമാ മസ്ജിദും മാര്‍ക്കറ്റും തമ്മില്‍ 13.4 മീറ്ററും, ഇതോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അറബി കോളേജുമായുള്ള അകലം 24.3 മീറ്ററുമാണ്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ മാര്‍ക്കറ്റിന്റെ ലൈസന്‍സ് പുതുക്കി നല്‍കാവൂ എന്ന് 2016-ഡിസംബര്‍ മുപ്പതിന് ട്രിബ്യൂണല്‍ ഉത്തരവിറക്കിയിരുന്നു. പരിശോധനകള്‍ പരാതിക്കാരന്റെ സാന്നിധ്യത്തില്‍ മാത്രമേ നടത്താവൂ എന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഓര്‍ഡര്‍ ലഭിച്ച് മുപ്പത് ദിവസത്തിനകം പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും, പഞ്ചായത്ത് കമ്മിറ്റി മുപ്പത് ദിവസത്തിനകം ന്യായമായ തീരുമാനം എടുക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പരാതിക്കാരനോ മറ്റ് കക്ഷികളോ അറിയാതെ പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്തി റിപ്പോര്‍ട്ട് പഞ്ചായത്ത് കമ്മിറ്റിക്ക് നല്‍കുകയാണുണ്ടായത്. ഏറ്റവും അടുത്ത ദൂരം അളക്കേണ്ടതിന് പകരം സെക്രട്ടറി മാര്‍ക്കറ്റിന്റെ അകലയുള്ള ദൂരമാണ് അളന്നത്. തുടര്‍ന്ന് മാര്‍ച്ച് ഇരുപതിന് വിഷയം ചര്‍ച്ചക്കായി വച്ചു. മാര്‍ക്കറ്റ് സംബന്ധമായ വിഷയം ചര്‍ച്ച ചെയ്യാതെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ പഞ്ചായത്ത് കമ്മിറ്റി ഏകപക്ഷീയമായി തിരുമാനമെടുക്കുകയാണുണ്ടായത്. പഞ്ചായത്ത് ഭരണസമിതിയുടെ മാര്‍ച്ച് മുപ്പത്തിയൊന്നിലെ തീരുമാനമായി ഇത് പുറത്ത് വരികയും ചെയ്തു. കമ്മിറ്റി പരാതിക്കാരനുമായി വിഷയം ചര്‍ച്ച ചെയ്‌തെന്നും വ്യവസ്ഥകളോടെ മാര്‍ക്കറ്റിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ തീരുമാനിച്ചുവെന്നുമാണ് സെക്ര—ട്ടറി പരാതിക്കാരന് നല്‍കിയ കത്തില്‍ പറയുന്നത്.  മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് ഡോ. ഹംസ പറയുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വീണ്ടും മാര്‍ക്കറ്റിന് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള തീരുമാനം വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it