Editorial

എം ജെ അക്ബര്‍ രാജിവയ്ക്കുക തന്നെ വേണം

മീ ടൂ കാംപയിന്‍ വഴി ലൈംഗികപീഡനം ആരോപിക്കപ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവയ്ക്കാനില്ല എന്നു മാത്രമല്ല, ഏറ്റവും നല്ല പ്രതിരോധം ആക്രമണമാണെന്ന തികഞ്ഞ ബോധ്യത്തോടെ അദ്ദേഹം നിയമനടപടികള്‍ ആരംഭിച്ചിരിക്കുകയുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ഉറച്ച പിന്തുണ അദ്ദേഹത്തിനുണ്ട്. അതായത്, ലോകം എത്രതന്നെ മുറവിളി കൂട്ടിയാലും ശരി, പാലമെത്ര കുലുങ്ങിയാലും ശരി കേളന്‍ കുലുങ്ങുകയില്ല. ഇത്തരം കേളന്‍മാരെ രോമത്തിനു പോലും പരിക്കേല്‍ക്കാതെ സംരക്ഷിക്കുകയാണോ ആര്‍ഷപ്രോക്ത ധാര്‍മികമൂല്യങ്ങളുടെ വക്താക്കള്‍ക്ക് ഭൂഷണം എന്ന ചോദ്യം മാത്രമേ ഇപ്പോള്‍ ബാക്കിയുള്ളൂ.
എം ജെ അക്ബര്‍ മന്ത്രിസ്ഥാനത്തു തുടരുന്നത് ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ക്കു ചേര്‍ന്നതല്ല എന്ന് എന്തുകൊണ്ടാണ് കേന്ദ്രത്തിലെ ഭരണകക്ഷിയായ എന്‍ഡിഎക്കും അതിന്റെ അമരക്കാരനായ നരേന്ദ്രമോദിക്കും മനസ്സിലാവാത്തത്? തൊഴില്‍സ്ഥലങ്ങളില്‍ സ്ത്രീക്ക് സുരക്ഷിതത്വം എന്ന ആശയം സദാ ഉദ്‌ഘോഷിച്ചുകൊണ്ടിരിക്കുന്ന ഭരണാധികാരിയാണ് നരേന്ദ്രമോദി. പെണ്‍കുട്ടിയെ പറക്കാന്‍ അനുവദിക്കൂ എന്നതാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. സ്ത്രീക്ക് ബഹുമാന്യത നല്‍കുന്ന ഭാരതീയ പാരമ്പര്യത്തെപ്പറ്റി പറയാന്‍ അദ്ദേഹത്തിന് നൂറു നാക്കാണ്. പക്ഷേ, കാര്യത്തോടടുക്കുമ്പോള്‍ എല്ലാം പറച്ചില്‍ മാത്രം. അരേ ദുരാചാരനൃശംസ കംസ, പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ എന്നു പറയാന്‍ അദ്ദേഹത്തിന് എന്തിത്ര മടി?
രാജിവയ്ക്കുകയില്ല എന്നു പറയുന്നതിന് അക്ബറിന്റെ പക്കലുള്ളത് രണ്ടു ന്യായങ്ങളാണ്. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇങ്ങനെയൊരു ആരോപണമുന്നയിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഒരു വാദം. നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണത്രേ ഇത്. എം ജെ അക്ബറിനെപ്പോലെയുള്ള കേന്ദ്രരാഷ്ട്രീയത്തിലെ ഒരു അപ്രധാന വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുക വഴി ഗൂഢാലോചനക്കാര്‍ ഏതു മലയാണ് മറിക്കാന്‍ പോവുന്നത്? ദേശീയ രാഷ്ട്രീയത്തില്‍ തീര്‍ത്തും അപ്രസക്ത ഘടകമാണ് അക്ബര്‍. താനാണ് ഉത്തരം താങ്ങുന്നതെന്ന് പല്ലിക്കു തോന്നാം എന്നേ അക്ബറിന്റെ ന്യായത്തെപ്പറ്റി പറയാനുള്ളൂ. അത് ഗൗരവത്തോടെയുള്ള ഒരു വിശകലനവേളയിലും വിലപ്പോവുകയില്ല.
തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അവ്യക്തമാണെന്നാണ് രണ്ടാമത്തെ വാദം. 12 മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരേ ആരോപണമുന്നയിച്ചത്. എല്ലാവരും അതില്‍ ഉറച്ചുനില്‍ക്കുന്നു. കൂടുതല്‍ പേര്‍ രംഗത്തുവരുകയും ചെയ്യുന്നു. അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ തികച്ചും വ്യക്തവും വ്യവസ്ഥാപിതവുമായ ചിത്രമാണ് ലഭിക്കുന്നതും. അക്ബറിന്റെ ഈ വാദവും അതീവ ദുര്‍ബലമാണ്.
എം ജെ അക്ബറിനെ ആര്‍ക്കാണ് പേടി; അഥവാ, സ്ത്രീയുടെ അന്തസ്സിന് ഇന്ത്യാമഹാരാജ്യത്ത് അത്രയേ വിലയുള്ളൂ എന്നോ?

Next Story

RELATED STORIES

Share it