എം റഷീദിന്റെ ഭാര്യയുടെ സ്വത്തു കൈമാറ്റം അനധികൃതമെന്നു സംശയം

കോഴിക്കോട്: എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ എം റഷീദിന്റെ ഭാര്യ ബീപാത്തു ടീച്ചറുടെ സ്വത്തു കൈമാറ്റം വിവാദമാവുന്നു. അബ്ദുല്‍ ഗഫൂര്‍, ബേബി റഷീദ്, ജാസ്മിന്‍, മുംതാസ് എന്നീ നാലു മക്കളാണ് ഈ ദമ്പതിമാര്‍ക്കുള്ളത്. തനിക്കു കൂടി അവകാശപ്പെട്ട ഉമ്മയുടെ സ്വത്ത് തെറ്റായ രീതിയില്‍ രജിസ്‌ട്രേഷന്‍ നടത്തി മൂത്ത മകന്‍ അബ്ദുല്‍ ഗഫൂര്‍ അന്യായമായി സ്വന്തമാക്കിയെന്നാരോപിച്ച് സഹോദരി ജാസ്മിന്‍ പരാതി നല്‍കിയതോടെയാണ് സ്വത്തു കൈമാറ്റം സംബന്ധിച്ച വിവരം പുറത്തുവന്നത്. 2013ല്‍ നടന്ന രജിസ്‌ട്രേഷന്‍ രേഖകള്‍ക്കായി അവര്‍ നല്‍കിയ പരാതിയില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ അനുകൂല വിധി നല്‍കി. പൊന്നാനി സബ് രജിസ്ട്രാര്‍ക്ക് വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷ നല്‍കിയെങ്കിലും തര്‍ക്കമുള്ള കൈമാറ്റരേഖ നല്‍കിയില്ല. തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്.
മകള്‍ ജാസ്മിനും ഭര്‍ത്താവ് കുഞ്ഞുവും സേലത്താണു താമസം. പൊന്നാനിയിലെ വീട്ടില്‍ 2013 ജൂണ്‍ 20ന് റഷീദ് കുളിമുറിയില്‍ വീണിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെയും ഭാര്യയെയും 23നു സേലത്തേക്ക് കൊണ്ടുപോവാമെന്ന്് ജാസ്മിന്‍ അറിയിച്ചിരുന്നു. എന്നാല്‍, അതിനു മുമ്പ് മൂത്തമകന്‍ അബ്ദുല്‍ ഗഫൂര്‍ ഇരുവരെയും റഷീദിന്റെ പിതാവ് മൊയ്തുമൗലവിയുടെ കുടുംബവീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇനിയുള്ള കാലം അവിടെ ജീവിക്കാമെന്നായിരുന്നു ധരിപ്പിച്ചത്. അവിടെ താമസിക്കുന്നതിനിടെ ജൂ ണ്‍ 26ന് റഷീദിന്റെ ഭാര്യ ബീപാത്തു ടീച്ചറുടെ സ്വത്തുക്കള്‍ മകന്‍ അബ്ദുല്‍ ഗഫൂര്‍ എഴുതിവാങ്ങി. പൊന്നാനി സബ് രജിസ്ട്രാറെ വീട്ടില്‍ കൊണ്ടുവന്നായിരുന്നു പ്രമാണം തയ്യാറാക്കിയത്. ആ സമയം തന്റെ ഭാര്യാമാതാവിന് ഓര്‍മക്ഷയം ബാധിച്ചിരുന്നുവെന്നും ഒട്ടും ഓര്‍മയുണ്ടായിരുന്നില്ലെന്നും കുഞ്ഞു പറഞ്ഞു.
അധികനാള്‍ കഴിയും മുമ്പ് ജൂലൈ 24ന് റഷീദിനെയും ഭാര്യയെയും വീട്ടില്‍ നിന്നു പുറന്തള്ളി. ഇരുവരെയും വീട്ടുവരാന്തയില്‍ നിന്നാണു തന്റെ ബന്ധു കൂട്ടിക്കൊണ്ടുപോയതെന്നും 26നു തന്നെ താന്‍ അവരെ സേലത്തേക്ക് ഒപ്പം കൂട്ടിയെന്നും കുഞ്ഞു പറഞ്ഞു. പിന്നീട് മരണം വരെ അവിടെയാണു ജീവിച്ചത്.
2013ല്‍ പിതാവ് റഷീദും മാതാവ് ബീപാത്തുവും നടത്തിയ വസ്തു ആധാര രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, സ്വത്ത് കൈമാറ്റ രേഖകള്‍, രജിസ്‌ട്രേഷന്‍ നടന്ന സ്ഥലം തുടങ്ങിയ വിവരങ്ങള്‍ തേടി 2017 ജനുവരി 27നു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. ഇതിന് ഫെബ്രുവരി 2നു നല്‍കിയ മറുപടിയില്‍ വില്‍പന ആധാരങ്ങളും രജിസ്‌ട്രേഷനും കണ്ടെത്തുന്നതിന് രേഖകളുടെ പൊതുതിരച്ചില്‍ നടത്തണമെന്നറിയിച്ചു.
