എം ജെ അക്ബര്‍ രാജിവച്ചു

ന്യൂഡല്‍ഹി: മീ ടൂ കാംപയിനില്‍ ആരോപണവിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചു. നേരത്തേ മാധ്യമപ്രവര്‍ത്തകനായിരുന്ന അക്ബറിനൊപ്പം വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്ത 12ലധികം മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരേ ലൈംഗികാതിക്രമം സംബന്ധിച്ച ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് രാജി.
താന്‍ കേസ് ഫയല്‍ ചെയ്ത സാഹചര്യത്തില്‍ ആരോപണങ്ങളെ വ്യക്തിപരമായി നേരിടാനാണ് തീരുമാനമെന്നും അതിനാലാണ് രാജിയെന്നും അക്ബര്‍ തുടര്‍ന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ആദ്യമായി ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരേ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് ഇന്നു പട്യാലാ ഹൗസ് കോടതി പരിഗണിക്കാനിരിക്കെയാണ് രാജി.
അക്ബര്‍ കേസ് ഫയല്‍ ചെയ്തതിനു പിന്നാലെ പ്രിയാ രമണിക്കൊപ്പം മാധ്യമലോകം നിലകൊള്ളുകയും കേസ് നടത്തിപ്പിനായി മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൗഡ് ഫണ്ടിങ് നടത്തുകയും ചെയ്തിരുന്നു. അതു കൂടാതെ അക്ബറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it