Flash News

എഎപി പഞ്ചാബ് ഘടകത്തില്‍ പൊട്ടിത്തെറി



ചണ്ഡീഗഡ്: ആംആദ്മി പാര്‍ട്ടി (എഎപി) പഞ്ചാബ് ഘടകത്തില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് ഉപ്കാര്‍ സിങ് സന്ധുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എഎപി സംസ്ഥാനഘടകം മുന്‍ കണ്‍വീനര്‍ ഗുര്‍പ്രീത് വറെയ്ച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടുമുണ്ട്. സംഗ്ന്ദൂര്‍ എംപി ഭഗവന്ത് മാനിനെ എഎപി പഞ്ചാബ് ഘടകം കണ്‍വീനറായി പാര്‍ട്ടി ഹൈക്കമാന്‍ഡ് നിയമിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ സന്ധു എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണു സന്ധുവിനെ പുറത്താക്കിയതെന്ന് മാന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ നട്ടെല്ലാണെന്നും എന്നാല്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശിരോമണി അകാലിദളില്‍ നിന്ന് രാജിവച്ചാണ് സന്ധു എഎപിയില്‍ ചേര്‍ന്നത്. മാനിനെ കണ്‍വീനറായി നിയമിച്ച ഹൈക്കമാന്‍ഡ് നടപടിയെ അദ്ദേഹം അപലപിച്ചിരുന്നു.പുതിയ കണ്‍വീനറെ നിയമിച്ചത് ശരിയായ രീതിയിലല്ലെന്ന് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവച്ച ഗുര്‍പ്രീത് സിങ് പറഞ്ഞു. തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് മാനിനെ എഎപി പഞ്ചാബ് ഘടകം കണ്‍വീനറായി നിയമിച്ചത്. സഹകണ്‍വീനറായി അമന്‍ അറോറയെയും നിയമിച്ചു. ഇതേത്തുടര്‍ന്ന് തന്നെ പദവികളില്‍ നിന്നൊഴിവാക്കാന്‍ പഞ്ചാബ് നിയമസഭയിലെ ചീഫ്‌വിപ്പും എഎപി വക്താവുമായ ഖെയ്‌റ, കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it