ജില്ലാ രജിസ്ട്രാര്‍ക്ക് അപ്പീ ല്‍ നല്‍കി. ആദ്യം ലഭിച്ച മറുപടി നിയമപരമാണെന്നാണ് മാ ര്‍ച്ച് 7ന് അപ്പീലിനു മറുപടി ലഭിച്ചത്. തുടര്‍ന്ന് രേഖകളുടെ പകര്‍പ്പ് ലഭിക്കുന്നതിനുള്ള ചെലവിലേക്ക് ഹരജിക്കാരി 100 രൂപ അടച്ചു. ഏപ്രില്‍ 22നു ലഭിച്ച മറുപടിയില്‍ 2013 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ റഷീദിന്റെയും ഭാര്യ ബീപാത്തുവിന്റെയും പേരിലുള്ള പ്രമാണങ്ങളുടെ പട്ടിക നല്‍കി. എന്നാല്‍, ആവശ്യമായ വിവരങ്ങള്‍ പൊന്നാനി സബ് രജിസ്ട്രാര്‍ നല്‍കിയില്ലെന്നും രേഖകളുടെ പട്ടികയ്ക്കുള്ള പൊതുവായ തിരച്ചില്‍ വിവരാവകാശ നിയമത്തിനു കീഴില്‍ വരില്ലെന്നാണു മറുപടി ലഭിച്ചതെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കി. ജില്ലാ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയപ്പോള്‍ മറ്റൊരു ഫോര്‍മാറ്റില്‍ വീണ്ടും അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചു. 100 രൂപ ചെലവിനത്തില്‍ ഈടാക്കി. രണ്ടാമതു നല്‍കിയ അപേക്ഷയനുസരിച്ച് പിതാവിന്റെയും മാതാവിന്റെയും പേരിലുള്ള എല്ലാ ഇടപാടുകളുടെയും വിവരം നല്‍കിയെങ്കിലും ജൂണ്‍ 22നു മാതാവിന്റെ പേരില്‍ നടത്തിയ ഇടപാടിന്റെ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നു പരാതിയില്‍ വ്യക്തമാക്കി. ആ പരാതിയിലാണ് രജിസ്റ്റര്‍ നടന്ന ദിവസങ്ങളില്‍ ബീപാത്തുവിന് തീവ്ര ഓര്‍മക്ഷയം ബാധിച്ചതായും സ്വത്തു കൈമാറ്റത്തിന് അശക്തയായിരുന്നുവെന്നും ബോധിപ്പിച്ചത്. വിവരം മനപ്പൂര്‍വം മറച്ചുവച്ചതിനാല്‍ ഈ ഇടപാടില്‍ സബ് രജിസ്ട്രാറുടെ പങ്ക് സംശയിക്കുന്നുവെന്നും ഹരജിയില്‍ ബോധിപ്പിച്ചിരുന്നു. ജനുവരി 22നു പരാതി വിചാരണയ്‌ക്കെടുത്ത കമ്മീഷന്‍ പരാതിക്കാരിക്ക് അനുകൂല വിധി നല്‍കി.
വിവരാവകാശ നിയമത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ വിവരം നല്‍കാനാവില്ലെന്ന ഫെബ്രുവരി 2ലെ മറുപടിയും അപ്പീലില്‍ അതു ശരിവച്ചതും നീതീകരിക്കാനാവില്ലെന്ന്് ആര്‍ടിഐ ആക്റ്റിലെ 2(എഫ്) ഉദ്ധരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി. 2013ലെ വിവരങ്ങള്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമായിരുന്നു. കംപ്യൂട്ടര്‍ സര്‍ച്ച് നടത്തി ഹരജിക്കാരിക്ക് വിവരം നല്‍കാന്‍ എളുപ്പമായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ കമ്മീഷന്‍, ചെലവിന് ഈടാക്കിയ തുക 100 രൂപ 15 ദിവസത്തിനകം തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടു. ബീപാത്തുവിന്റെ ജൂണ്‍ 22ലെ സ്വത്തു കൈമാറ്റ വിവരങ്ങള്‍ മനപ്പൂര്‍വം തടഞ്ഞുവച്ചതാണെന്ന ആരോപണം ഗൗരവതരമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
വിശദ അന്വേഷണം നടത്തി ഒരുമാസത്തിനകം റിപോ ര്‍ട്ട് നല്‍കാന്‍ ജില്ലാ രജിസ്ട്രാറോട് മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശിച്ചിരിക്കയാണ്. ആവശ്യമെങ്കില്‍ സബ് രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഉത്തരവിലുണ്ട്.
Next Story

RELATED STORIES

Share it