എഐസിസി പുനസ്സംഘടന സംസ്ഥാനങ്ങള്‍ നേതൃത്വങ്ങള്‍ക്ക് വെല്ലുവിളിയാവുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പുനസ്സംഘടിപ്പിക്കുന്നതടക്കം കാതലായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന പ്ലീനറി സമ്മേളനം പ്രഖ്യാപിച്ചിട്ടും എഐസിസി പ്രതിനിധികളെ നിശ്ചയിക്കാനാവാതെ സംസ്ഥാന കമ്മിറ്റികള്‍. അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ വ്യക്തതയില്ലാത്തതാണു സംസ്ഥാന നേതൃത്വങ്ങള്‍ക്കു തിരിച്ചടിയാവുന്നതെന്നു ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്യുന്നു. 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയായ വര്‍ക്കിങ് കമ്മിറ്റി പുനസ്സംഘടിക്കുന്നത്.
രാജ്യത്താകമാനമുള്ള 1,200 എഐസിസി അംഗങ്ങള്‍ക്കാണു വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശമുള്ളത്. 2010ല്‍ നടന്ന ഹൈദരാബാദ് സമ്മേളനത്തിലായിരുന്നു അവസാനമായി എഐസിസി അംഗങ്ങളുടെ പട്ടിക തയ്യാറാക്കിയത്. നിലവില്‍ പട്ടികയില്‍ ചെറിയ മാറ്റം മാത്രമാണ് വരുത്തിയിട്ടുള്ളത്. ബ്ലോക്ക് തലം മുതലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് 16-18 വരെ ഡല്‍ഹിയില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുക. അതിനാല്‍ ആദ്യം ബ്ലോക്ക് കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കേണ്ടതുണ്ട്.
ഇതിനു പിറകെ സംസ്ഥാനതലത്തിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളും നിലവില്‍ വരണം. ഇത്തരം പിപിസികള്‍ക്കാണ് എഐസിസി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ചുമതല. ഒരോ സംസ്ഥാനത്തെയും പ്രദേശ് കമ്മിറ്റികളുടെ വലിപ്പത്തിനനുസരിച്ചായിരിക്കും അംഗങ്ങളുടെ എണ്ണം. എന്നാല്‍ അംഗങ്ങളെ തീരുമാനിക്കുന്നതു സംബന്ധിച്ച് ഇതുവരെ നടപടികള്‍ സംസ്ഥാനത്ത് എങ്ങുമെത്തിയിട്ടില്ലെന്നാണു ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്. സംസ്ഥാനത്തെ 580 ബ്ലോക്ക് കമ്മിറ്റികളില്‍ നിന്ന് ഒരോ പിപിസി അംഗങ്ങളെയും ഇതില്‍ നിന്ന് 70 എഐസിസി പ്രതിനിധികളെയുമാണ് തിരഞ്ഞെടുക്കേണ്ടത്. പശ്ചിമബംഗാളിനു പുറമേ ബിഹാര്‍, തെലങ്കാന തുടങ്ങി ആറോളം സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയുണ്ടെന്നും ചില നേതാക്കളെ ഉദ്ധരിച്ച് റിപോര്‍ട്ട് പറയുന്നു. എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാവാതിരിക്കാനാണ് ബിഹാറില്‍ സംഘടനാ നടപടികള്‍ നടത്താതിരിക്കുന്നതെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവിന്റെ പ്രതികരണം. അതേസമയം, സംഘടനാ തിരഞ്ഞെടുപ്പ് നടപടികള്‍ പ്ലീനറി സമ്മേളനത്തിനു മുമ്പ് പൂര്‍ത്തിയാവുമെന്ന് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അധികാ—രികളിലൊരാളായ ഭുവനേശ്വര്‍ കലിത അറിയിച്ചു.
Next Story

RELATED STORIES

Share it