kozhikode local

എങ്ങുമെത്താതെ കാമ്പുറം കോനാട് ബീച്ച് സൗന്ദര്യവല്‍ക്കരണം

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: തെക്കെ കടപ്പുറം 3.5 കോടി ചെലവില്‍ സൗന്ദര്യവല്‍ക്കരിച്ചു. കടലിന്റെ വശ്യ സൗന്ദര്യം ആസ്വദിക്കാന്‍ വിനോദ സഞ്ചാരികളുടെ പ്രവാഹവും തുടങ്ങി. എന്നാല്‍ വടക്കെ കടപ്പുറത്തും ഇതുപോലെ ബീച്ച് സൗന്ദര്യവല്‍ക്കരണം നടത്തിയിരുന്നു.
കാമ്പുറം കോനാട് ബീച്ചില്‍ സുനാമി റിഹാബിലിറ്റേഷന്‍ പ്രോഗ്രാമിലൂടെയായിരുന്നു ആ സൗന്ദര്യവല്‍ക്കരണം. ഭരണകൂടം അതു മറന്നുകാണും. കോനാട് ബീച്ച് ഡവലപ്‌മെന്റ് എന്നൊക്കെയായിരുന്നു കൊട്ടിഘോഷിച്ച് 120.69 ലക്ഷം ചെലവിട്ടത്. എഴുപതിലേറെ അലങ്കാരദീപങ്ങള്‍ സ്ഥാപിച്ചു. അതും നല്ല കാസ്റ്റ് അയേണില്‍ ഭംഗിയായി രൂപ കല്‍പന ചെയ്തത്. തൂണുകള്‍ സ്ഥാപിച്ചതാകട്ടെ മിനുസമേറിയ കറുത്ത മാര്‍ബിള്‍ പതിച്ചു. കാല്‍നടക്കാര്‍ക്ക് വ്യത്യസ്ത നിറങ്ങളിലുള്ള ഇന്റര്‍ലോക്ക് പതിച്ച ഇടനാഴി, ഇതിനിടയില്‍ സഞ്ചാരികള്‍ക്ക് ഇരിക്കാന്‍ മണ്ഡപങ്ങള്‍. വടക്കേകടപ്പുറത്തെ കോനാട് കടപ്പുറത്തിന് സൗന്ദര്യം പകര്‍ന്നു പദ്ധതി.
2008 ഡിസംബറില്‍ പ്രവൃത്തി തുടങ്ങി 2010 മെയ് മാസത്തിലായിരുന്നു പ്രവൃത്തി പൂര്‍ത്തീകരണം നടന്നത്. അന്നും സഞ്ചാരികള്‍ കോനാട് കടപ്പുറത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ഇവിടെ എത്തി. എന്നാല്‍ ഭരണാധികാരികളുടെ കെടുകാര്യസ്ഥതയില്‍ നശിച്ചു നാറാണക്കല്ലായി. സൗത്ത് ബീച്ചിനെ സൗന്ദര്യവല്‍ക്കരിച്ചതിന് നേതൃത്വം കൊടുത്ത ഹാര്‍ബര്‍ എന്‍ജിനീയറിങ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് തന്നെയാണ് കോനാട്ടും സൗന്ദര്യവല്‍ക്കരണം നടത്തിയത്.
ഏബിള്‍ ഗ്രൂപ്പ് കണ്‍സ്ട്രക്്ഷന്‍സായിരുന്നു നിര്‍മാതാക്കള്‍. ഇന്ന് ഇങ്ങിനെയൊരു പദ്ധതിയിലൂടെ സൗന്ദര്യവല്‍ക്കരണം നടത്തിയ ഇടം കണ്ടാലറിയാത്തവിധം തകര്‍ന്നു തരിപ്പണമായി കിടക്കുന്നു. ദീപാലങ്കാരത്തിനായി സ്ഥാപിച്ച അലങ്കാര തൂണ് എഴുപതിലേറെ വരും. വെട്ടവും വെളിച്ചവുമില്ലാത്ത നോക്കുകുത്തിയായി കിടക്കുന്നു. നിലത്തു പാകിയ ഓടുകള്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞു.
കുറ്റിക്കാടുകള്‍ നിറഞ്ഞ് മൂടിക്കിടക്കുന്ന ഭീകരാവസ്ഥ. ലോകത്തെ വിറപ്പിച്ച സുനാമി തിരമാലകളുടെ ഭീകരതയില്‍ നഷ്ടം സംഭവിച്ചവര്‍ക്കുള്ള ഭീമമായ തുകയാണ് ഈ കടപ്പുറത്ത് കടലില്‍ കല്ലിട്ട അവസ്ഥയില്‍ തൂവി കളഞ്ഞത്. പദ്ധതിയുടെ ഉദ്ഘാടനം വരെ ഭരണകൂടവും വേണ്ടപ്പെട്ടവരുമൊക്കെ ഉണ്ടാകും. പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ വേണ്ട പരിചരണത്തെക്കുറിച്ച് അധികൃതര്‍ക്ക് ഒരു ബോധവുമില്ല. പാവങ്ങള്‍ക്ക് പത്തു വീട് വച്ചു നല്‍കിയാല്‍ അവരെങ്കിലും ജീവിച്ചു പോയേനെ.
സൗന്ദര്യവല്‍ക്കരിച്ച ഈ കടപ്പുറത്തിന് നോക്കിയാല്‍ കാണുന്ന ദൂരത്ത് നൂറു കണക്കിന് കുടുംബങ്ങളാണ് തൊഴുത്തുപോലുള്ള കൂരകളില്‍ കഴിയുന്നത്. ഇതിനു മുമ്പ് സൗന്ദര്യം പകര്‍ന്നു കോര്‍പറേഷന്‍ ഓഫിസിന്റെയും ബീച്ച് ഹോട്ടലിന്റെയും ഒക്കെ മുന്നിലുള്ള ഇടങ്ങളും പാകിയ വില കൂടിയ മാര്‍ബിള്‍ കല്ലുകള്‍ ഇളകിക്കഴിഞ്ഞു. പല വിളക്കുകളും കണ്ണടക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് ബീച്ചിന്റെ അവസ്ഥയും ഇതുപോലെയാകാഞ്ഞാ ല്‍ നന്ന്.
Next Story

RELATED STORIES

Share it