എം സുകുമാരന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്നലെ വൈകീട്ട് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്ന അദ്ദേഹത്തിന്റെ കൃതിക്ക് 1976ലും ജനിതകം എന്ന കൃതിക്ക് 1997ലും സമഗ്ര സംഭാവനയ്ക്ക് 2004ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. ചുവന്ന ചിഹ്നങ്ങള്‍ എന്ന ചെറുകഥാ സമാഹാരത്തിന് 2006ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.
1943ല്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു പഞ്ചസാര ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തില്‍ പ്രൈമറി വിഭാഗം ടീച്ചറായും ജോലി ചെയ്തു. 1963ല്‍ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ ക്ലാര്‍ക്കായി. 1974ല്‍ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു.
എം സുകുമാരന്റെ കഥകള്‍, പാറ, അഴിമുഖം, ശേഷക്രിയ, ജനിതകം, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, പിതൃതര്‍പ്പണം എന്നിവയാണ് പ്രധാന കൃതികള്‍.  മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 1981ല്‍ ശേഷക്രിയക്കും 95ല്‍ കഴകത്തിനും ലഭിച്ചു. പിതൃതര്‍പ്പണം 1992ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം നേടി. കഥാകാരി രജനി മന്നാടിയാര്‍ മകളാണ്.
എം സുകുമാരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it