എക്‌സൈസിലും ഡിജിറ്റല്‍ വയര്‍ലസ് സംവിധാനം നടപ്പാക്കും

തിരുവനന്തപുരം: പോലിസ് മാതൃകയില്‍ ഡിജിറ്റല്‍ വയര്‍ലസ് സംവിധാനം എക്‌സൈസിലും നടപ്പാക്കുന്നു. സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരിമരുന്ന് മാഫിയകളെ നിലയ്ക്കു നിര്‍ത്തുന്നതിനാണ് ആധുനിക വയര്‍ലസ് സംവിധാനം എക്‌സൈസ് ഉപയോഗിക്കുക. ആദ്യഘട്ടത്തില്‍ എറണാകുളം, പാലക്കാട് ജില്ലകളില്‍ നടപ്പാക്കും. രണ്ടു കോടി രൂപയാണ് പുതിയ സംവിധാനമൊരുക്കാന്‍ ചെലവു പ്രതീക്ഷിക്കുന്നത്.
ഉത്തരേന്ത്യന്‍ കമ്പനിയായ ശീതള്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 10 ടവറുകള്‍ സ്ഥാപിക്കും. സി-ഡാകിനെയാണ് വയര്‍ലസ് സെറ്റ് സ്ഥാപിക്കാന്‍ ആദ്യം ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, സാങ്കേതികവിദ്യ തൃപ്തികരമല്ലാത്തതിനാല്‍ പുതിയ ടെന്‍ഡര്‍ വിളിച്ച് ശീതള്‍ എന്ന കമ്പനിയെ തിരഞ്ഞെടുക്കുകയായിരുന്നു. പത്തു വര്‍ഷം മുമ്പ് തിരുവനന്തപുരം ജില്ലയില്‍ അനലോഗ് സമ്പ്രദായത്തിലുള്ള ചെറിയ വയര്‍ലസ് സംവിധാനം ഉണ്ടായിരുന്നെങ്കിലും പിന്നീട് അതിന്റെ പ്രവര്‍ത്തനം നിലച്ചു.
സംസ്ഥാനത്ത് ബാറുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ മയക്കുമരുന്നു മാഫിയകളുടെ പ്രവര്‍ത്തനം വന്‍തോതില്‍ വര്‍ധിച്ചതായാണ് എക്‌സൈസ് കരുതുന്നത്. ബാറുകള്‍ തുറന്നെങ്കിലും മയക്കുമരുന്നു ലോബി സജീവമായി നിലകൊള്ളുകയാണ്.
കേരളത്തില്‍ മയക്കുമരുന്ന് വന്‍തോതില്‍ എത്തുന്നത് എറണാകുളത്താണ്. പാലക്കാട് ജില്ലയുടെ അതിര്‍ത്തിമേഖലകളിലൂടെ ചില സംഘങ്ങള്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നതായും അറിവുണ്ട്. അതിനാലാണ് ആദ്യം ഈ ജില്ലകളില്‍ വയര്‍ലസ് സ്ഥാപിക്കാനൊരുങ്ങുന്നത്.
Next Story

RELATED STORIES

Share it